സ്വകാര്യതയ്ക്ക് ഭീഷണിയായി എഐ; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി സിഗ്നലിന്റെ നിർണായക നീക്കം

#ടെക്നോളജി ഡെസ്ക്
Photo: AI Generated
Photo: AI Generated

ഉപയോക്താക്കളുടെ ദൈനംദിന ഡിജിറ്റൽ ഇടപെടലുകളുടെ ഭാഗമാകാൻ വ്യക്തിഗത എഐ ഏജന്റുകളെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെക് കമ്പനികൾ. എന്നാൽ ഇത്തരം എഐ ഏജന്റുകൾ ഉയർത്തുന്ന പുതിയ സ്വകാര്യതാ ഭീഷണികൾ തടയാൻ നടപടികളുമായി സുരക്ഷിത മെസേജിങ് ആപ്പായ സിഗ്നൽ. ആപ്പിലെ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ എഐ ഏജന്റുകൾക്ക് ആക്സസ് ചെയ്യാനാകാത്ത വിധം സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി സിഗ്നൽ ആപ്പിൽ ഡിഫോൾട്ടായി സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാൻ തീരുമാനിച്ചു. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ എഐ ഏജന്റുകൾ സിഗ്നൽ വിവരങ്ങൾ പകർത്തി സൂക്ഷിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ആപ്പിന് പിന്നിലുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിന്റെ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കർ നവംബർ 20 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

നിലവിൽ വിൻഡോസ് ആപ്പിൽ സിഗ്നൽ സ്ക്രീൻഷോട്ട് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും സമാന നിയന്ത്രണം ബാധകമാകും. എന്നാൽ, ആപ്പിന്റെ സെറ്റിങ്സിൽ പോയി ഉപയോക്താക്കൾക്ക് ഈ നിയന്ത്രണം ഒഴിവാക്കാനാകും.

എഐ ഏജന്റുകൾക്ക് കൂടുതൽ വ്യക്തിഗത വിവരങ്ങൾ ലഭിക്കുമ്പോഴാണ് അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. എന്നാൽ, ഇതിലൂടെ ഉപയോക്താക്കളുടെ മാത്രമല്ല, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വിവരങ്ങൾ കൂടി പുറത്താകാൻ സാധ്യതയുണ്ട്. ഉപയോക്താക്കളുടെ സ്ക്രീനിലുള്ള വിവരങ്ങൾ പകർത്തി പ്രാദേശിക ഡേറ്റാബേസുകളിലോ വിദൂര സെർവറുകളിലോ സൂക്ഷിക്കാൻ കഴിയുന്ന ഇത്തരം എഐ സംവിധാനങ്ങൾ സിഗ്നലിന്റെ സ്വകാര്യതാ സംരക്ഷണത്തിന് വെല്ലുവിളിയാണെന്ന് മെറിഡിത്ത് വിറ്റേക്കർ പറഞ്ഞു. ഒരിക്കൽ വിവരങ്ങൾ പകർത്തിയാൽ അവയുടെ നിയന്ത്രണം സിഗ്നലിന് നഷ്ടമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

എന്നാൽ സ്ക്രീൻഷോട്ടുകൾ തടയുക എന്നത് ഇതിന് പൂർണമായ പരിഹാരമല്ലെന്നും അവർ സമ്മതിച്ചു. ആപ്ലിക്കേഷനുകളിലെ വിവരങ്ങൾ എഐ ഏജന്റുകൾക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന മറ്റ് രഹസ്യ മാർഗങ്ങളെ ഈ നിയന്ത്രണം തടയില്ലെന്നും വിറ്റേക്കർ വ്യക്തമാക്കി.

2025-ൽ വിൻഡോസ് 11-ൽ മൈക്രോസോഫ്റ്റിന്റെ റീകോൾ എഐ ഫീച്ചർ സിഗ്നൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് സൂക്ഷിക്കുന്നത് തടയുന്നതിനായി സമാന നിയന്ത്രണം നടപ്പാക്കിയിരുന്നു.

Content Highlights: Messaging app Signal has decided to block screenshots by default on Android and iOS to prevent operating system-level AI agents from capturing and storing users' private conversations.