ആപ്പ് ഐക്കൺപോലും മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് വരുന്നു, ഫീച്ചറുകൾ ഇവയാണ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP, AI
പ്രതീകാത്മകചിത്രം | AFP, AI

വാട്‌സ്ആപ്പ് പ്ലസ് എന്ന പേരിൽ ജനപ്രിയ മെസേജിങ് ആപ്പിന്റെ പ്രീമിയം പ്ലാൻ വരുന്നു. പ്രൊഫൈലുകൾ പുതിയ രൂപത്തിൽ കസ്റ്റമൈസ് ചെയ്യാനും, തീം, നിറങ്ങൾ എന്നിവയും ആപ്ലിക്കേഷൻ ഐക്കൺ പോലും മാറ്റാൻ ഉപയോക്താക്കൾക്ക് സൗകര്യം നൽകുന്നതാണ് പ്രീമിയം പ്ലാൻ എന്നാണ് പുറത്തുവരുന്ന വിവരം.

വാട്‌സ്ആപ്പ് പ്ലസിൽ ചാറ്റുകൾ പിൻ ചെയ്ത് വെയ്ക്കുന്നത് മൂന്നിൽ നിന്ന് 20 ആയി വർധിപ്പിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചേക്കും. സുപ്രധാന ചാറ്റുകൾ അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ സൗകര്യം. പ്രീമിയം പ്ലാനിന്റെ ഫീച്ചറുകൾ വാട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ടിപ്പ്സ്റ്റർ WaBetaInfo ആണ് വാട്‌സ്ആപ്പ് പ്ലസിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമായിരിക്കുമെന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

വാട്‌സ്ആപ്പ് കോളുകൾക്ക് വ്യത്യസ്ത റിങ്ടോണുകൾ സെറ്റുചെയ്യുന്നതിനുള്ള സൗകര്യവും പ്രീമിയം പ്ലാനിൽ ഉണ്ടാകുമെന്നാണ് സൂചന. ആരാണ് കോൾ ചെയ്യുന്നതെന്ന് സ്‌ക്രീൻ നോക്കാതെ തന്നെ മനസിലാക്കാനും എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ. പ്രത്യേക സ്റ്റിക്കർ പായ്ക്കുകളും വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. എന്നിരുന്നാലും, കോളിങ്, ടെക്സ്റ്റിങ്, വോയിസ് നോട്ടുകൾ അയയ്ക്കൽ തുടങ്ങിയ പ്രധാന ഫീച്ചറുകൾ മാറ്റമില്ലാതെ തുടരും.

സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും. ഉപയോക്താക്കൾക്ക് WhatsApp Plus-ലേക്ക് മാറാതെ തന്നെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നത് തുടരാം. വാട്‌സ്ആപ്പ് നിലവിൽ ഈ പ്ലാനിന്റെയും അതിന്റെ ഫീച്ചറുകളുടെയും വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വരുന്ന മാസങ്ങളിൽ iOS, Android ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്ന് കരുതുന്നു.

വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയെല്ലാം തുടക്കത്തിൽ സൗജന്യ പ്ലാറ്റ്ഫോമുകളായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇവ വാങ്ങുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മെറ്റ ഇപ്പോൾ ഇവയിൽനിന്ന് വരുമാനം ഉണ്ടാക്കുന്നതിനുള്ള സമയമായെന്ന് വിലയിരുത്തുന്നതാകാം തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.

പ്രീമിയം പ്ലാനിലേക്ക് മാറാൻ ഉപയോക്താക്കൾ എത്ര തുക ചെലവാക്കേണ്ടിവരും, ഔദ്യോഗിക ലോഞ്ച് എന്നായിരിക്കും എന്നതടക്കമുള്ള വിവരങ്ങൾ വാട്‌സ്ആപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല. ഉപയോക്താക്കൾ മുൻകൂട്ടി തയ്യാറാക്കിവെക്കുന്ന മെസേജുകൾ നിശ്ചിത തീയതിയിലും സമയത്തും സ്വയം സ്വീകർത്താവിന് കൈമാറുന്ന ഷെഡ്യൂൾഡ് മെസ്സേജസ് ഫീച്ചറും വാട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: WhatsApp is developing an optional premium subscription called WhatsApp Plus., Premium features include custom themes, accent colors, and app icons., Pinned chat limit will increase from 3 to 20 for premium subscribers., The core messaging and calling services will remain free for all users., Scheduled messaging feature is also in development for future rollouts.