ആമസോണിന് കനത്ത തിരിച്ചടി; വിക്ഷേപണത്തിനിടെ വൾക്കൻ റോക്കറ്റ് തകരാറിലായി, 40 ഉപഗ്രഹങ്ങൾ നഷ്ടപ്പെട്ടു

ബോയിങ്ങിന്റെയും ലോക്ക്ഹീഡ് മാർട്ടിന്റെയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ (ULA) വൾക്കൻ റോക്കറ്റ് (Vulcan Rocket) വിക്ഷേപണത്തിന് പിന്നാലെ തകരാറിലായി. ഞായറാഴ്ച ഫ്ലോറിഡയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് ലക്ഷ്യത്തിലെത്താതെ തകർന്നതോടെ ആമസോണിന്റെ ലിയോ (Amazon Leo) ഇന്റർനെറ്റ് ശൃംഖലയ്ക്കായി കൊണ്ടുപോയ 40 ഉപഗ്രഹങ്ങളും നഷ്ടമായി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ ചരിത്രത്തിലെ ആദ്യ വിക്ഷേപണ പരാജയമാണിത്.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച് ഏകദേശം പത്ത് മിനിറ്റിനുശേഷമാണ് റോക്കറ്റിന് തകരാർ സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കമ്പനിയുടെ പുതിയ മുൻനിര റോക്കറ്റായ വൾക്കന്റെ പരാജയം യുണൈറ്റഡ് ലോഞ്ച് അലയൻസിന് വലിയ തിരിച്ചടിയാണ്. അതിവേഗം ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ശക്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആമസോണിനും ഇത് കനത്ത നഷ്ടമാണ്. വിക്ഷേപണം പരാജയപ്പെട്ടതോടെ റോക്കറ്റ് മാസങ്ങൾ നീളുന്ന വിശദ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.
2024-ൽ രംഗപ്രവേശം ചെയ്ത വൾക്കൻ റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണമായിരുന്നു ഞായറാഴ്ചത്തേത്. ഒൻപത് മാസത്തെ ഇടവേളയ്ക്കുശേഷമാണ് റോക്കറ്റ് വീണ്ടും വിക്ഷേപിച്ചത്. സോളിഡ് റോക്കറ്റ് സൈഡ് ബൂസ്റ്ററുകളിലും പ്രധാന ഘട്ടത്തിലെ ബിഇ-4 (BE-4) എൻജിനുകളിലും നേരത്തേ കണ്ടെത്തിയ വ്യത്യസ്ത സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചുള്ള പരിശോധനകൾ നീണ്ടുപോയതാണ് ഈ ഇടവേളയ്ക്ക് കാരണം. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ കമ്പനിയാണ് ഈ എൻജിനുകൾ നിർമിക്കുന്നത്.
മുൻപ് ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തറയിൽവെച്ചുതന്നെ പൊട്ടിത്തെറിച്ചിരുന്നു. റോക്കറ്റിന്റെ എൻജിനാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വൾക്കൻ റോക്കറ്റിനുവേണ്ടി യുണൈറ്റഡ് ലോഞ്ച് അലയൻസിന് കൈമാറിയ ബിഇ-4 എൻജിനുകളിൽ മാറ്റങ്ങൾ വരുത്തിയതായി കമ്പനിയുടെ വക്താവ് ജെസീക്ക റൈ ഓഗസ്റ്റിൽ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ വൾക്കൻ റോക്കറ്റിനുണ്ടായ തകരാറിൽ ബ്ലൂ ഒറിജിൻ നൽകിയ എൻജിനുകൾക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. മാത്രവുമല്ല ആമസോണിന്റെ ഉപഗ്രഹങ്ങൾ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാം ഘട്ടം, ബിഇ-4 എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒന്നാം ഘട്ടത്തിൽനിന്ന് വേർപെട്ടതിനുശേഷമാണ് തകരാർ സംഭവിച്ചതെന്നാണ് പ്രാഥമിക സൂചന.
ബോയിങ്ങിന്റെ ഡെൽറ്റ റോക്കറ്റ് പദ്ധതിയും ലോക്ക്ഹീഡ് മാർട്ടിന്റെ അറ്റ്ലസ് റോക്കറ്റ് പദ്ധതിയും ലയിപ്പിച്ചാണ് 2006-ൽ യുണൈറ്റഡ് ലോഞ്ച് അലയൻസ് രൂപീകരിച്ചത്. അന്നുമുതൽ ഇതുവരെ നടത്തിയ എല്ലാ വിക്ഷേപണങ്ങളും വിജയകരമായിരുന്നു. ലയനത്തിന് മുൻപും ഡെൽറ്റ, അറ്റ്ലസ് റോക്കറ്റുകൾക്ക് വിരലിലെണ്ണാവുന്ന പരാജയങ്ങൾ മാത്രമാണ് നേരിട്ടിരുന്നത്.
സ്റ്റാർലിങ്കിനെ നേരിടാനാവാതെ ആമസോൺ
സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിനെ നേരിടാൻ ശ്രമിക്കുന്ന ആമസോണിന് കടുത്ത തിരിച്ചടിയാണ് വൾക്കൻ റോക്കറ്റിന്റെ പരാജയം. ആമസോണിന്റെ ലിയോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനിരിക്കെയാണ് മേയിൽ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റിന് അപകടം സംഭവിച്ചത്. ഇപ്പോൾ വീണ്ടും ദൗത്യം പരാജയപ്പെട്ടിരിക്കുന്നു. സ്പേസ് എക്സിന്റെ തന്നെ ഫാൽക്കൺ റോക്കറ്റുകളിലാണ് സ്റ്റാർലിങ്ക് അതിവേഗം ഉപഗ്രഹ ശൃംഖല വ്യാപിപ്പിച്ചത്. എന്നാൽ ആമസോൺ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി പുറത്തുനിന്നുള്ള വിക്ഷേപണ സേവനദാതാക്കളെയാണ് ആശ്രയിച്ചുവരുന്നത്.
2025 മുതൽ ഇതുവരെ 14 വിക്ഷേപണങ്ങളിലായി ആമസോണിന്റെ ലിയോ ശൃംഖലയിലെ 398 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനം നൽകാൻ ആവശ്യമായ 3,236 ഉപഗ്രഹങ്ങളുടെ ഏകദേശം 12 ശതമാനം മാത്രമാണിത്. ഈ വർഷംതന്നെ ലിയോ ശൃംഖലയിലൂടെ പ്രാഥമിക ഇന്റർനെറ്റ് സേവനം ആരംഭിക്കാനായിരുന്നു ആമസോണിന്റെ ലക്ഷ്യം. എന്നാൽ തുടർച്ചയായ റോക്കറ്റ് വിക്ഷേപണ പരാജയങ്ങൾ ഈ പദ്ധതിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.