340 രൂപയുടെ റീച്ചാര്‍ജില്‍ കൂടുതല്‍ ഡാറ്റ - മാറ്റം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയയുടെ 340 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലെ ഡാറ്റാ ആനുകൂല്യം വര്‍ധിപ്പിച്ചു. മുമ്പത്തെ പോലെ 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇത് കുറഞ്ഞ നിരക്കിലുള്ള റീച്ചാര്‍ജ് പ്ലാന്‍ അല്ലെങ്കിലും ഡാറ്റാ പരിധി ഉയര്‍ത്തിയതിനാല്‍ ആവശ്യക്കാര്‍ കൂടിയേക്കും. എന്നാൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഈ മാറ്റം ലഭിക്കില്ല. നിലവില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റിടങ്ങളില്‍ പഴയ ഡാറ്റാ പരിധി തന്നെയാണ്.
വിശദമായറിയാം
ഹിമാചല്‍ പ്രദേശില്‍ 340 രൂപയുടെ പ്ലാനില്‍ ഇപ്പോള്‍ 2 ജിബി ഡാറ്റ ലഭിക്കും. നേരത്തെ 1 ജിബി മാത്രമായിരുന്നു. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോളിങ്, 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയെല്ലാം ലഭിക്കും. ഇത് കുടാതെ രാത്രി 12 മണിക്കും കാലത്ത് ആറ് മണിക്കും ഇടയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ലഭ്യമാണ്. വീക്കെന്‍ഡ് ഡാറ്റാ റോളോവര്‍ സൗകര്യമുള്ളതിനാല്‍ ഓരോ ആഴ്ചയിലേയും ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തില്‍ ഉപയോഗിച്ച് തീര്‍ക്കാനാവും.
2 ജിബിയുടെ ബാക്കപ്പ് ഡാറ്റയും കമ്പനി ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിന പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. പുതിയ മാറ്റം മറ്റ് സര്‍ക്കിളുകളില്‍ എപ്പോഴെത്തുമെന്ന് വ്യക്തമല്ല.
Content Highlights: Vodafone Idea (Vi) increases data benefit in ₹340 recharge plan to 2GB daily in Himachal Pradesh.