നാസയുടെ 56 വയസുള്ള കൃത്രിമ ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണു- വീഡിയോ

56 വര്‍ഷം പഴക്കമുള്ള നാസയുടെ ഓഗോ -1 (OGO-1) കൃത്രിമ ഉപഗ്രഹം ഭൂമിയില്‍ പതിച്ചു. ഓഗസ്റ്റ് 29-ന് തഹീതി ദ്വീപിന്റെ 160 കിലോ മീറ്റര്‍ തെക്ക്കിഴക്ക് ഭാഗത്തായി പസഫിക് സമുദ്രത്തിലാണ് ഉപഗ്രഹം പതിച്ചത്. പ്രവചിച്ചതിനേക്കാള്‍ 25 മിനിറ്റ് നേരത്തെയാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഉപഗ്രഹത്തിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അന്തരീക്ഷത്തില്‍നിന്നും ചിതറിത്തെറിച്ചാണ് ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചത്. അതുകൊണ്ടുതന്നെ ഇത് ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ഭീഷണിയുണ്ടാക്കിയിട്ടില്ല.
1964-ല്‍ ഭൂമിയുടെ മാഗ്നെറ്റോസ്‌ഫെയറിനെ കുറിച്ച് പഠിക്കുന്നതിനും സൂര്യനെ ചുറ്റുമ്പോള്‍ അത് എങ്ങനെ പ്രതികരിക്കുന്നു എന്നുമറിയുന്നതിനായാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 1969 വരെ ഇത് ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. അതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
നാസയുടെ ഓര്‍ബിറ്റിങ് ജിയോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററീസ് പ്രൊജക്ടിന്റെ ഭാഗമായി വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങള്‍ ദക്ഷിണ പസഫിക് സമുദ്രത്തിന്റെ പലഭാഗങ്ങളിലായി പലപ്പോഴായി തകര്‍ന്നു വീണിരുന്നു. 2011 ലാണ് 1968 ല്‍ വിക്ഷേപിച്ച ഓഗോ-5 ഉപഗ്രഹം ഭൂമിയില്‍ പതിച്ചത്.
Content Highlights: NASA’s 56-year-old satellite re entered burned up in the earth atmosphere
Content Highlights: