AI-യിലടക്കം ചൈനയ്ക്ക് പിന്നിലാകരുത്; ട്രംപിന് ടെക് ഉപദേശക സമിതി, സക്കർബർഗടക്കം 13 പേർ

പ്രമുഖ ടെക് സിഇഓമാർ അടക്കമുള്ളവരെ സയൻസ് ആൻഡ് ടെക്‌നോളജി ഉപദേശക സമിതിയിൽ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്, ഒറാക്കിൾ എക്‌സിക്യൂട്ടീവ് ചെയർമാൻ ലാറി എല്ലിസൺ എന്നിവരടക്കം 13 പേർ ഉൾപ്പെടുന്നതാണ് സമിതി. എഐ (നിർമിതബുദ്ധി) നയം, ദേശീയ സുരക്ഷ, നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ ഭരണകൂടത്തിന് ഉപദേശം നൽകുകയാണ് സമിതിയുടെ ചുമതല. ഗൂഗിളിന്റെ സഹസ്ഥാപകൻ സെർജി ബ്രിൻ, എഎംഡി സിഇഒ ലിസ സു എന്നിവരും പട്ടികയിലുണ്ട്.
ടെക്‌നോളജി രംഗത്തെ ചൈനയുമായുള്ള മത്സരത്തിന് ശക്തി പകരുന്നതിലാവും സമിതിയുടെ പ്രധാന ശ്രദ്ധയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൈനീസ് കമ്പനികൾ എഐ സാങ്കേതികവിദ്യയിൽ അതിവേഗം മുന്നേറുകയാണ്. ഈ ഘട്ടത്തിൽ യുഎസ് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കാനും നൂതന ആശയങ്ങൾക്ക് വേഗം പകരാനുമാണ് ട്രംപ് ഭരണകൂടം സ്വകാര്യ ടെക് സിഇഓമാർ അടക്കമുള്ളവരുടെ സഹായം തേടുന്നത്.
ശാസ്ത്ര സാങ്കേതിക രംഗത്ത് അമേരിക്കൻ ആധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതടക്കം ഈ സമിതിയാകുമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മെറ്റ സിഇഓ മാർക്ക് സക്കർബർഗ്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ്, എഎംഡി സിഇഒ ലിസ സു, മാർക്ക് ആൻഡ്രീസൻ, സഫ്ര കാറ്റ്‌സ്, മൈക്കിൾ ഡെൽ, ജാക്കോബ് ഡിവിറ്റ്, ഫ്രെഡ് എർസാം, ലാറി എല്ലിസൺ, ഡേവിഡ് ഫ്രൈഡ്ബർഗ്, ജോൺ മാർട്ടിനിസ്, ബോബ് മുംഗാഡ് എന്നിവരാണ് സമിതി അംഗങ്ങൾ.
Content Highlights: Trump forms a high-profile technology advisory board (PCAST) to shape AI and national security policy., Key appointments include CEOs from Meta, Nvidia, Oracle, AMD, and Google co-founder Sergey Brin., The council's primary mandate is to accelerate US innovation and compete with China in AI capabilities., Co-chaired by David Sacks and Michael Kratsios, the group focuses on the 'Golden Age of Innovation'.