അമേരിക്കയില്‍ ടിക് ടോക്കിനും വിചാറ്റിനും നിരോധനം: സെപ്റ്റംബര്‍ 20 മുതല്‍ പ്രാബല്യത്തിൽ

ടിക് ടോക്ക് | Photo: AFP
ടിക് ടോക്ക് | Photo: AFP

വാഷിങ്ടണ്‍: ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കും മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റും ഡൗണ്‍ലോഡ് ചെയ്യുന്നത് സെപ്റ്റംബര്‍ 20 ഞായറാഴ്ച മുതല്‍ യുഎസ് വാണിജ്യ വകുപ്പ് ബ്ലോക്ക് ചെയ്യും. 

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു അമേരിക്കന്‍ കമ്പനിയുമായി ധാരണയിലെത്താന്‍ സമയം നല്‍കിയിരിക്കുന്നതിനാല്‍ ഞായറാഴ്ച വൈകിയായിരിക്കും നിരോധനം നിലവില്‍ വരിക. 

ട്രംപിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒറാക്കിള്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് അമേരിക്കയില്‍ ടിക് ടോക്കിന് വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന് മേല്‍ അമേരിക്ക ഉന്നയിച്ച സുരക്ഷാ ആശങ്കകള്‍ നേരിടുന്നതിനാണ് ഈ നീക്കം. 

രാജ്യത്ത് ബ്ലോക്ക് ചെയ്യപ്പെടുന്നതോടെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേനുകള്‍ നീക്കം ചെയ്യപ്പെടും. 

നിരോധനമേര്‍പ്പെടുത്തുമെങ്കിലും സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വാവേയ്ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ ടിക് ടോക്കിനും വീ ചാറ്റിനും നേരിടേണ്ടി വരില്ല. ഇരു സേവനങ്ങളുമായും അമേരിക്കന്‍ കമ്പനികള്‍ക്ക് രാജ്യത്തിന് പുറത്ത് വാണിജ്യ സഹകരണം നടത്താനാവും. 

വി ചാറ്റിന് നിരോധനമുണ്ടാവുമെങ്കിലും വിചാറ്റിന്റെ ഉടമയായ ടെന്‍സെന്റ് ഹോള്ഡിങ്‌സിന്റെ ഗെയിമിങ് രംഗത്തുള്‍പ്പടെയുള്ള മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിലക്കുകളുണ്ടാവില്ല. 

ഇക്കാരണം കൊണ്ടുതന്നെ അമേരിക്കന്‍ കമ്പനികളായ ആപ്പിളിനും ഗൂഗിളിനും ടിക് ടോക്ക്, വീ ചാറ്റ് ആപ്ലിക്കേഷനുകളെ രാജ്യത്തിന് പുറത്ത് അനുവദിക്കാനാവും.

Content Highlights: US to block tiktok and wechat 

Content Highlights: