ട്രംപിന്റെ തീരുവ സാംസങ്ങിനും പണിയാകും; ഇന്ത്യയിൽ ഫോൺ ഉത്പാദനം വര്‍ധിപ്പിക്കുമോ?

പ്രതീകാത്മകചിത്രം | AP, AFP
പ്രതീകാത്മകചിത്രം | AP, AFP

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഉയര്‍ത്തല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തല്‍. വിയറ്റ്‌നാമില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ യു.എസ് 46 ശതമാനമായി ഉയര്‍ത്തിയതാണ് സാംസങ് ഇലക്ട്രോണിക്‌സിന് തലവേദന സൃഷ്ടിക്കുന്നത്. സാംസങ്ങിന്റെ പ്രധാന നിര്‍മാണ ഹബ്ബുകളിലൊന്ന് വിയറ്റ്‌നാമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ലോകവിപണിയില്‍ വിറ്റഴിക്കുന്നതിനുള്ള മൊബൈല്‍ ഫോണുകളുടെ 60 ശതമാനവും സാംസങ് നിര്‍മിക്കുന്നത് വിയറ്റ്‌നാമിലാണ്.

1989-ലാണ് സാംസങ് വിയറ്റ്‌നാമിലെത്തുന്നത്. അക്കാലംമുതല്‍തന്നെ ദക്ഷിണകൊറിയന്‍ കമ്പനിയുടെ നിര്‍മാണ സ്ട്രാറ്റജി ആ രാജ്യത്തെ കേന്ദ്രീകരിച്ച് വികസിച്ച് തുടങ്ങിയിരുന്നു. നിലവില്‍ വിയറ്റ്‌നാമില്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഭൂരിഭാഗവും അമേരിക്കന്‍ വിപണിയെത്തന്നെ ലക്ഷ്യംവെച്ചുള്ളതാണ്. അമേരിക്കയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനമാണ് സാംസങ്ങിനുള്ളത്. നിലവില്‍ വിയറ്റ്‌നാമും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിലെ വലിയ അന്തരമാണ് ഉയര്‍ന്ന തീരുവ ചുമത്താനുള്ള ട്രംപിന്റെ നയത്തിന് പിന്നില്‍. എന്നാല്‍ ഈ നീക്കം സാംസങ്ങിന്റെ ഗ്ലോബല്‍ സപ്ലൈ ചെയിനിനുതന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

ഉയര്‍ന്ന തീരുവ ഈടാക്കുന്നത് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ടെങ്കിലും സാംസങ്ങിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സാംസങ്ങിന് പുതിയ സാധ്യതകള്‍ തേടേണ്ടിവരും. ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമുള്ള കമ്പനികളില്‍നിന്നുള്ള നിര്‍മാണം വര്‍ധിപ്പിക്കുന്നതടക്കമാണ് സാംസങ്ങിന് മുന്നിലുള്ള സാധ്യതകള്‍. എന്നാല്‍ ഇത് ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഒറ്റ നിര്‍മാണ ബേസിനെ ആശ്രയിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധിയാണ് നിലവില്‍ സാംസങ് നേരിടുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയെ ആശ്രയിക്കാത്ത കമ്പനികള്‍ വിയറ്റ്‌നാമിലെത്തുന്നത് ആ രാജ്യത്തിന് നേട്ടമായിരുന്നു. എന്നാല്‍ നിലവില്‍ വൈദ്യുതി ലഭ്യത, തൊഴിലാളികളുടെ ഉയര്‍ന്ന കൂലി തുടങ്ങിയ പ്രശ്‌നങ്ങള്‍ വിയറ്റ്‌നാമില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നേരിടുന്നുണ്ട്.
 

Content Highlights: rumps tariff hike challenge for samsung