മനുഷ്യബുദ്ധിയെ AI മറികടന്ന് കഴിഞ്ഞോ? ട്രംപിന്റെ ലക്ഷ്യമെന്ത്? എന്താണ് സൂപ്പർ ഇന്റലിജൻസ്?

ലോകവ്യാപകമായി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു സാങ്കേതികവിദ്യയുടെ പേരുമാറ്റം. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' അല്ലെങ്കിൽ 'എഐ' എന്നതിന് പകരം 'സൂപ്പർ ഇന്റലിജൻസ്' അല്ലെങ്കിൽ എസ്.ഐ എന്ന് ഉപയോഗിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ഉത്തരവിട്ടതോടെയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) എന്നവാക്കിൽ ഒരു കൃത്രിമത്വം അല്ലെങ്കിൽ വ്യാജമായ ഒന്ന് എന്ന സൂചന ഉള്ളതിനാൽ ആ വാക്ക് മാറ്റണം എന്നാണ് ട്രംപ് പറയുന്നത്. എന്നാൽ പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമുണ്ടോ? എഐയും സൂപ്പർ ഇന്റലിജൻസും ഒന്നാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
പേര് മാറ്റിയത് എങ്ങനെ?
യു.എൻ ജനറൽ അസംബ്ലിയിലാണ് ട്രംപ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. 'ആർട്ടിഫിഷ്യൽ' (കൃത്രിമം) എന്ന വാക്ക് നിർമിതബുദ്ധിയെ വ്യാജമായ എന്തോ ഒന്നായി തോന്നിപ്പിക്കുന്നു എന്ന് അദ്ദേഹം വാദിച്ചു. സെപ്റ്റംബർ 29 ചൊവ്വാഴ്ചയാണ് പേര് മാറ്റം പ്രാബല്യത്തിൽ വന്നത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി, ഓപ്പൺഎഐ പ്രസിഡന്റ് ഗ്രിഗ് ബ്രോക്ക്മാൻ, എലോൺ മസ്‌ക് എന്നിവരുൾപ്പെടെ ആഗോള സാങ്കേതിക വ്യവസായ പ്രമുഖരുമായി വൈറ്റ് ഹൗസിൽ നടത്തിയ ഉച്ചഭക്ഷണ യോഗത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, എ.എം.ഡി സി.ഇ.ഒ ലിസ സു എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഈ സാങ്കേതികവിദ്യയുടെ വ്യാപ്തി പ്രതിഫലിപ്പിക്കുന്ന ഒരു പേര് അതിന് അർഹമാണെന്ന് ട്രംപ് യോഗത്തിന് ശേഷം പറഞ്ഞു. മുൻകാല സാങ്കേതിക വിപ്ലവങ്ങളിൽനിന്നെല്ലാം വളരെ വ്യത്യസ്തമാണ് എഐ എന്ന് ട്രംപ് വാദിക്കുന്നു. വ്യാവസായിക വിപ്ലവത്തേക്കാൾ സുപ്രധാന മുന്നേറ്റമാണ് എഐയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഞങ്ങൾ ഇതിനെ ഔദ്യോഗികമായി സൂപ്പർ ഇന്റലിജൻസ് എന്ന് പുനർനാമകരണം ചെയ്യാൻ പോവുകയാണണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പേരുമാറ്റത്തിലെ പ്രശ്‌നമെന്ത്?
എഐയുടെ പേര് മാറ്റാനുള്ള ട്രംപിന്റെ നീക്കത്തിൽ ഒരു പ്രധാന പ്രശ്‌നമുണ്ടെന്ന് ഗവേഷകർ പറയുന്നു. എ.ഐ ഗവേഷണ രംഗത്ത് 'സൂപ്പർ ഇന്റലിജൻസ്' എന്ന വാക്കിന് വളരെ കൃത്യമായ മറ്റൊരു അർത്ഥമാണ് ഉള്ളത് എന്നതാണ് പ്രശ്‌നം.
ചിത്രങ്ങൾ തിരിച്ചറിയുന്നത് മുതൽ ടെക്സ്റ്റ് ജനറേറ്റ് ചെയ്യുന്നത്, വിവർത്തനം ചെയ്യുന്നത്, കോഡ് എഴുതുന്നത്, വിവരങ്ങൾ വിശകലനം ചെയ്യുന്നത് തുടങ്ങി സാധാരണയായി മനുഷ്യന്റെ ബുദ്ധിശക്തി ആവശ്യമുള്ള ജോലികൾ ചെയ്യാൻ ശേഷിയുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി). ChatGPT, ഗൂഗിളിന്റെ ജെമിനി (Gemini) തുടങ്ങിയ ജനറേറ്റീവ് എഐ സിസ്റ്റങ്ങൾ ഈ വിശാലമായ വിഭാഗത്തിൽ പെടുന്നു.
എന്നാൽ 'സൂപ്പർ ഇന്റലിജൻസ്' എന്നത് വളരെ നൂതനമായ മറ്റൊന്നിനെയാണ് സൂചിപ്പിക്കുന്നത്. വിവിധ മേഖലകളിൽ മനുഷ്യനേക്കാൾ വളരെ ഉയർന്ന ബൗദ്ധിക ശേഷിയുള്ള ഒരു എഐ സിസ്റ്റമാണത്. ഈ ആശയത്തെ ജനപ്രിയമാക്കാൻ സഹായിച്ച തത്വചിന്തകൻ നിക്ക് ബോസ്‌ട്രോം മിക്കവാറും എല്ലാ മേഖലകളിലും മനുഷ്യരുടെ വൈജ്ഞാനിക പ്രകടനത്തെ മറികടക്കുന്ന ബുദ്ധിശക്തിയാണ് എന്നാണ് സൂപ്പർ ഇന്റലിജൻസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ട് ഈ പദങ്ങൾ സാങ്കേതികമായി പരസ്പരം മാറ്റി ഉപയോഗിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു. മികച്ച കഴിവുകളുള്ള ഒരു ചാറ്റ്ബോട്ട് ഇപ്പോഴും ഒരു എഐ മാത്രമാണ്. എന്നാൽ എല്ലാ പ്രധാനപ്പെട്ട ജോലികളിലും മനുഷ്യരെ നിർമിതബുദ്ധി മറികടക്കുന്ന സാങ്കൽപ്പിക നിലവാരത്തെയാണ് സൂപ്പർ ഇന്റലിജൻസ് എന്നതുകൊണ്ട് അർഥമാക്കുന്നത്.
മനുഷ്യബുദ്ധിയെ എഐ മറികടന്ന് കഴിഞ്ഞോ?
പേര് മാറ്റിയതുകൊണ്ട് നിലവിലെ എഐ സംവിധാനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ മാറ്റം വരുന്നില്ല എന്നതാണ് ശ്രദ്ധേയം. യു.എസ് സർക്കാർ ഈ സാങ്കേതികവിദ്യയെ എസ്.ഐ എന്ന് വിളിച്ചതുകൊണ്ട് മാത്രം ChatGPT, Gemini, Claude തുടങ്ങിയ മുൻനിര മോഡലുകൾ പെട്ടെന്ന് സൂപ്പർ ഇന്റലിജന്റായി മാറുന്നില്ല.
മാറിയിട്ടുള്ളത് ഈ സാങ്കേതികവിദ്യയ്ക്ക് ചുറ്റുമുള്ള രാഷ്ട്രീയ പദാവലി മാത്രമാണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം എഐ മത്സരത്തിന്റെ വ്യാപ്തിയും പ്രാധാന്യവും ഊന്നിപ്പറയുന്നതിനുള്ള ഒരു മാർഗമാണ് 'സൂപ്പർ ഇന്റലിജൻസ്' എന്ന പേരുമാറ്റം. എന്നാൽ ഗവേഷകരെ സംബന്ധിച്ചിടത്തോളം നിലവിലെ സിസ്റ്റങ്ങളെക്കാൾ ഗണ്യമായി മുന്നിൽ നിൽക്കുന്ന മെഷീൻ ഇന്റലിജൻസിന്റെ ഭാവി ഘട്ടത്തെ സൂചിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ആശയമാണ് സൂപ്പർ ഇന്റലിജൻസ്.
ഈ വാക്ക് പുതിയതല്ല, ട്രംപ് കണ്ടുപിടിച്ചതുമല്ല
1950 കളുടെ തുടക്കത്തിൽ ഹംഗേറിയൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും കമ്പ്യൂട്ടർ സയന്റിസ്റ്റും എൻജിനീയറുമായ ജോൺ വോൺ ന്യുമാനാണ് 'സൂപ്പർ ഇന്റലിജൻസ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്ന യന്ത്രങ്ങളുടെ സാധ്യതകളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
തുടർന്ന് ബ്രിട്ടീഷ് വിദഗ്ദ്ധനും ഗണിതശാസ്ത്രജ്ഞനുമായ ഐ.ജെ ഗുഡ് ഈ പദത്തിൽ ഭേദഗതി വരുത്തി. തന്നേക്കാൾ ബുദ്ധിയുള്ള യന്ത്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള 'അൾട്രാ ഇന്റലിജന്റ് മെഷീൻ' എന്ന ആശയത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. ഇത് 1965 ലായിരുന്നു.
2014-ൽ നിക്ക് ബോസ്‌ട്രോം എഴുതിയ 'സൂപ്പർ ഇന്റലിജൻസ്: പാത്ത്‌സ്, ഡേഞ്ചേഴ്‌സ്, സ്ട്രാറ്റജീസ്' എന്ന പുസ്തകത്തിലൂടെയാണ് സൂപ്പർ ഇന്റലിജൻസിന്റെ ആധുനിക ആശയം മുന്നോട്ട് വെക്കപ്പെട്ടത്. ബോസ്‌ട്രോമിന്റെ നിർവചനം അനുസരിച്ച് സൂപ്പർ ഇന്റലിജൻസ് എന്നത് മിക്കവാറും എല്ലാ മേഖലകളിലും മനുഷ്യരുടെ വൈജ്ഞാനിക പ്രകടനത്തെ വളരെയധികം കവച്ചുവെക്കുന്ന ഒന്നാണ്.
സൂപ്പർ ഇന്റലിജൻസും എഐയും ഒന്നല്ല
സൂപ്പർ ഇന്റലിജൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒന്നാണോ? തീർച്ചയായും അല്ല എന്നാണ് വിദഗ്ധർ നൽകുന്ന ഉത്തരം. ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകേണ്ടിയിരിക്കുന്നു.
സൂപ്പർ ഇന്റലിജൻസ് വിശാലമായ ബൗദ്ധിക പ്രവർത്തനങ്ങളിൽമനുഷ്യരേക്കാൾ ഏറെ മികച്ചതാണ് എന്നതാണ് സങ്കൽപ്പം. ലളിതമായി പറഞ്ഞാൽ എഐ മുന്നേറ്റത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു. ആദ്യത്തേത് നാരോ എഐ, തുടർന്ന് ജനറൽ എഐ, തുടർന്ന് മനുഷ്യ തലത്തിലുള്ള ജനറൽ ഇന്റലിജൻസ്, ഒടുവിൽ സൂപ്പർ ഇന്റലിജൻസ്. ഇത് യഥാർത്ഥത്തിൽ ഒരു സ്റ്റാൻഡേർഡ് സാങ്കേതിക ബെഞ്ച്മാർക്ക് ആയി വിദഗ്ധർ പരിഗണിക്കുന്നില്ല. ഇക്കാരണങ്ങളാൽ നിലവിലെ ഘട്ടത്തിൽ ഈ പദത്തിന്റെ വ്യാപകമായ സ്വീകാര്യതയെക്കുറിച്ച് വിദഗ്ദ്ധർ ഇപ്പോഴും ആശങ്കയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: US President Donald Trump officially renamed Artificial Intelligence to Super Intelligence (SI) for federal government use., Major tech CEOs including Sundar Pichai, Mark Zuckerberg, and Elon Musk attended the White House meeting., Tech leaders signed the voluntary White House Accord on Super Intelligence for safety standards., Experts note a technical difference between current AI and true hypothetical superintelligence.