എക്‌സും, ഗ്രോക്കും ഉടൻ നീക്കം ചെയ്യുക ! ഗൂഗിളിനും ആപ്പിളിനും കത്തയച്ച് യുഎസ് സെനറ്റർമാർ

#Technology Desk
Elon Musk | Photo by Lionel BONAVENTURE / AFP
Elon Musk | Photo by Lionel BONAVENTURE / AFP

തകോടീശ്വര വ്യവസായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ സേവനമായ എക്‌സിന്റേയും എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റേയും മൊബൈൽ ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഗൂഗിളിനും ആപ്പിളിനും കത്തയച്ച് യുഎസ് സെനറ്റർമാർ. ആപ്പിൾ സിഇഒ ടിം കുക്കിനും, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കുമാണ് കത്തയച്ചത്. ആളുകളുടെ അനുവാദമില്ലാതെ അശ്ലീല ചിത്രങ്ങളും കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങളും നിർമിക്കുന്നതും പങ്കുവെക്കുന്നതും ഇലോൺ മസ്‌ക് അവസാനിപ്പിക്കുന്നത് വരെ ആപ്പ്‌സ്റ്റോറുകൾ പ്രസ്തുത ആപ്പുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം.

യുഎസ് സെനറ്റർമാരായ റോൺ വൈഡെൻ, എഡ് മാർക്കീ, ബെൻ റേ ലുജാൻ എന്നിവരാണ് കത്തയച്ചത്. ഈ ആപ്പുകൾ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിർമിക്കാനും പങ്കുവെക്കാനും അനുവദിക്കുന്നുവെന്ന് സെനറ്റർമാർ പറഞ്ഞു. എക്‌സിനെ അവഗണിക്കുന്നത് ആപ്പിളിന്റെയും ഗൂഗിളിന്റേയും കണ്ടന്റ് മോഡറേഷൻ പ്രക്രിയയെ പരിഹാസ്യമാക്കുമെന്നും സെനറ്റർമാർ പറഞ്ഞു. എക്‌സിനും ഗ്രോക്കിനുമെതിരെ കണ്ണടയ്ക്കുന്നത്, ഉപഭോക്താക്കൾ നേരിട്ട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം തങ്ങളുടെ ആപ്പ്‌സ്റ്റോറുകൾ വഴി ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതാണ് സുരക്ഷിതമെന്ന നിങ്ങളുടെ വാദങ്ങളെ ദുർബലപ്പെടുത്തുമെന്നും സെനറ്റർമാർ ചൂണ്ടിക്കാട്ടി.

ഗ്രോക്കിനെതിരെ ആഗോളതലത്തിൽ വിമർശനം ശക്തമായിരിക്കുകയാണ്. ഇന്റർനെറ്റിൽ പങ്കുവെക്കപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ നഗ്നമാക്കാനും ലൈംഗികവത്കരിച്ചുള്ള ഉള്ളടക്കങ്ങൾ നിർമിക്കാനും ഗ്രോക്ക് അനുവാദം നൽകുന്നതാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്. ലളിതമായ പ്രോംറ്റിലൂടെ ആരുടേയും അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും നിർമിക്കാൻ ഗ്രോക്ക് അനുവദിക്കുന്നതാണ് പ്രശ്‌നം. വ്യാപക പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഉള്ളടക്കങ്ങൾ നിർമിക്കുന്നത് ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് പുറത്തിറക്കുകയല്ലാതെ, അത് തടയാൻ സാങ്കേതികമായ പരിഹാരങ്ങളൊന്നും ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമുകൾ മുന്നോട്ടുവെച്ചിരുന്നില്ല. അതേസമയം, സമ്മർദ്ദത്തെ തുടർന്ന് ഗ്രോക്കിൽ ചിത്രങ്ങൾ നിർമിക്കാനുള്ള കഴിവ് പണം നൽകിയ വരിക്കാർക്ക് മാത്രമായി കമ്പനി നിയന്ത്രിച്ചിട്ടുണ്ട്.

Content Highlights: US Senators have formally requested Apple and Google to remove Elon Musk's X and Grok AI apps from their stores