50 വർഷം മുമ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കി, സൂപ്പർസോണിക് വിമാനങ്ങൾ വീണ്ടും വരുമ്പോൾ

വീണ്ടും വരുന്നു സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ, അതും അമ്പതുവർഷം മുമ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെ. അതിന് കാരണമായത് നാനയും ലോക്ഹീഡ് മാർട്ടിനും ചേർന്ന് നിർമ്മിച്ച പരീക്ഷണ വിമാനം X- 59 ന്റെ വിജയത്തോടെ. ആ കഥ ഇങ്ങനെയാണ്.
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് യാത്രാ വിമാനം അവസാനമായി യാത്ര ചെയ്തത് 2003 ലാണ്. പല സാങ്കേതിക കാരണങ്ങളാലും അന്ന് കോൺകോഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് ലണ്ടനിൽ നിന്നും പാരീസിൽ നിന്നും ചുരുക്കം ചില അന്താരാഷ്ട്ര നഗരങ്ങളിലേക്കാണ്. ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്കും പാരീസിൽ നിന്ന് ന്യൂയോർക്കിലേക്കുമൊക്കെ. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന ബ്രിട്ടീഷ് എർവേയ്സിന്റെ BA002 എന്ന കോൺകോഡ് ജി- ബോഗ് എന്ന വിമാനമാണ് അവസാനമായി സർവീസ് നടത്തിയത്. അത് 2003 ഒക്ടോബർ 24നായിരുന്നു.
സൂപ്പർസോണിക് വിമാനങ്ങൾ കമേഷ്യൽ സർവീസുകൾ നിർത്താനുണ്ടായ കാരണങ്ങൾ പലതായിരുന്നു. സമുദ്രത്തിന് മുകളിലൂടെയല്ലാതെ ശബ്ദത്തേക്കാൾ വേഗതയിൽ അവക്ക് സഞ്ചരിക്കാൻ അനുമതിയില്ല എന്നതായിരുന്നു പ്രധാന തിരിച്ചടി. ശബ്ദത്തേക്കാൾ വേഗതയിൽ ഒരു വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന സോണിക് ബൂം ജനവാസ കേന്ദ്രങ്ങളേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നതും, വ്യോമഗതാഗതരംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നതുമായിരുന്നു കാരണം. ഇന്ധനം കൂടുതൽ വേണമെന്നതും പാരിസിൽ നടന്ന കോൺകോർഡ് വിമാന അപകടവുമെല്ലാം കാരണം യാത്രക്കാരുടെ ഡിമാൻഡും കുറഞ്ഞു. അങ്ങനെയാണ് കോൺകോർഡ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. 2000 ജൂലൈ 25ന് പാരിസിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്ന വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ തകർന്നു വീണ് 113 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്തംബർ 11 ഭീകരാക്രമണവും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാമാണ് കോൺകോർഡ് സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്.
1973-ൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കരയിലൂടെ സൂപ്പർസോണിക് വേഗതയിൽ വിമാനങ്ങൾ പറക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതിന് കാരണമായത് എക്സ് 59 എയർക്രാഫ്റ്റ് ഈ ജൂൺ അഞ്ചിന് നടത്തിയ വിജയകരമായ പറക്കലും.
50 വർഷത്തെ വിലക്ക് നീങ്ങുന്നു; സൂപ്പർസോണിക് വിമാനങ്ങൾക്ക് പച്ചക്കൊടി കാണിച്ച് യു.എസ്
എക്സ് 59 ഒരു കമേഷ്യൽ യാത്രാവിമാനമല്ല, ഒരു പരീക്ഷണ വിമാനം മാത്രമായിരുന്നു. നേരത്തേ നമ്മൾ പറഞ്ഞ സോണിക് ബൂം കുറഞ്ഞ തോതിൽ മാത്രമാണ് ഈ വിമാനം പുറപ്പെടുവിക്കുന്നത് എന്ന് പരീക്ഷണ പറക്കലുകളിൽ തെളിഞ്ഞു. സോണിക് ബൂം എന്നാൽ ശബ്ദത്തേക്കാൾ വേഗതയിൽ വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന സ്ഫോടനം പോലുള്ള ശബ്ദമാണ്. സാധാരണ ഗതിയിൽ വിമാനങ്ങൾ സഞ്ചരിക്കുമ്പോൾ ശബ്ദം വിമാനത്തിന് മുന്നേ സഞ്ചരിക്കും. എന്നാൽ ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം സഞ്ചരിക്കുമ്പോൾ ആ ശബ്ദം വിമാനത്തിൽ തന്നെ തട്ടി പ്രത്യേക ശബ്ദമായി മാറും, ആ ശബ്ദതരംഗങ്ങൾ സങ്കോചിച്ച് ഒരു വലിയ ഷോക്ക് വേവായി മാറും. ആന്തരീക്ഷത്തിൽ കൂടെ സഞ്ചരിക്കുന്ന ഈ പ്രകമ്പനം അതാണ് സോണിക് ബൂം. ഇത് ഭൂമിയിൽ കെട്ടിടങ്ങൾക്ക് പോലും കേടുപാടുണ്ടാക്കും.
മുന്നിൽ സൂചിപോലെ നീണ്ടു നിൽക്കുന്ന പുതിയ എക്സ് 59 വിമാനത്തിന്റെ സാങ്കേതിക വിദ്യ ഈ സോണിക് ബൂം വലിയ തോതിലുണ്ടാകുന്നതിനെ പ്രതിരോധിക്കും. അതായത് നേരത്തേ പറഞ്ഞ വലിയ പ്രകമ്പനങ്ങൾ തമ്മിൽ കൂടിച്ചേരുന്നത് കുറക്കുമെന്ന് സാരം.
സൂപ്പർസോണിക് വിമാനങ്ങൾ... കരയിലൂടെയുള്ള ആ വിമാനങ്ങളുടെ യാത്ര വീണ്ടും തുടങ്ങുകയാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ട നിരോധനം നീക്കി ഭൂഖണ്ഡാന്തര സൂപ്പർസോണിക് വിമാനങ്ങൾ ഇനി വീണ്ടും പറന്ന് തുടങ്ങും. ജൂണിൽ നടത്തിയ രണ്ട് പരീക്ഷണങ്ങളും അനുകൂലമായതോടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പഴയ വിലക്ക് നീക്കാനുള്ള എക്സിക്യുട്ടീവ് ഓർഡറിൽ ഒപ്പിട്ടത്.
മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയാണ് പ്രധാനമായും കോൺകോർഡ് വിമാനങ്ങൾ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിച്ചിരുന്നത്. അറ്റ്ലാന്റിക് മുറിച്ചു കടക്കാൻ സാധാരണ ജെറ്റ് വിമാനങ്ങൾ എഴ്-എട്ട് മണിക്കൂറെടുക്കുമ്പോൾ സൂപ്പർ സോണിക് വിമാനങ്ങൾ മൂന്നര മണിക്കൂറു മാത്രമേ എടുത്തിരുന്നുള്ളൂ. പക്ഷേ കരയ്ക്ക് മുകളിലെത്തുമ്പോൾ വിമാനം ശബ്ദവേഗതയ്ക്കാൾ കുറച്ച് സഞ്ചരിക്കണം.
പുതിയ നിർദേശ പ്രകാരം, വിമാനങ്ങൾ ശബ്ദത്തേക്കാൾ വേഗതയിൽ പറക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒരു നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ കരയ്ക്ക് മുകളിലൂടെ സഞ്ചരിക്കാം. വിമാനങ്ങളുടെ ശബ്ദപരിധി നിശ്ചയിക്കുന്നതിനുള്ള നിയമങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിലെ ശബ്ദ നിയന്ത്രണങ്ങൾ സംബന്ധിച്ച നിയമങ്ങൾ കൂടി ഉൾപ്പെടുത്തി സൂപ്പർസോണിക് വിമാനങ്ങൾക്കായുള്ള പുതിയ നിയമങ്ങൾ 2027 പകുതിയോടെ നിലവിൽ വന്നേക്കുമെന്നാണ് കരുതുന്നത്.
ശബ്ദമലിനീകരണം കുറഞ്ഞ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജനവാസ മേഖലകളിൽ ബുദ്ധിമുട്ടുണ്ടാക്കാതെ അതിവേഗ യാത്രകൾ സാധ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. നാസയ്ക്ക് പുറമെ ബൂം സൂപ്പർസോണിക്, സ്പൈക് എയ്റോസ്പേസ് തുടങ്ങിയ കമ്പനികളും ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇതിൽ ബൂം സൂപ്പർസോണിക് വികസിപ്പിച്ച XB-1 എന്ന വിമാനം അടുത്തിടെ ശബ്ദവേഗത മറികടന്നിരുന്നു.
ഇനി സൂപ്പർസോണിക് വിമാനങ്ങൾ പറന്നുതുടങ്ങിയാൽ എന്തൊക്കെയാണ് ഗുണങ്ങളെന്ന് നോക്കാം. വേഗത കൂടുമ്പോൾ യാത്രാസമയം കുറയുമെന്നത് തന്നെയാണ് പ്രധാന കാര്യം. മണിക്കൂറിൽ 767 മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ദീർഘദൂര യാത്രകളുടെ സമയം പകുതിയോളം കുറയ്ക്കാം. ഉദാഹരണത്തിന്, സമുദ്രങ്ങൾക്ക് കുറുകെയുള്ള യാത്രകൾ നാല് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാം. ഏറോസ്പേസ് എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലെ പുരോഗതി ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരും.
ഇനി കാണാനുള്ളത് വ്യോമഗതാഗത മേഖലയിൽ പുതിയ പരീക്ഷണങ്ങളാണ്. അതും കോവിഡിന് ശേഷം മങ്ങിപ്പോയ വ്യോമഗതാഗത മേഖല ചിറകു വിരിച്ചു പറന്നു തുടങ്ങിയ പുതിയ കാലത്ത്.
Content Highlights: NASA's X-59 successfully demonstrated reduced sonic boom technology., The 50-year ban on overland supersonic flight is being lifted following successful tests., New FAA regulations for supersonic commercial travel are expected by mid-2027., Supersonic travel promises to cut long-haul flight times by half., Private firms like Boom Supersonic are also advancing quiet supersonic aircraft.