വാട്സാപ്പിൽ പിന്നെയും ചതി! ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ചാരവൃത്തി

തങ്ങളുടെ ഉപഭോക്താക്കളിൽ ഇറ്റാലിയൻ നിരീക്ഷണ ഏജൻസി ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തലുമായി വാട്സാപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വാട്സാപ്പിന്റെ വ്യാജ പതിപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് ഇറ്റാലിയൻ കമ്പനിയായ അസിജിന്റ് (ASIGINT) രഹസ്യ നിരീക്ഷണത്തിന് വിധേയരാക്കിയത്. വടക്കൻ ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഐഒ എന്ന സൈബർ ഇന്റലിജൻസ് സാങ്കേതികവിദ്യാ കമ്പനിയുടെ ഉപകമ്പനിയാണ് അസിജിൻറ്.
ഓരോരുത്തരേയും പ്രത്യേകം ലക്ഷ്യമിട്ടുള്ള രഹസ്യനിരീക്ഷണ ദൗത്യമാണ് ഇവർ നടത്തിയതെന്നും ഇരുന്നൂറോളം പേരെ ഇതുവഴി ലക്ഷ്യമിട്ടുവെന്നും വാട്സാപ്പ് പറയുന്നു. ആളുകളെ കൊണ്ട് വാട്സാപ്പ് എന്ന വ്യാജേന അപകടകരമായ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇറ്റലിയിൽ ഉള്ളവരെ മാത്രമാണ് ഈ രഹസ്യനിരീക്ഷണ ദൗത്യം ലക്ഷ്യമിട്ടതെന്നാണ് വാട്സാപ്പ് പറയുന്നത്. എന്നാൽ ഇവർ ആരെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയില്ല.
സർക്കാർ സ്ഥാപനങ്ങളും നിയമ നിർവഹണ ഏജൻസികളും പോലീസും രഹസ്യാന്വേഷണ ഏജൻസികളുമാണ് എസ്ഐഒയുടെ ഉപഭോക്താക്കൾ.
ഇത് രണ്ടാം തവണയാണ് ഇറ്റലിയിലെ സ്പൈവെയർ ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ മെറ്റ വെളിപ്പെടുത്തുന്നത്. അമേരിക്കൻ ഉടമസ്ഥതയിലുള്ള പാരഗൺ (Paragon) എന്ന സ്ഥാപനത്തിൻ്റെ സ്പൈവെയർ ഉപയോഗിച്ച് 2025-ന്റെ തുടക്കത്തിൽ നടത്തിയ നിരീക്ഷണ പ്രവർത്തനങ്ങൾ പുറത്തുവന്നതിന്റെ ആഘാതത്തിൽ നിന്ന് ഇറ്റലി ഇപ്പോഴും മുക്തമായിട്ടില്ല.
Content Highlights: Meta has revealed that the Italian agency Asigint targeted hundreds of users by tricking them into installing malicious fake versions of WhatsApp for secret surveillance.