മെസേജ് തയ്യാറാക്കിവെക്കാം, കൃത്യസമയത്തേക്ക് ഷെഡ്യൂൾ ചെയ്യാം; WhatsApp-ൽ പുതിയ ഫീച്ചർ വരുന്നു

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Reuters, AI
പ്രതീകാത്മകചിത്രം | Reuters, AI

പ്രിയപ്പെട്ടവർക്ക് ജന്മദിനാശംസയോ പുതുവത്സരാശംസയോ നേരാൻ അർധരാത്രിവരെ ഉണർന്നിരിക്കേണ്ടി വന്നിട്ടുണ്ടോ? പ്രധാനപ്പെട്ട ഒരുകാര്യം ആരെയെങ്കിലും ഓർമിപ്പിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് മറന്നുപോയിട്ടുണ്ടോ? അത്തരം പ്രശ്‌നങ്ങൾ മറികടക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

ഉപയോക്താക്കൾ മുൻകൂട്ടി എഴുതി തയ്യാറാക്കിവെക്കുന്ന സന്ദേശങ്ങൾ നിശ്ചിത തീയതിയിലും സമയത്തും വാട്‌സ്ആപ്പ് സ്വയം അയയ്ക്കുന്ന സംവിധാനമാണിത്. ജന്മദിനാശംസയോ, പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തലുകളോ അടക്കമുളളവ കൃത്യമായ സമയത്ത് സ്വീകർത്താവിന് ലഭിക്കുന്നു എന്ന് ഈ ഫീച്ചർ ഉറപ്പാക്കും. അയയ്ക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സൗകര്യവും ഉണ്ടായിരിക്കും.

Apple-ന്റെ TestFlight ആപ്പിൽ ലഭ്യമായ ഏറ്റവും പുതിയ WhatsApp beta for iOS 26.7.10.72 അപ്‌ഡേറ്റിലാണ് ഈ ഷെഡ്യൂളിങ് ടൂൾ കണ്ടെത്തിയത് എന്നാണ് വിവരം. ഇത് ഐഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പബ്ലിക് ബീറ്റയിൽ കാണാൻ കഴിഞ്ഞേക്കും. ടെസ്റ്റിങ് പൂർത്തിയാകുമ്പോൾ ഇത് എല്ലാവർക്കും ലഭ്യമാക്കുമെന്നും കരുതപ്പെടുന്നു.

മെസജുകൾ ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ?

ഉപയോക്താവ് ഒരു സന്ദേശം ഷെഡ്യൂൾ ചെയ്താൽ നിശ്ചിത തീയതിയും സമയവും ആകുന്നതുവരെ അത് ക്യൂവിൽ നിലനിൽക്കും. ഉപയോക്താക്കൾക്ക് സ്‌ക്രീനിൽ ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ കാണാൻ കഴിയും. എത്ര സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉപയോക്താക്കൾക്ക് അറിയാൻ കഴിയും. അവ എപ്പോൾ വേണമെങ്കിലും മാനേജ് ചെയ്യാനുള്ള ഓപ്ഷനുകളും ലഭ്യമായിരിക്കും. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയയ്ക്കുന്നതിന് മുമ്പ് ഏത് സമയത്തുംഎഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. ഡിലീറ്റ് ചെയ്യുകയാണെങ്കിൽ സ്വീകർത്താവിന് അതേക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ല.

നിലവിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് Apple-ന്റെ Shortcuts ആപ്പ് പോലുള്ളവ ലഭ്യമാണ്. ആൻഡ്രോയിഡിലും തേർഡ്-പാർട്ടി ഓട്ടോമേഷൻ ആപ്പുകൾ സമാനമായ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അവ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകാം. വാട്‌സ്ആപ്പിൽ ഒരു ഇൻബിൽറ്റ് ഷെഡ്യൂളിങ് ഓപ്ഷൻ വരുന്നതോടെ ഈ പ്രശ്‌നങ്ങൾ ഇല്ലാതാകും. വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ ഈ ഫീച്ചർ എന്ന് അവതരിപ്പിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Content Highlights: WhatsApp is testing a new Scheduled Messages feature. Write and send messages automatically at a future date & time. Edit or delete before sending.