കുംഭമേളയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റീവ് ജോബ്‌സിന്റെ കത്ത്; ലേലത്തില്‍ വിറ്റത് 4 കോടിക്ക്

സ്റ്റീവ് ജോബ്‌സിന്റെ കത്ത്/ സ്റ്റീവ് ജോബ്‌സ്‌ | Photo: Reuters
സ്റ്റീവ് ജോബ്‌സിന്റെ കത്ത്/ സ്റ്റീവ് ജോബ്‌സ്‌ | Photo: Reuters

കുംഭമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുള്ള ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ കത്ത് ലേലത്തില്‍ വിറ്റുപോയത് ഏകദേശം നാല് കോടി രൂപയ്ക്ക്. ഓക്ഷന്‍ ഹൗസായ ബൊന്‍ഹാംസ് ആണ് ഈ കത്ത് ലേലത്തിന് വെച്ചത്. 1974 ല്‍  തന്റെ 19-ാം പിറന്നാളിന് ഒരു ദിവസം മുമ്പാണ് സ്റ്റീവ് ജോബ്സ് കത്ത് സുഹൃത്തായ ടിം ബ്രൗണിന് അയച്ചത്. 

ആത്മീയ കാര്യങ്ങളെ കുറിച്ച് പറയുന്ന കത്തില്‍ ബുദ്ധ മതത്തെ കുറിച്ചും കുംഭ മേള കാണാനായി ഇന്ത്യയിലെത്തുന്നതിനെ കുറിച്ചും പറയുന്നുണ്ട്. നിരവധി തവണ താന്‍ കരഞ്ഞുവെന്നും ഏപ്രിലില്‍ ഇന്ത്യയില്‍ കുംഭമേള ആരംഭിക്കുമെന്നും അതിനുമുമ്പ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്നും കത്തിലുണ്ട്. 'ശാന്തി, സ്റ്റീവ് ജോബ്സ്' എന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കുംഭമേള കാണാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ഇതിന് മുമ്പ് അദ്ദേഹം ഉത്തരാഖണ്ഡിലെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. നീം കരോളി ബാബയുടെ ആശ്രമം സന്ദര്‍ശിക്കാനാണ് സ്റ്റീവ് ജോബ്സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നൈനിറ്റാളിലെത്തിയപ്പോള്‍ നീം കരോളി ബാബ ഒരു വര്‍ഷം മുമ്പ് മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. തുടര്‍ന്ന് കൈഞ്ചി ധാമിലെ ആശ്രമത്തില്‍ ഏഴ് മാസത്തോളം സ്റ്റീവ് ജോബ്സ് ചെലവഴിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തിലും ആത്മീയതിലും മുഴുകി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞില്ലെന്ന് സ്റ്റീവ് ജോബ്സ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'തല മുണ്ഡനം ചെയ്ത് കോട്ടണ്‍ മേലങ്കിയാണ് ഞാന്‍ ധരിച്ചിരുന്നത്. വെയിലുകൊണ്ട് എന്റെ തൊലിയുടെ നിറമെല്ലാം മാറിയിരുന്നു. ഒരു ബുദ്ധ സന്യാസിയില്‍നിന്ന് വാങ്ങിയ ഒരു ഓറഞ്ച് മേലങ്കിയും ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു,' സ്റ്റീവ് ജോബ്സ് അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍  നടക്കുന്ന മഹാകുംഭ മേളയില്‍ സ്്റ്റീവ് ജോബ്സിന്റെ ഭാര്യ ലൊറീന്‍ പവല്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിക്കുക എന്നതായിരുന്നു ആ യാത്രയ്ക്കുപിന്നിലെ പ്രധാന ലക്ഷ്യം. 'കമല' എന്ന പേരും അവര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ജനത്തിരക്ക് മൂലം ലൊറീന് ദേഹാസ്വസ്ഥ്യമുണ്ടായി. നിലവില്‍ പ്രയാഗ് രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരിയുടെ ആശ്രമത്തില്‍ വിശ്രമത്തിലാണ് അവര്‍. ഞായാറാഴ്ച്ച വൈകീട്ടാണ് അവര്‍ ആശ്രമത്തിലെത്തിയത്. ജനുവരി 11-ന് വാരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച ലോറീന്‍ ജലാഭിഷേകം നടത്തിയിരുന്നു. അതിനുശേഷമാണ് പ്രയാഗ്രാജിലെ ആശ്രമത്തിലെത്തിയത്. 


 

Content Highlights: steve jobs letter on kumbh mela plan sells for rs 4 crore