മഡുറോയെ പിടികൂടിയതിൽ AI-യുടെ പങ്കെന്ത്? ആന്ത്രോപിക്കിനെ ഒഴിവാക്കാൻ നീക്കവുമായി പെന്റഗൺ

#ടെക്‌നോളജി ഡെസ്‌ക്
1. നിക്കോളാസ് മഡുറോ 2. പെന്റഗണ്‍ | Photo - AP, AFP
1. നിക്കോളാസ് മഡുറോ 2. പെന്റഗണ്‍ | Photo - AP, AFP

നിർമിതബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപിക്കുമായുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാനൊരുങ്ങി പെന്റഗൺ. എഐ മോഡലുകൾ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നീക്കത്തിന് പിന്നിൽ. ചില നിയന്ത്രണങ്ങൾ നീക്കാൻ പെന്റഗൺ ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം ഗണ്യമായി കുറയ്ക്കുന്നതിനോ പൂർണമായി അവസാനിപ്പിക്കുന്നതിനോ യുദ്ധകാര്യ വകുപ്പ് (മുമ്പ് പ്രതിരോധ വകുപ്പ്) തയ്യാറെടുക്കുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്ന ദൗത്യത്തിൽ ആന്ത്രോപിക്കിന്റെ Claude എഐ ടൂൾ ഉപയോഗിച്ചതായി യുഎസ് സർക്കാർ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയം. ആന്ത്രോപിക്കിന്റെ എഐ സാങ്കേതികവിദ്യ യു.എസ് സൈന്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ അധികൃതരും എഐ കമ്പനിയും മാസങ്ങളോളം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ ആന്ത്രോപിക് സ്വീകരിച്ച നിലപാടാണ് ഭിന്നതയ്ക്ക് കാരണം.

നാല് പ്രമുഖ എഐ കമ്പനികളുടെ ടൂളുകൾ സൈന്യത്തിന് നിയമാനുസൃതമായ എല്ലാ ആവശ്യങ്ങൾക്കും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ട് പെന്റഗൺ അവർക്കുമേൽ സമ്മർദം ചെലുത്തുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആയുധ വികസനം, രഹസ്യ വിവരം ശേഖരിക്കൽ, യുദ്ധമുഖത്തെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളും ഇതിൽ ഉൾപ്പെടുന്നു. മറ്റ് എഐ കമ്പനികൾ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും ആന്ത്രോപിക് രണ്ട് കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ പൗരന്മാർക്കുമേലുള്ള നിരീക്ഷണം, പൂർണമായ സ്വയംഭരണാധികാരമുള്ള ആയുധ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കടുംപിടുത്തം.

ഇതേത്തുടർന്നാണ് എഐ സ്റ്റാർട്ടപ്പുമായുള്ള പങ്കാളിത്തം പെന്റഗൺ പുനഃപരിശോധിക്കുന്നത്. ആന്ത്രോപിക്കിന്റെ പ്രത്യേകം ലേബൽ ചെയ്യുന്നതും പെന്റഗൺ പരിഗണിക്കുന്നുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ യുഎസ് സർക്കാരുമായി കരാറുള്ള എല്ലാ പ്രതിരോധ ഇടപാടുകാർക്കും ആന്ത്രോപിക്കുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടിവരും. ഇത് എഐ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

പ്രതിരോധ രംഗത്ത് എഐ കമ്പനികൾ എത്രത്തോളം സ്വാധീനം ചെലുത്തിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് വെനസ്വേലയിലെ അടുത്തിടെ നടന്ന ഓപ്പറേഷൻ. മഡുറോയെ പിടികൂടാനുള്ള ദൗത്യത്തിൽ ആന്ത്രോപിക്കിന്റെ Claude അവരുമായി കരാറുകളുള്ള ഡാറ്റാ സ്ഥാപനമായ Palantir-മായുള്ള പങ്കാളിത്തത്തിലൂടെയാണ് വിന്യസിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ സാങ്കേതികവിദ്യ റെയ്ഡിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആന്ത്രോപിക് അന്വേഷണം നടത്തിയിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അവർക്ക് ലഭിച്ചില്ല.

ആന്ത്രോപിക്കുമായി 200 മില്യൺ (20 കോടി) അമേരിക്കൻ ഡോളറിന്റെ രണ്ടുവർഷത്തെ കരാർ 2025 ജൂലായിലാണ് പെന്റഗൺ പ്രഖ്യാപിച്ചത്. പ്രതിരോധ രംഗത്തെ എഐ ഉപയോഗം സംബന്ധിച്ച പ്രധാന നാഴികക്കല്ലായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സൈനിക ഉപയോഗം സംബന്ധിച്ച ആന്ത്രോപിക്കിന്റെ നിയന്ത്രണങ്ങൾ കാരണം എഐ കമ്പനിയുമായുള്ള സഹകരണം പെന്റഗൺ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് എഐ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയേക്കും.

Content Highlights: US Pentagon is reportedly considering ending its AI partnership with Anthropic over the AI company`s refusal to remove safety restrictions on military AI use.