എഐ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ട്രംപ് ഭരണകൂടം; പുതിയ നീക്കത്തിന് പിന്നിലെന്ത്?

പ്രമുഖ നിർമിതബുദ്ധി (എഐ) കമ്പനികളുടെ ഓഹരികൾ വാങ്ങാൻ യു.എസിനെ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. എഐയുടെ സ്വാധീനം വിവിധ മേഖലകളിൽ വർധിച്ചുവരുന്നതിനിടെയാണിത്. എഐയ്ക്ക് കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം പാടുപെടുന്ന ഘട്ടത്തിലാണ് നീക്കം എന്നതും ശ്രദ്ധേയമാണെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
എ.ഐ. കമ്പനികൾ അമേരിക്കൻ പൗരന്മാർക്ക് അവരുടെ സ്ഥാപനങ്ങളിലെ ഓഹരി നൽകുന്ന ആശയം പരിശോധിച്ചുവരികയാണെന്ന് എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. അടുത്ത ആഴ്ചതന്നെ എ.ഐ. എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. എഐ കമ്പനികളും അമേരിക്കൻ പൗരന്മാരുമായുള്ള ഒരു പങ്കാളിത്തമായി ഇത് മാറുമെന്നും അതിന്റെ സാധ്യത പരിശോധിച്ച് വരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസ്. ഉന്നത ഉദ്യോഗസ്ഥർ എ.ഐ. കമ്പനികളുമായി ഈ വിഷയത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ല. എ.ഐ. കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ, ഫേസ്ബുക്ക്, സ്‌പേസ്എക്‌സ് എന്നിവയും ഇതുസംബന്ധിച്ച വാർത്താ ഏജൻസിയുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.
അസാധാരണ മികവുള്ള മോഡലുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് പ്രമുഖ എ.ഐ. കമ്പനികൾ അവ സൈബർ സുരക്ഷാ പരിശോധനകൾക്കായി സർക്കാരിന് സമർപ്പിക്കണമെന്ന നിർദേശം ട്രംപ് ഭരണകൂടം അടുത്തിടെയാണ് പുറത്തിറക്കിയത്. ആന്ത്രോപിക്കിന്റെ ശക്തമായ മിത്തോസ് ടൂൾ ലോകമെങ്ങും സൈബർ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ച സാഹചര്യത്തിലാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ യു.എസ്. കോർപ്പറേറ്റ് മേഖലയിൽ ട്രംപ് ഭരണകൂടം അസാധാരണമായ സ്വാധീനം ചെലുത്തുന്നുണ്ട്. യു.എസ്. ചിപ്പ് നിർമ്മാതാവായ ഇന്റലിലും പല ക്വാണ്ടം കമ്പ്യൂട്ടിങ് കമ്പനികളിലും ഭരണകൂടം ഓഹരിയെടുത്തിട്ടുണ്ട്. അതിനിടെ ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാനുമായി വൈറ്റ്ഹൗസ് വൃത്തങ്ങൾ ചർച്ച നടത്തി വരികയാണെന്ന് സിഎൻബിസി റിപ്പോർട്ടു ചെയ്തു. മൂന്ന് വർഷത്തോളമായി നടത്തിവരുന്ന ചർച്ചകളുടെ തുടക്കമാണിത്.
കരാറിന്റെ ഭാഗമായി ഓപ്പൺഎഐ യു.എസ്. സർക്കാരിന് ഓഹരികൾ സംഭാവനയായി നൽകിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എ.ഐയുടെ വളർച്ചയിൽ യു.എസ് പൗരന്മാരെയും പങ്കാളികളാക്കാൻ ലക്ഷ്യമിടുന്നതാണ് നീക്കം എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഓഹരി വാങ്ങുന്നത് സംബന്ധിച്ച നിബന്ധനകളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
Content Highlights: Trump administration exploring government equity stakes in leading AI companies., Concept involves creating a 'Public Wealth Fund' for citizen participation in AI growth., Follows recent signing of a revamped executive order on AI cybersecurity., Concerns regarding the Mythos tool and potential cyberattack risks in banking., Upcoming meeting scheduled between the White House and top AI executives.