'നോട്ടിഫിക്കേഷനില്ല, ഇ-മെയില്‍ ശല്യമില്ല'; സെറോദയുടെ ബിസിനസ് തന്ത്രം വിശദീകരിച്ച് നിതിന്‍ കാമത്ത്

ഫോണില്‍ നിരന്തരമായി വരുന്ന നോട്ടിഫിക്കേഷനുകള്‍ പലപ്പോഴും നമ്മുടെ സ്വൈര്യം കെടുത്താറുണ്ട്. തിരക്കിട്ട ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ഇത്തരം പരസ്യ സന്ദേശങ്ങളോ മറ്റോ വരുന്നത്. നോട്ടിഫിക്കേഷനുകള്‍ കൊണ്ട് പൊറുതിമുട്ടാത്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ കുറവായിരിക്കും.
കമ്പനികളും സ്ഥാപനങ്ങളും അവയുടെ പ്രമോഷന്‍ നോട്ടിഫിക്കേഷനുകള്‍ എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. തങ്ങളുടെ ഉപഭോക്തൃ ഇടപഴകലിനെ വിപുലപ്പെടുത്താനും അവരെ വ്യാപാരത്തിലേക്ക് ആകർഷിക്കാനും ഉദ്ദേശിച്ചുള്ള നടപടിയാണിത്. ചിലര്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. പക്ഷേ, ബഹുഭൂരിപക്ഷം പേരിലും ഇതൊരു ശല്യംപോലെയായിരിക്കും അനുഭവപ്പെടുക.
അനാവശ്യ മെസേജുകളും നോട്ടിഫിക്കേഷനുകളും ഇല്ലാതെ ഒരു ബിസിനസ് എങ്ങനെ വിജയകരമായി കെട്ടിപ്പടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്‌ഫോമായ സെറോദ. ഉപയോക്താക്കളെ വ്യാപാരത്തിലേക്ക് നിരന്തരമായി തള്ളിവിടണമെന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ് സെറോദ സഹസ്ഥാപകനും സി.ഇ.ഒ.യുമായ നിതിന്‍ കാമത്ത്. സാമൂഹികമാധ്യമമായ എക്‌സില്‍ ആണ് അദ്ദേഹം ഇക്കാര്യം പങ്കുവെയ്ക്കുന്നത്.
ഉപയോക്താക്കളെ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കാനാണ് നിരന്തരമായി നോട്ടിഫിക്കേഷനുകള്‍ അയക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നാണ് വെയ്പ്പ്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നാല്‍, അത് ബിസിനസിനെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നിതിന്‍ അവകാശപ്പെടുന്നത്.
അനാവശ്യ ഇ മെയിലുകളും നോട്ടിഫിക്കേഷനുകളും അയക്കാത്തതിന് തന്റെ കമ്പനിയെ പുകഴ്ത്തിക്കൊണ്ട് ഒരു ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സെറോദയെക്കുറിച്ച് 'Thewysetrader' എന്ന ഉപയോക്താവ് ചെയ്ത ട്വീറ്റിലാണ് നിതിന്റെ പ്രതികരണം. 'എങ്ങനെയും വ്യാപാരം നടത്തുക എന്നതിന് പ്രേരിപ്പിക്കാത്ത ഒരേയൊരു ബ്രോക്കര്‍' എന്നാണ് സെറോദയെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. നോട്ടിഫിക്കേഷനുകളില്ല, ഇ-മെയിലുകളില്ല. അവര്‍ എങ്ങനെ ഇത്ര വളര്‍ന്നു എന്നത് ശ്രദ്ധേയമാണ്' എന്നായിരുന്നു പോസ്റ്റ്.
ഇതിനോടുള്ള പ്രതികരണമായി, നോട്ടിഫിക്കേഷനുകളേക്കുറിച്ചുള്ള തന്റെ നിരാശ നിതിന്‍ പങ്കുവെച്ചു. അവ ശല്യവും ഉപയോഗശൂന്യവുമാണ്. കോളുകള്‍, നോട്ടിഫിക്കേഷനുകള്‍, ഇ മെയിലുകള്‍ എന്നിവയില്‍നിന്നുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഫോണ്‍ നിരന്തരമായി സൈലന്റ് ആക്കാറുണ്ട്. സെറോദ അതിന്റെ തുടക്കം മുതല്‍ 'നിങ്ങള്‍ നിങ്ങളോട് ചെയ്യാന്‍ ആഗ്രഹിക്കാത്തത് മറ്റുള്ളവരോടും ചെയ്യരുത്' എന്ന ലളിതമായ ഈ നിയമമാണ് പിന്തുടരുന്നത്. പ്രധാനമല്ലാത്ത ഇ മെയിലുകളോ നോട്ടിഫിക്കേഷനുകളോ ഞങ്ങള്‍ അയക്കാറില്ല. ഉപയോക്താക്കളെ വ്യാപാരത്തിന് പ്രേരിപ്പിക്കാത്തത് ബിസിനസിനെ ദോഷകരമായി ബാധിക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നല്ലതാണ്' നിതിന്‍ പങ്കുവെച്ചു.
നിതിന്‍ കാമത്ത്, നിഖില്‍ കാമത്ത് സഹോദരങ്ങള്‍ സ്ഥാപിച്ചതാണ് സെറോദ. ചുരുങ്ങിയ കാലംകൊണ്ട് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചവരാണ് ഇരുവരും.
Content Highlights: nithin kamath disclosing zerodah business line