മഹാദേവ് ബെറ്റിങ് ആപ്പ് കേസ് എന്തിന്? ആപ്പിന്റെ പ്രവര്‍ത്തനം എങ്ങനെ?

Photo: ANI
Photo: ANI

ഴിഞ്ഞ ദിവസമാണ് മാഹാദേവ് ബുക്ക് ഓണ്‍ലൈന്‍ ആപ്പ് ഉള്‍പ്പടെ വിവിധ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാട് ഉള്‍പ്പടെയുള്ള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടപടി. മഹാദേവ് എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട ചിലയാളുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാവുകയും ചെയ്തു. 

2021-ലെ ഐടി നിയമം അനുസരിച്ച് ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. കഴിഞ്ഞ ഏപ്രിലില്‍ ഭേദഗദിചെയ്ത ഐടി നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഗെയിമിങ്ങുമായി ബന്ധപ്പെട്ട ചില സെക്ഷനുകള്‍ അനുസരിച്ച് ഗെയിമിങ് ആപ്പുകള്‍ വഴിയുള്ള വാതുവെപ്പും ഇന്ത്യയില്‍ അനുവദനീയമല്ല.

എന്താണ് മഹാദേവ് ബുക്ക് ഓണ്‍ലൈന്‍?

അക്ഷരാര്‍ത്ഥത്തില്‍ ഒന്നാന്തരം ഓണ്‍ലൈന്‍ വാതുവെപ്പ് സംവിധാനങ്ങളാണ് മഹാദേവ് ബുക്ക് ഓണ്‍ലൈന്‍, റെഡ്ഡിഅണ്ണഒഫിഷ്യല്‍.ഇന്‍ പോലുള്ള വെബ്‌സൈറ്റുകള്‍. ഒരു കൂട്ടം ചെറു ആപ്പുകള്‍ ഉപയോഗിച്ചാണ് ഈ വെബ്‌സൈറ്റുകള്‍ വഴിയുള്ള വാതുവെപ്പ്. ഒരു സംസ്ഥാനത്ത് മാത്രമോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ പ്രദേശത്ത് മാത്രമോ ആയിരിക്കും ഈ ആപ്പുകള്‍ക്ക് പ്രചാരമുണ്ടാവുക. 

ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ്, ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി വാതുവെപ്പുകാരുമായി ബന്ധപ്പെടാന്‍ ഇത്തരം ആപ്പുകള്‍ അവസരം ഒരുക്കുന്നു. പ്രധാന വെബ്‌സൈറ്റുകളുമായി ബന്ധിപ്പിച്ച ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അതുവഴി അവര്‍ക്ക് ആ വെബ്‌സൈറ്റ് അഡ്മിനുമായി ബന്ധപ്പെടാനാവും. വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ടോക്കണോ യൂസര്‍ ഐഡിയോ നല്‍കും. ഈ യൂസര്‍ ഐഡിയോ ടോക്കണോ ഉപയോഗിച്ച് ഉപഭോക്താവിന് മെസേജിങ് ആപ്പുകള്‍ വഴി വാതുവെപ്പ് നടത്താം. യുപിഐ വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്. 

നിയമപ്രശ്‌നങ്ങള്‍ എന്ത്?

ഇന്ത്യയിലെ വാതുവെപ്പ്, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നതിന് പുറമെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സംബന്ധിച്ച നിയമങ്ങളും ഈ ആപ്പുകള്‍ ലംഘിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളും പ്രൊമോട്ടര്‍മാരുമെല്ലാം വിദേശത്താണെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളും കോള്‍ സെന്ററുകളും ഉപയോഗിച്ച്ഒരു ഫ്രാഞ്ചൈസിയെ പോലെയാണ് മഹാദേവ് ആപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം.

70:30 എന്ന അനുപാതത്തില്‍ ഇവിടെ ആപ്പ് കൈകാര്യം ചെയ്യുന്നവരും പ്രൊമോട്ടര്‍മാരും ലാഭം പങ്കുവെക്കും. പാനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നാണ് ആപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അറിയപ്പെടുന്നത്. ഇവരാണ് ഇന്ത്യയിലെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതും വിജയികള്‍ക്ക് പണം കൈമാറുന്നതും ഉപഭോക്താക്കളില്‍ നിന്ന് വാതുവെപ്പുകള്‍ സ്വീകരിക്കുന്നതും. ഹവാലാ ഇടപാടുകളായാണ് പ്രൊമോട്ടര്‍മാര്‍ക്ക് പണം കൈമാറുന്നത്. 

കുരുക്കിലായി താരങ്ങളും രാഷ്ട്രീയക്കാരും

ഇത്തരം ആപ്പുകളുടെ പ്രചാരണത്തിനായി പണം കൈപ്പറ്റിയ സിനിമാതാരങ്ങളും നിയമക്കുരുക്കിലായിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ടെലിവിഷന്‍ താരം കപില്‍ ശര്‍മ എന്നിവര്‍ അതില്‍ ചിലരാണ്. ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവരേയും ഇഡി ചോദ്യം ചെയ്തു. 

ചത്തിസ്ഗഡ് മുഖ്യമന്ത്രി ബൂപേഷ് ബാഗേലിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ 500 കോടി സംഭാവന ചെയ്തതായും ആരോപണമുണ്ട്. മഹാദേവ് ഹവാല ഇടപാട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. ചത്തിസ്ഗഡ് പോലീസ് കോണ്‍സ്റ്റബിളായ ഭീം സിങ് യാദവ്, അസിം ദാസ് എന്നിവരാണ് പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചാണ് അറസ്റ്റ്. 

2000-ലെ ഐടി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ഈ ആപ്പും വെബ്‌സൈറ്റും നിരോധിക്കാമായിരുന്നിട്ടും ചത്തിസ്ഗഡ് സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും 18 മാസമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയിലും ഐ.ടി മന്ത്രാലയം 138 വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള വിവരക്കൈമാറ്റം ഉള്‍പ്പടെയുള്ളവ ആരോപിച്ചായിരുന്നു നടപടി.

Content Highlights: what is mahadev book online app case