ഉപഗ്രഹങ്ങള്‍ കൂട്ടിയിടിക്കുമോ? എന്തും സംഭവിക്കാം ? സുപ്രധാന ഓഫീസ് അടച്ചുപൂട്ടാന്‍ ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AP

ബഹിരാകാശത്തെ ഉപഗ്രഹ ഗതാഗതവും കൂട്ടിയിടി ഒഴിവാക്കലും ഏകോപിപ്പിക്കുന്ന ട്രാഫിക് കോര്‍ഡിനേഷന്‍ സിസ്റ്റം ഫോര്‍ സ്‌പേസിന്റെ (TraCSS) പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ധനസഹായം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെ സ്‌പേസ് എക്‌സ്, ആമസോണ്‍ കൈപ്പര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ബഹിരാകാശ കമ്പനികള്‍ രംഗത്തെത്തി. 

വൈറ്റ് ഹൗസിന്റെ 2026-ലെ ബജറ്റ് നിര്‍ദേശപ്രകാരം, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (NOAA) ഓഫീസ് ഓഫ് സ്‌പേസ് കൊമേഴ്‌സിന് (OSC) 2025-ല്‍ 65 മില്യണ്‍ ഡോളറായിരുന്ന ധനസഹായം 10 മില്യണ്‍ ഡോളറായി 84% കുറയ്ക്കാനാണ് പദ്ധതി. ബഹിരാകാശത്തെ വര്‍ധിച്ചുവരുന്ന 'ഗതാഗത തിരക്ക്' കൈകാര്യം ചെയ്യുന്നതിനായി 2018-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആരംഭിച്ച TraCSS-ന്റെ പ്രവര്‍ത്തനം ഇതോടെ പ്രതിസന്ധിയിലാകും.

വ്യവസായ ഭീമന്മാരുടെ എതിര്‍പ്പ്  

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പോലുള്ള ചെറു ഉപഗ്രഹങ്ങളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതിനിടെ, TraCSS-ന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് ഉപഗ്രഹ കൂട്ടിയിടികളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും, നിര്‍ണായക ദൗത്യങ്ങള്‍ അപകടത്തിലാകുമെന്നും 450-ലധികം കമ്പനികളെ പ്രതിനിധീകരിക്കുന്ന ഏഴ് വ്യവസായ സംഘടനകള്‍ NOAA-യുടെ നേതൃത്വത്തിലുള്ള സെനറ്റ് കമ്മിറ്റിക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. 

ബഹിരാകാശത്തെ വെല്ലുവിളികള്‍ 
 
നിലവില്‍ 12,000-ത്തിലധികം സജീവ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലുണ്ട്. ഇതിന് പുറമെ, ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് അവശിഷ്ടങ്ങളും (space debris) ഭ്രമണപഥത്തില്‍ കറങ്ങുന്നു, ഇത് കൂട്ടിയിടി സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധ വകുപ്പിന്റെയും സ്വകാര്യ കമ്പനികളുടെയും ഡാറ്റ ഉപയോഗിച്ചാണ് TraCSS ഉപഗ്രഹ ഗതാഗതം ഏകോപിപ്പിച്ചിരുന്നത്.

നിലവില്‍ പെന്റഗണിന് കീഴിലുള്ള സ്‌പേസ് ട്രാക്ക് സംവിധാനം പ്രധാനമായും സൈനിക ആവശ്യങ്ങള്‍ക്കാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ-സര്‍ക്കാര്‍ ഉപഗ്രഹങ്ങളുടെ ഗതാഗതം കൈകാര്യം ചെയ്യാന്‍ ഒരു സ്വതന്ത്ര ഏജന്‍സി ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. രാജ്യസുരക്ഷാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട്. 

സ്വകാര്യ കമ്പനികള്‍ക്ക് സ്വതന്ത്രമായി ബഹിരാകാശ ഗതാഗതം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്നും, സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കണമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍, ദേശീയ സുരക്ഷയ്ക്കും മത്സരക്ഷമതയ്ക്കും കേന്ദ്രീകൃത സര്‍ക്കാര്‍ സംവിധാനം അനിവാര്യമാണെന്ന് വ്യവസായ ഗ്രൂപ്പുകള്‍ വാദിക്കുന്നു. 

TraCSS-ന്റെ ധനസഹായം വെട്ടിക്കുറയ്ക്കുന്നത് ബഹിരാകാശ വ്യവസായത്തിന്റെ വളര്‍ച്ചയെയും സുരക്ഷയെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സ്റ്റാര്‍ലിങ്ക്, ആമസോണ്‍ കൈപ്പര്‍ തുടങ്ങിയവയുടെ ദ്രുതഗതിയിലുള്ള വികാസത്തിനിടയില്‍, ബഹിരാകാശ ഗതാഗത നിയന്ത്രണത്തിന് ശക്തമായ സംവിധാനം അനിവാര്യമാണെന്ന് വ്യവസായ ലോബി ഊന്നിപ്പറയുന്നു. 

Content Highlights: Funding for TraCSS, a crucial space traffic coordination system, is slashed by 84%,