എഐ ഏജന്റുകളെ തടഞ്ഞ് വെബ്സൈറ്റുകൾ; ഇന്റർനെറ്റിൽ ഇനി എഐക്ക് കാര്യങ്ങൾ എളുപ്പമാകില്ല

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളും ചാറ്റ്ബോട്ടുകളും ജോലി ചെയ്യുന്ന കാലം എത്തിക്കഴിഞ്ഞു. പല കമ്പനികളും അത്തരം എഐ ഏജന്റുകൾ ഇതിനകം ലഭ്യമാക്കുന്നുണ്ട്. ഇന്റർനെറ്റിൽ തിരയാനും ഇമെയിൽ തയ്യാറാക്കി അയക്കാനും ഡിന്നർ റിസർവ് ചെയ്യാനും പുതിയൊരു ഉത്പന്നം ഓൺലൈനിൽ വാങ്ങാനുമെല്ലാം എഐ സഹായിക്കും. എന്നാൽ, ഭാവിയിൽ എഐ കമ്പനികൾക്ക് ഇതത്ര എളുപ്പമായിരിക്കില്ലെന്നാണ് വിവരം.
ചില വെബ്സൈറ്റുകൾ എഐ ഏജന്റുകളെ തടയാൻ തുടങ്ങിയെന്നാണ് ദി വെർജ് റിപ്പോർട്ടിൽ പറയുന്നത്. മെറ്റ, ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഉപഭോക്താക്കൾക്കായി ഷോപ്പിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഇമെയിൽ മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന എഐ ഏജന്റുകളെ വികസിപ്പിക്കുന്നുണ്ട്. എന്നാൽ, പല പ്രധാന വെബ്സൈറ്റുകളും ഈ ഏജന്റുകളെ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല.
എഐ ഏജന്റിനോട് നോ പറഞ്ഞവർ
തങ്ങളുടെ ഡാറ്റാ ലൈസൻസിങ് പ്രോഗ്രാമിന് കീഴിൽ പണം നൽകുന്ന എഐ ഏജന്റുകളെ മാത്രമേ തങ്ങൾ അനുവദിക്കുള്ളൂ എന്നാണ് പ്രാദേശിക വാണിജ്യസേവനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന യെൽപ് (Yelp) പറയുന്നത്. ഉപയോക്താക്കൾക്ക് വേണ്ടി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽനിന്ന് ഡെൽറ്റ എയറും എഐ ഏജന്റുകളെ തടയുന്നുണ്ട്. ജെപി മോർഗൻ ചേസ്, ചാൾസ് ഷ്വാബ്, കാർസ് ഡോട്ട് കോം, ആംട്രക് തുടങ്ങിയ സേവനങ്ങളും എഐ ഏജന്റുകളെ തടയുന്നുണ്ട്.
കർശന നിലപാടിൽ ആമസോൺ
ആമസോൺ പോലുള്ള വലിയ ഇ-കൊമേഴ്സ് കമ്പനികൾ എഐ ഏജന്റുകളെ തടയുന്നതിൽ മുൻപന്തിയിലുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഷോപ്പിംഗ് നടത്താൻ ശ്രമിക്കുന്ന എഐ ഏജന്റുകളെ ആമസോൺ തടയുന്നുണ്ട്. പെർപ്ലെക്സിറ്റി (Perplexity) പോലുള്ള സേവനങ്ങളെ അവരുടെ സൈറ്റിൽനിന്ന് ഷോപ്പിംഗ് നടത്തുന്നതിൽനിന്ന് വിലക്കാൻ ആമസോൺ ശ്രമിച്ചിരുന്നു. ഉപഭോക്താക്കൾക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐ കമ്പനികൾക്കെതിരെ ആമസോൺ നിയമനടപടികൾ സ്വീകരിക്കുന്നുമുണ്ട്.
തങ്ങളുടെ സൈറ്റിൽ ആളുകൾ നേരിട്ട് വന്ന് പരസ്യങ്ങൾ കാണണമെന്നും, മൂന്നാം കക്ഷി ഏജന്റുകൾ വഴി സാധനങ്ങൾ വാങ്ങുന്നത് തങ്ങളുടെ ബിസിനസ്സ് താൽപ്പര്യങ്ങളെ ബാധിക്കുന്നുവെന്നും ആമസോൺ വാദിക്കുന്നു.
എഐ ഏജന്റുകളെ കരുതിക്കൂട്ടി തടയുന്നതിന് പുറമെ, വെബ്സൈറ്റുകളിലെ ബോട്ട് വിരുദ്ധ സംവിധാനങ്ങൾ (anti-bot systems) പലപ്പോഴും ഈ ഏജന്റുകളെ തടസ്സപ്പെടുത്താറുണ്ട്. ഇത് സാധാരണ ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഭാവിയെന്ത്?
എഐ ഏജന്റുകളെ തടയാനുള്ള വെബ്സൈറ്റുകളുടെ തീരുമാനം എഐ ചാറ്റ്ബോട്ടുകൾ വഴി വാർത്തകൾ അറിയുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റുമായി എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നതിന് തടസ്സമാണ്. ഇത്തരം സേവനങ്ങൾ നൽകാൻ എഐ കമ്പനികൾ വെബ്സൈറ്റുകൾക്ക് പണം നൽകുന്ന സാഹചര്യമുണ്ടായാൽ, സ്വാഭാവികമായും ആ സാമ്പത്തികഭാരം ഭാവിയിൽ ഉപയോക്താവിലേക്കും വന്നേക്കാം. ഇക്കാര്യത്തിൽ വെബ്സൈറ്റുകളും എഐ കമ്പനികളും തമ്മിൽ ധാരണയായില്ലെങ്കിൽ എഐ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വളർച്ചയെ ചിലപ്പോഴത് മന്ദഗതിയിലാക്കിയേക്കും.
Content Highlights: Major websites and e-commerce platforms like Amazon, Yelp, and Delta Air are actively blocking AI agents and chatbots from conducting transactions or scraping data to protect their direct-to-consumer business models and advertising revenue.