സുരക്ഷയ്ക്കായി പുതിയ 'സേഫ്റ്റി ഓവര്‍ വ്യൂ' ഫീച്ചറുമായി വാട്‌സാപ്പ്- കൂടുതലറിയാം

Photo: Whatsapp
Photo: Whatsapp

ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ 'സേഫ്റ്റി ഓവര്‍വ്യൂ' ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര്‍ വ്യൂ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. 

ഇന്ത്യയില്‍ ഈ ആഴ്ച പുതിയ ഫീച്ചര്‍ എത്തും. ഗ്രൂപ്പ് ഇന്‍വിറ്റേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ പുതിയ ഫീച്ചര്‍ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും. ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം. 

അത് വായിച്ചതിന് ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല. 

വാട്‌സാപ്പ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ക്കെതിരെ സജീവമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് വാട്‌സാപ്പ്. ഈ വര്‍ഷം ആദ്യം തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 68 ലക്ഷം അക്കൗണ്ടുകള്‍ക്ക് വാട്‌സാപ്പിന്റേയും മെറ്റയുടെയും സുരക്ഷാ ടീമുകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
 

Content Highlights: WhatsApp introduces a `Safety Overview` to prevent users from joining unknown groups.