അഡ്മിഷൻ നൽകിയില്ല, ഐഐടി വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് വിദ്യാർത്ഥി; സർപ്രൈസ് ഓഫറുമായി കാൺപൂർ

#ടെക്നോളജി ഡെസ്ക്
1. ഐഐടി കാണ്‍പുര്‍ 2. പ്രതീകാത്മകചിത്രം | Photo - iitk.ac.in, AI
1. ഐഐടി കാണ്‍പുര്‍ 2. പ്രതീകാത്മകചിത്രം | Photo - iitk.ac.in, AI

അഡ്മിഷൻ നൽകാത്തതിന്റെ പേരിൽ കാൺപുർ ഐഐടിയുടേയും മദ്രാസ് ഐഐടിയുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് വിദ്യാർഥി. എന്നാൽ, വിദ്യാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം സാങ്കേതിക കഴിവുകൾ വിലയിരുത്തി പുതിയ ബാച്ചലർ ഓഫ് സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് രണ്ടാമതൊരവസരം നൽകാനാണ് ഐഐടി കാൺപൂർ തീരുമാനിച്ചത്.

വിദ്യാർഥി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഹാക്ക് ചെയ്തതിന്റെ തെളിവുകൾ സ്ക്രീൻഷോട്ടുകളായി എക്സ്, റെഡ്ഡിറ്റ് പ്ലാറ്റ്ഫോമുകളിൽ പിന്നീട് പങ്കുവെക്കുകയും ചെയ്തു. ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കാനല്ലെന്നും തന്റെ കഴിവുകൾ തെളിയിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വിദ്യാർഥി പറഞ്ഞു.

ഹാക്ക് ചെയ്ത വെബ്സൈറ്റുകളിൽ "സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. എനിക്ക് അർഹമായ ഒരവസരം മാത്രമാണ് ആവശ്യം" എന്ന സന്ദേശം വിദ്യാർഥി പങ്കുവെച്ചിരുന്നു. പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകളും മുൻ സൈബർ സെക്യൂരിറ്റി പ്രവർത്തനങ്ങളുടെ തെളിവുകളും നൽകിയിട്ടും, പ്രവേശന പ്രക്രിയയുടെ ഭാഗമായ ഹാക്കത്തോണിലേക്ക് തന്നെ പരിഗണിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു

സൈബർ സെക്യൂരിറ്റിയിൽ മുൻപരിചയം ഇല്ലാത്തതിനാലാണ് വിദ്യാർത്ഥിയെ ഹാക്കത്തോൺ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഐഐടി കാൺപൂർ ഡയറക്ടർ മണിന്ദ്ര അഗർവാൾ വ്യക്തമാക്കി. നിലവിലെ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായതിനാൽ ഇപ്പോൾ പ്രവേശനം നൽകാനാവില്ലെങ്കിലും, വിദ്യാർത്ഥിയെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ച് പ്രത്യേക നൈപുണ്യ പരിശോധന നടത്തുമെന്നും കഴിവ് തെളിയിച്ചാൽ അടുത്ത അധ്യയന വർഷത്തിൽ അവസരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സിസ്റ്റങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ആവർത്തിക്കരുതെന്നും മുതിർന്ന അധ്യാപകരും എഞ്ചിനീയർമാരും വിദ്യാർത്ഥിയെ ഉപദേശിക്കും.

ആദ്യഘട്ടത്തിൽ പൊലീസിൽ പരാതി നൽകാൻ ആലോചിച്ചിരുന്നെങ്കിലും, വിദ്യാർഥിയുടെ കഴിവുകൾ പരിശോധിച്ച ശേഷം മാത്രം തുടർന്നുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. മുൻപും സിബിഎസ്ഇയുടെ ഓൺലൈൻ മാർക്കിംഗ് പോർട്ടലിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയ ഒരു യുവാവിന് തങ്ങളുടെ 'C3iHub'-ൽ ജോലി നൽകി കാൺപൂർ ഐഐടി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Content Highlights: After a student hacked the official websites of IIT Kanpur and IIT Madras over an admission rejection, IIT Kanpur decided not to file a police complaint and instead offered him a second chance to prove his skills for their Bachelor of Cybersecurity program.