ഗെയിമര്‍മാരെ ആവേശത്തിലാക്കി പിഎസ് 5 നവംബര്‍ 12 ന് എത്തുന്നു; വിലവിവരങ്ങള്‍ പ്രഖ്യാപിച്ചു

പ്ലേസ്റ്റേഷന്‍ 5 ഗെയിമിങ് കണ്‍സോളും അനുബന്ധ ഉപകരണങ്ങളും | Photo: playstation.com|en-in|ps5|
പ്ലേസ്റ്റേഷന്‍ 5 ഗെയിമിങ് കണ്‍സോളും അനുബന്ധ ഉപകരണങ്ങളും | Photo: playstation.com|en-in|ps5|

സോണിയുടെ പ്ലേസ്റ്റേഷന്‍ 5 ഗെയിമിങ് കണ്‍സോളിന്റെ വിലയും പുറത്തിറക്കുന്ന തീയതിയും പ്രഖ്യാപിച്ചു. 499 ഡോളറായിരിക്കും പ്ലേസ്റ്റേഷന് വില. അതേസമയം പ്ലേസ്റ്റേഷന്‍ ഡിജിറ്റല്‍ എഡിഷന് 399 ഡോളറായിരിക്കും വില. 

അമേരിക്ക, കാനഡ, ജപ്പാന്‍, മെക്‌സികോ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നവംബര്‍ 12 ന് പ്ലേ സ്റ്റേഷന്‍ 5 പുറത്തിറക്കും. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ വിപണിയില്‍ പ്ലേ സ്റ്റേഷന്‍ പുറത്തിറക്കുന്നതെപ്പോഴാണെന്ന് സോണി വെളിപ്പെടുത്തിയിട്ടില്ല. 

മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് സീരീസ് എക്‌സിനോടും എക്‌സ് ബോക്‌സ് സീരീസ് എസിനോടുമായിരിക്കും പുതിയ പ്ലേ സ്റ്റേഷന്‍ 5, പ്ലേസ്റ്റേഷന്‍ ഡിജിറ്റല്‍ എഡിഷന്‍ എന്നിവ മത്സരിക്കുക. എക്‌സ് ബോക്‌സ് സീരീസ് എക്‌സിന് 499 ഡോളറും സീരീസ് എസിന് 299 ഡോളറുമാണ് വില. ഇതില്‍ എക്‌സ് ബോക്‌സ് സീരീസ് എക്‌സ് വിലകൂടിയ പതിപ്പാണെങ്കില്‍ സീരീസ് എസ് ചെലവ് കുറഞ്ഞ പതിപ്പാണ്. 

ഇതേ മാതൃകയില്‍ തന്നെയാണ് സോണി പ്ലേ സ്റ്റേഷന്‍ 5, പ്ലേ സ്റ്റേഷന്‍5 ഡിജിറ്റല്‍ എഡിഷന്‍ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ സ്റ്റേഷന്‍ 5 ല്‍ ഒരു 4കെ ബ്ലൂറേ ഡ്രൈവ് ഉള്‍പ്പെടുന്നുണ്ട്. ഡിജിറ്റല്‍ എഡിഷനില്‍ സ്ട്രീം ചെയ്യാനും പ്ലേ സ്‌റ്റേഷന്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കളിക്കാനും മാത്രമേ സാധിക്കൂ. 

പ്ലേസ്റ്റേഷന്‍ 5 ല്‍ 8 കോര്‍ എഎംഡി സെന്‍ 2 സിപിയു എഎംഡി ആര്‍ഡിഎന്‍എ 8- അടിസ്ഥാനമാക്കിയുള്ള ജിപിയു എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് സിസ്റ്റം മെമ്മറി. 120 ഹെര്‍ട്‌സ് റിപ്രഷ് റേറ്റില്‍ 4കെ ഗ്രാഫിക്‌സ്, 8 കെ ഗ്രാഫിക്‌സ്, ത്രിഡി ഓഡിയോ എന്നിവ പ്ലേസ്റ്റേഷന്‍ 5 പിന്തുണയ്ക്കും. 

പ്ലേസ്റ്റേഷന്‍ 5 നിരവധി അനുബന്ധ ഉപകരണങ്ങളെ പിന്തുണയ്ക്കും. സോണിയുടെ പുതിയ ഡ്യുവല്‍സെന്‍സ് കണ്‍ട്രോളറിന് 69.99 ഡോളര്‍ ചിലവാകും, ഒരേ സമയം രണ്ട് ഡ്യുവല്‍സെന്‍സ് കണ്‍ട്രോളറുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ചാര്‍ജിംഗ് സ്റ്റേഷന് 29.99 ഡോളര്‍ വരും.. അതേസമയം, പള്‍സ് 3 ഡി വയര്‍ലെസ് ഹെഡ്സെറ്റിന്റെ വില. 99.99 ഡോളറും കണ്‍സോളിന്റെ മീഡിയ റിമോട്ടിന്. 29.99 ഡോളറും വിലവരും. എച്ച്ഡി ക്യാമറ 59.99 ഡോളറിനാണ് സോണി വില്‍ക്കുക.

മാര്‍വലിന്റെ സ്പൈഡര്‍മാന്‍: മൈല്‍സ് മൊറേല്‍സ്, ഡെവിള്‍ മെയ് ക്രൈ 5, ഫോര്‍ട്ട്നൈറ്റ്, ഡെമോണ്‍സ് സോള്‍സ്, ഫൈനല്‍ ഫാന്റസി 16, റെസിഡന്റ് ഈവിള്‍ വില്ലേജ്, ഗ്രാന്‍ ടൂറിസ്‌മോ 7, ഡെത്ത്ലൂപ്പ് എന്നിവയുള്‍പ്പെടെ നിരവധി ഉയര്‍ന്ന ഗെയിമുകള്‍ പ്ലേസ്റ്റേഷന്‍ 5 ന് ലഭിക്കും. പിഎസ് 5 ല്‍ ഗോഡ് ഓഫ് വാര്‍: റാഗ്‌നറോക്ക് എന്ന ഗോഡ് ഓഫ് വാര്‍ ഗെയിമും ലഭിക്കും. വാര്‍ണര്‍ ബ്രോസില്‍ നിന്നുള്ള ഓപ്പണ്‍-വേള്‍ഡ് ഹാരി പോട്ടര്‍ യൂണിവേഴ്‌സ് ഗെയിമായ ഹൊഗ്വാര്‍ട്ട്‌സ് ലെഗസിയും അടുത്ത വര്‍ഷം പിഎസ് 5 ലേക്ക് എത്തും. 

എക്‌സ് ബോക്‌സ് ഗെയിം പാസിന് മറുപടിയെന്നോണം പിഎസ്5 നായി പ്ലേ സ്റ്റേഷന്‍ പ്ലസ് കളക്ഷനും സോണി അവതരിപ്പിച്ചിട്ടുണ്ട്. അധിക ചെലവില്ലാതെ ഒരു കൂട്ടം പിഎസ് 4 ഗെയിമുകള്‍ കളിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സബ്സ്‌ക്രിപ്ഷന്‍ സേവനമാണിത്. പ്ലേസ്റ്റേഷന്‍ പ്ലസ് കളക്ഷന്റെ ഭാഗമായ ഗെയിമുകള്‍ ഇവയാണ്  ഗോഡ് ഓഫ് വാര്‍, ബ്ലഡ്‌ബോണ്‍, മോണ്‍സ്റ്റര്‍ ഹണ്ടര്‍ വേള്‍ഡ്, ഫൈനല്‍ ഫാന്റസി XV, ഫാള്‍ ഔട്ട് 4, മോര്‍ട്ടല്‍ കോമ്പാറ്റ് എക്‌സ്, അണ്‍ചാര്‍ട്ടഡ് 4: എ തീഫ്‌സ് എന്റ് ഉള്‍പ്പടെയുള്ള ഗെയിമുകള്‍ പ്ലേ സ്റ്റേഷന്‍ പ്ലസില്‍ ലഭിക്കും.

Content Highlights: play station 5 launch november 12 price details

Content Highlights: