ഭിന്നത മാറ്റിവെച്ച് ഓൾട്ട്മാനും അമോദെയിയും; ജൈവായുധ വിഷയത്തിൽ കൈകോർത്ത് നീങ്ങും

#ടെക്‌നോളജി ഡെസ്‌ക്
1. സാം ഓള്‍ട്ട്മാനും ഡാരിയോ അമോദെയിയും ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ 2. പ്രതീകാത്മകചിത്രം | Photo - PTI, AI
1. സാം ഓള്‍ട്ട്മാനും ഡാരിയോ അമോദെയിയും ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ 2. പ്രതീകാത്മകചിത്രം | Photo - PTI, AI

വർഷങ്ങളായി കടുത്ത ഭിന്നതയിലാണ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ എഐ കമ്പനികൾക്ക് നേതൃത്വം നൽകുന്ന രണ്ടുപേർ. ഓപ്പൺ എഐ സിഇഓ സാം ഓൾട്ട്മാനും ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയയിയും തമ്മിലുള്ള ഭിന്നത ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽപോലും മറനീക്കി പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുന്ദർ പിച്ചൈ അടക്കമുള്ള ടെക് സിഇഓമാർക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ ഓൾട്ട്മാനും അമോദെയിയും കൈ കോർക്കാൻ വിസമ്മതിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ജൈവായുധ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്നതകൾ മറന്ന് ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും എന്നാണ് പുറത്തുവരുന്ന വിവരം.

ഓപ്പൺ എഐയിൽ നിന്ന് പുറത്തുപോയാണ് അമോദെയിയും സംഘവും ആന്ത്രോപിക് രൂപവത്കരിച്ചത്. അന്നുമുതലുള്ള അഭിപ്രായ ഭിന്നതയാണ് ഇരുവർക്കുമിടയിൽ ഇന്നും നിലനിൽക്കുന്നത്. പിന്നീട് നിർമിതബുദ്ധി (എഐ)യുടെ പ്രാധാന്യം വർധിച്ചതോടെ നാടകീയമായ പല സംഭവങ്ങൾക്കും ഓപ്പൺഎഐയും ആന്ത്രോപിക്കും സാക്ഷ്യംവഹിച്ചു. പെന്റഗണുമായി ഇടഞ്ഞതിനെത്തുടർന്ന് ട്രംപ് ഭരണകൂടം ആന്ത്രോപിക്കിന് വിലക്കേർപ്പെടുത്തുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ ഓപ്പൺഎഐയുമായി പെന്റഗൺ കരാറിലേർപ്പെട്ടു. എന്നാൽ നാടകീയ സംഭവങ്ങൾ ഇതോടെ അവസാനിച്ചില്ല. ഓപ്പൺഎഐയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ മൂല്യം കണക്കാക്കപ്പെടുന്ന എഐ കമ്പനിയായി ആന്ത്രോപിക് മാറി. ഈ സമയത്തെല്ലാം ഇരുവർക്കുമിടയിലെ ഭിന്നത നിലനിനനിരുന്നു.

ഒടുവിൽ തങ്ങളുടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുന്നതിനുള്ള പുതിയ നിയമങ്ങൾ കൊണ്ടുവരണമെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർത്ഥിക്കുന്നതിലാണ് ഓൾട്ട്മാനും അമോദെയയിയും ഭിന്നത മറന്ന് കൈകോർക്കാനൊരുങ്ങുന്നത്. ഇരുവർക്കും പുറമെ ഗൂഗിൾ എഐ സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റിന്റെ എഐ മേധാവി മുസ്തഫ സുലൈമാൻ എന്നിവരും ചേർന്നാണ് ഈ വിഷയത്തിൽ യു.എസ് കോൺഗ്രസിന് തുറന്ന കത്തയച്ചിട്ടുള്ളത്.

എഐ സംവിധാനങ്ങൾ അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ സാങ്കേതികവിദ്യ ദുരുപയോഗംചെയ്ത് ജൈവായുധങ്ങൾ ദുഷ്ടബുദ്ധികൾ സ്വന്തമാക്കുന്നതിനടക്കം സാധ്യതയുണ്ട്. ദുരുപയോഗം തടയുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും അന്താരാഷ്ട്രതലത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ നിർമ്മിതബുദ്ധിയുടെ പുരോഗതിയുടെ വേഗതയാണ് വെല്ലുവിളി. എഐ സംവിധാനങ്ങൾ നിലവിൽ ലബോറട്ടറി നടപടിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പിഎച്ച്ഡി തലത്തിലുള്ള വൈറോളജിസ്റ്റുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബയോടെക്‌നോളജി രംഗത്തെ ഭീഷണികൾ തള്ളിക്കളയാനാവില്ല. യു.എസ് കോൺഗ്രസ് ഈ സമ്മേളനത്തിൽ ഇക്കാര്യത്തിൽ നടപടി എടുക്കണം. ഇക്കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ടെക് കമ്പനി സിഇഓമാർ കത്തിൽ പറയുന്നു.

Content Highlights: Tech leaders urge mandatory screening for synthetic DNA orders to prevent misuse., AI systems are lowering barriers to biological weapon development., The call for action is supported by CEOs from OpenAI, Anthropic, Google, and Microsoft., The proposal focuses on verifying customer legitimacy and recordkeeping for synthesis machines.