എൻവിഡിയ ഡയറക്ടർ ബോർഡിന്റെ യു-ടേൺ; ഹുവാങ്ങിനെ തിരിച്ചെടുക്കില്ലെന്ന് പറഞ്ഞ കമ്പനി മാറി ചിന്തിക്കാൻ കാരണമെന്ത്?

സഹസ്ഥാപകനായ ജെൻസൻ ഹുവാങ്ങിനെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് രാജിവെച്ച് രണ്ടാഴ്ച തികയുംമുൻപ് തിരിച്ചെത്തിച്ചിരിക്കുകയാണ് എൻവിഡിയ ഡയറക്ടർ ബോർഡ്. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുണ്ടായ പശ്ചാത്തലത്തിലാണ് നവംബർ 12-നായിരുന്നു ഹുവാങ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, തുടർച്ചയായ ചർച്ചകൾക്കും യോഗങ്ങൾക്കും പിന്നാലെ അദ്ദേഹത്തെ തിരിച്ചെടുക്കാൻ ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഹുവാങ്ങിന്റെ തിരിച്ചുവരവ് നേരത്തെ തള്ളിപ്പറഞ്ഞ ബോർഡിന്റെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണമെന്താണ്?
ജെൻസൻ ഹുവാങ്ങിന്റെ രാജി
1993-ൽ എൻവിഡിയ സഹസ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച ജെൻസൻ ഹുവാങ് 33 വർഷത്തോളം കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നു. ഒന്നിലധികം വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയും അതിലൊരാൾ ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്നയാളുമായതോടെ വിവാദം കൊഴുത്തു. അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റം കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും വിരുദ്ധമാകുന്ന സാഹചര്യം വന്നതോടെ തുടർന്ന് നവംബർ 12-ന് അദ്ദേഹം പ്രസിഡന്റ്, സി.ഇ.ഒ., ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് രാജിവെക്കുകയായിരുന്നു. വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം ജീവനക്കാർക്ക് അയച്ച കുറിപ്പിൽ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചു.
എൻവിഡിയയുടെ ഉപഭോക്താക്കളിലൊന്നായ മെഗാസ്പീഡിന്റെ മുൻ എക്സിക്യുട്ടീവ് ആലിസ് ഹുവാങ്ങുമായുള്ള ബന്ധമാണ് കൂടുതൽ പ്രശ്നമായത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനുപുറമെ ഒരു എൻവിഡിയ വൈസ് പ്രസിഡന്റുമായും മറ്റൊരു ജീവനക്കാരിയുമായുള്ള ബന്ധങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ വന്നു.
ജെൻസൻ ഹുവാങ്ങിന്റെ തിരിച്ചുവരവിനുവേണ്ടി ശക്തമായ സമ്മർദം
എൻവിഡിയ (Nvidia) സി.ഇ.ഒ. സ്ഥാനത്തേക്കുള്ള ജെൻസൻ ഹുവാങ്ങിന്റെ തിരിച്ചുവരവിന് ആഗോള എ.ഐ. വ്യവസായ മേഖലയിൽനിന്നും സിലിക്കൺ വാലിയിൽനിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ആധുനിക എ.ഐ. വിപ്ലവത്തിന്റെ നട്ടെല്ലായ എൻവിഡിയയുടെ വളർച്ചയ്ക്ക് ഹുവാങ്ങിന്റെ നേതൃത്വം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ടെക് നേതാക്കളും നിക്ഷേപകരും രംഗത്തെത്തി. ടെസ്‌ല-എക്സ്.എ.ഐ. മേധാവി ഇലോൺ മസ്ക് ഹുവാങ്ങിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന 'സ്റ്റാൻഡ് വിത്ത് ജെൻസൻ' (Stand With Jensen) എന്ന ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവെച്ച് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ജെൻസൻ ഹുവാങ് ഇല്ലാത്ത ഒരു എ.ഐ. വിപ്ലവം ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഓപ്പൺഎ.ഐ. സി.ഇ.ഒ. സാം ആൾട്ട്മാൻ പറഞ്ഞു. മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല, ഓപ്പൺഎ.ഐ. സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ, ട്രാവിസ് കലാനിക്ക് എന്നിവരും ഹുവാങ്ങിന് ഐക്യദാർഢ്യം അറിയിച്ചു. ഇതിനൊപ്പം പ്രമുഖ നിക്ഷേപകരായ ബ്രാഡ് ഗെർസ്റ്റ്നർ, ഗാവിൻ ബേക്കർ എന്നിവർ ഹുവാങ്ങിനെ മാറ്റാൻ തിടുക്കം കാണിക്കരുതെന്ന് എൻവിഡിയ ബോർഡിനോട് ആവശ്യപ്പെട്ടു. സ്റ്റാൻഡ് വിത്ത് ജെൻസൻ എന്ന പേരിൽ സജീവമായ ഓപ്പൺ ലെറ്ററിൽ രണ്ടുലക്ഷത്തിലധികം ആളുകളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
തിരിച്ചുവരവിന് സാധ്യതയില്ലെന്ന് ആദ്യം ബോർഡ്
ഹുവാങ്ങിന്റെ രാജി സ്വീകരിച്ച ഡയറക്ടർ ബോർഡ് ആദ്യം അദ്ദേഹത്തെ വീണ്ടും സി.ഇ.ഒ. സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. നവംബർ 17-ന് നടന്ന കമ്പനിയുടെ വരുമാന പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗത്തിൽ ബോർഡ് ചെയർമാൻ ഹാർവി സി. ജോൺസ് ഇക്കാര്യം പരസ്യമായി അറിയിക്കുകയും ചെയ്തു.
അതേസമയം, ബോർഡ് തീരുമാനിച്ചാൽ തിരിച്ചെത്താൻ താൻ തയ്യാറാണെന്ന് ഹുവാങ് വ്യക്തമാക്കിയിരുന്നു. രാജിക്കുശേഷം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊലെറ്റ് ക്രെസ് ആണ് ഇടക്കാല സി.ഇ.ഒ.യുടെ ചുമതല ഏറ്റെടുത്തത്.
എന്തുകൊണ്ട് നിലപാട് മാറ്റി?
നവംബർ 17-ന് തിരിച്ചുവരവിനുള്ള സാധ്യത തള്ളിയ ബോർഡ്, അതിനുപിന്നാലെ നിലപാട് മാറ്റുകയായിരുന്നു. ഹുവാങ്ങുമായി നടത്തിയ വിവിധ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാൻ ഏകകണ്ഠമായ തീരുമാനമെടുത്തതെന്ന് എൻവിഡിയ അറിയിച്ചു.
തീരുമാനത്തിലെത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി യു.എസ്. സർക്കാരിന്റെ ഉന്നതതലങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും പരിഗണിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഈ അഭിപ്രായങ്ങൾ എന്തായിരുന്നെന്നോ ബോർഡിന്റെ നിലപാട് മാറ്റുന്നതിൽ അവ വഹിച്ച പങ്കെന്തെന്നോ കമ്പനി വിശദീകരിച്ചിട്ടില്ല.
ബോർഡ് ചെയർമാൻ ഹാർവി സി. ജോൺസിന്റെ വിശദീകരണമനുസരിച്ച്, എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഹുവാങ് തന്നെയാണ്. ഓഹരിയുടമകൾ, ജീവനക്കാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരുടെ താത്പര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തുന്നതിൽ വലിയ ബഹുമാനമുണ്ടെന്നും കൂടുതൽ വിനയത്തോടെയും പുതുക്കിയ പ്രതിബദ്ധതയോടെയും ചുമതല ഏറ്റെടുക്കുകയാണെന്നും ഹുവാങ് പ്രതികരിച്ചു. ഇടക്കാല സി.ഇ.ഒ.യായി പ്രവർത്തിച്ച കൊലെറ്റ് ക്രെസിനും കമ്പനിയുടെ എക്സിക്യുട്ടീവ് ടീമിനും അദ്ദേഹം നന്ദി അറിയിച്ചു.
ഇതോടെ ഇടക്കാല സി.ഇ.ഒ.യുടെ ചുമതലയിൽനിന്ന് മാറുന്ന കൊലെറ്റ് ക്രെസ് വീണ്ടും സി.എഫ്.ഒ. സ്ഥാനത്തേക്ക് മടങ്ങും. ഹാർവി സി. ജോൺസ് ഡയറക്ടർ ബോർഡ് ചെയർമാനായി തുടരും.
Content Highlights: Less than two weeks after co-founder Jensen Huang resigned over personal conduct violations, Nvidia's board of directors unanimously decided to reinstate him as CEO following discussions and input from senior US government officials.