ഈ യുക്തിയില്ലായ്മ തട്ടിപ്പുകാരെ സഹായിക്കാനോ ? ട്രായിക്കെതിരെ ആഞ്ഞടിച്ച് ട്രൂകോളർ സിഇഒ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രൂകോളർ സിഇഒ റിഷിത് ജുൻജുൻവാല. 140, 1600 സീരീസുകളിലുള്ള നമ്പറുകൾ തടയുന്ന ട്രൂകോളർ ഉൾപ്പെടെയുള്ള കോൾ മാനേജ്‌മെൻ്റ് ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കൂടുതൽ അധികാരം നൽകണമെന്ന് ട്രായ് കേന്ദ്ര ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടെലിമാർക്കറ്റിംഗ് സ്ഥാപനങ്ങൾക്കും ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് കമ്പനികൾക്കുമായി മാറ്റിവെച്ചിട്ടുള്ളതാണ് 140, 1600 സീരീസുകളിൽ തുടങ്ങുന്ന നമ്പറുകൾ. എന്നാൽ 2025-ലെ ട്രായിയുടെ നിർദ്ദേശപ്രകാരം ഈ നമ്പറുകളെ സ്പാം ആയി അടയാളപ്പെടുത്തുന്നതിൽ നിന്ന് ട്രൂകോളറിനെ വിലക്കിയിരുന്നു. ഈ നടപടി യാതൊരു യുക്തിയുമില്ലാത്തതാണെന്നും, തട്ടിപ്പുകാർക്ക് ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള വലിയ അവസരമാണ് ട്രായിയുടെ ഈ തീരുമാനം നൽകുന്നതെന്നും ട്രൂകോളർ സിഇഒ ചൂണ്ടിക്കാട്ടി. വിവരങ്ങൾ നൽകുന്ന പ്ലാറ്റ്‌ഫോമുകളെ ശിക്ഷിക്കുന്നതിന് പകരം യഥാർത്ഥ തട്ടിപ്പുകാരെയാണ് അധികൃതർ ശിക്ഷിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
79 ശതമാനം ഇന്ത്യക്കാരും ബിസിനസ് കോളുകൾ അവഗണിക്കുന്നു
ട്രായിയുടെ ഈ നയം മൂലം ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്ന കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. 140, 1600 സീരീസുകളിൽ നിന്നുള്ള കോളുകൾ തടയുന്നത് വിലക്കിയതോടെ, ഇന്ത്യയിൽ പ്രതിദിനം ഇത്തരം നമ്പറുകളിൽ നിന്നുള്ള 5.1 കോടി കോളുകളാണ് ഉപയോക്താക്കൾ മറുപടി നൽകാതെ ഒഴിവാക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 7.4 കോടി 140, 1600 സീരീസ് നമ്പറുകളാണ് ഉപയോക്താക്കൾ നേരിട്ട് ബ്ലോക്ക് ചെയ്തത്.
140 സീരീസ് നമ്പറുകളിൽ നിന്നുള്ള 81 ശതമാനം കോളുകളും 1600 സീരീസ് നമ്പറുകളിൽ നിന്നുള്ള 79 ശതമാനം കോളുകളും ഉപയോക്താക്കൾ പൂർണ്ണമായും അവഗണിക്കുകയാണ്. പ്രതിദിനം ഏകദേശം 5.25 ലക്ഷം ഇത്തരം നമ്പറുകളാണ് ഉപയോക്താക്കൾ ബ്ലോക്ക് ചെയ്തു കൊണ്ടിരിക്കുന്നത്.
ട്രായിയുടെ വിലക്കിനെത്തുടർന്ന് ഒരു പരിഹാരമെന്ന നിലയിൽ, ഇത്തരം നമ്പറുകളെ സ്പാം എന്ന് അടയാളപ്പെടുത്തുന്നതിന് പകരം അവർക്ക് "ഫ്രീക്വൻ്റ്ലി ബ്ലോക്ക്ഡ്" എന്ന ബാഡ്ജ് നൽകാൻ ട്രൂകോളർ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയ്ക്കായുള്ള വിവരങ്ങൾ നൽകുന്നതിൽ നിന്നും കമ്പനികളെ സെൻസർ ചെയ്യുന്നത് യഥാർത്ഥ ബിസിനസുകളെയും ഉപയോക്താക്കളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ജുൻജുൻവാല കൂട്ടിച്ചേർത്തു.
Content Highlights: Truecaller CEO Rishit Jhunjhunwala has strongly criticized TRAI's restrictions that prevent the app from marking 140 and 1600 series telemarketing numbers as spam, arguing that the policy compromises user safety and aids scammers.