600 കിലോ ഭാരമുള്ള ഉപഗ്രഹം ഭൂമിയിൽ ഇടിച്ചിറങ്ങും, അവശിഷ്ടങ്ങൾ വന്നുവീണേക്കാം; അറിയിപ്പുമായി നാസ

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: NASA
പ്രതീകാത്മക ചിത്രം | Photo: NASA

1950-കളിൽ ആദ്യമായി കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചതിന് ശേഷം നാളിതുവരെ ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾ മനുഷ്യർ വിക്ഷേപിച്ചിട്ടുണ്ട്. സമീപകാലത്തായി അതിന്റെ എണ്ണം എത്രയോ മടങ്ങായി വർധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാസ 14 വർഷങ്ങൾക്ക് മുമ്പ് വിക്ഷേപിച്ച ഒരു ഉപഗ്രഹം ഭൂമിയിലേക്ക് തിരികെ വരികയാണ്.

2012 ഓഗസ്റ്റിൽ വിക്ഷേപിച്ച വാൻ അലൻ പ്രോബ്-എ ഉപഗ്രഹമാണിത്. ഇതോടൊപ്പം വാൻ അലൻ പ്രോബ് ബി എന്ന മറ്റൊരു ഉപഗ്രഹവും വിക്ഷേപിച്ചിരുന്നു. ഭൂമിക്കു ചുറ്റുമുള്ള റേഡിയേഷൻ വലയത്തെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് ഇവ വിക്ഷേപിച്ചത്.

വാൻ അലൻ പ്രോബ്-എ ഉപഗ്രഹത്തിന് 1323 പൗണ്ട് (600 കിലോഗ്രാം) ഭാരമുണ്ടെന്നാണ് നാസ നൽകുന്ന വിവരം. 2019-ലാണ് ഈ ഉപഗ്രഹം പ്രവർത്തനരഹിതമാക്കിയത്. ഇന്ത്യൻ സമയം മാർച്ച് 11 പുലർച്ചെ 5.15-ന് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ ഇടിച്ചിറങ്ങുമെന്നാണ് കണക്കാക്കിയതെങ്കിലും ഇതിൽ 24 മണിക്കൂറെങ്കിലും മാറ്റം വന്നേക്കാം. നിലവിൽ ഉപഗ്രഹം വന്നിറങ്ങിയതായ സ്ഥിരീകരണം നാസയിൽ നിന്നുണ്ടായിട്ടില്ല.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഉപഗ്രഹം കത്തിയമരും. എങ്കിലും ചില ഭാഗങ്ങൾ ഈ ഘട്ടത്തെ അതിജീവിച്ച് ഭൂമിയിൽ പതിച്ചേക്കാം. ഇവ സമുദ്രത്തിൽ വീഴുമെന്നാണ് കണക്കാക്കുന്നത്.

രണ്ട് വർഷത്തെ ദൗത്യത്തിനായാണ് വാൻ അലൻ പ്രോബ് എ, വാൻ അലൻ പ്രോബ് ബി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. എങ്കിലും ഏഴ് വർഷക്കാലം ഭൂമിയുടെ രണ്ട് സ്ഥിര റേ‍ഡിയേഷൻ‌ വലയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ ഉപഗ്രഹങ്ങൾ ശേഖരിച്ചു. ഇന്ധനം തീരുന്നതുവരെ ഈ രണ്ട് ഉപഗ്രഹങ്ങളും പ്രവർത്തിപ്പിച്ചു. ശാസ്ത്രജ്ഞനായ ജെയിംസ് വാൻ അലന്റെ പേരാണ് ഈ ദൗത്യത്തിന് നൽകിയത്.

2019-ൽ ദൗത്യം അവസാനിച്ചതിനുശേഷം, 2034-ഓടെ പേടകം ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് നാസയിലെ ‌വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ, നിലവിലെ സൗരചക്രം ആരംഭിച്ചതോടെ ഈ കണക്കുകൂട്ടലുകൾ മാറി. 2024-ൽ സൂര്യൻ അതിന്റെ പരമാവധി ഊർജാവസ്ഥയിലെത്തിയതോടെ (Solar maximum) ഉണ്ടായ സൗരക്കാറ്റും മറ്റും വാൻ അലൻ പ്രോബ് എ പ്രതീക്ഷിച്ചതിലും നേരത്തേ ഭൂമിയിലേക്ക് പ്രവേശിക്കാൻ കാരണമായി. അതേസമയം, വാൻ അലൻ പ്രോബ് ബി 2030-ന് മുമ്പ് ഭൂമിയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: NASA's Van Allen Probe-A, launched in 2012 to study Earth's radiation belts, is re-entering the atmosphere earlier than predicted due to increased solar activity during the current solar maximum.