ചന്ദ്രനിൽ ഇറങ്ങാൻ അല്ലെങ്കിൽ പിന്നെ എന്തിനാണിവർ പോകുന്നത്? ആർട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യമെന്ത്?

#ടെക്നോളജി ഡെസ്ക്
ആര്‍ട്ടെമിസ് 2 ദൗത്യ സംഘം | Photo: X.com@NASA_Marshall
ആര്‍ട്ടെമിസ് 2 ദൗത്യ സംഘം | Photo: X.com@NASA_Marshall

ചരിത്രപ്രാധാന്യമേറെയുള്ള ബഹിരാകാശ ദൗത്യമാണ് നാസയുടെ ആർട്ടെമിസ് 2. 1972-ലെ അവസാന അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായി ചന്ദ്രന്റെ പരിസരത്ത് മനുഷ്യസാന്നിധ്യമെത്തുന്നു എന്നത് ഈ ദൗത്യത്തിന്റെ പ്രധാന സവിശേഷതയാണ്. അവസാന അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ആദ്യമായി ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശയാത്ര നടത്തുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.

എന്നാൽ, ഈ ദൗത്യത്തിൽ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല; മറിച്ച് ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ ഇറങ്ങുകയാണ് ചെയ്യുക. അപ്പോളോ ദൗത്യത്തിൽ ഒട്ടേറെത്തവണ ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയ നാസയ്ക്ക് ഇനിയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ, ആർട്ടെമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും വിക്ഷേപണവാഹനത്തിന്റെയും കാര്യക്ഷമത ഓരോ ഘട്ടത്തിലും പരീക്ഷിക്കേണ്ടതായുണ്ട്. അതായത്, വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യങ്ങളിൽ ചന്ദ്രനിൽ കാലുകുത്താൻ ഒരുങ്ങുന്ന ആദ്യ വനിതയ്ക്കുൾപ്പെടെ സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.

വിക്ഷേപണം

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ആർട്ടെമിസ് 2 ദൗത്യസംഘം യാത്ര തുടങ്ങുക. നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തിയേറിയ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് മുകളിലെ ഓറിയോൺ പേടകത്തിലാണിവർ ഇരിക്കുക. ഒരു വലിയ വാനിന്റെ വലുപ്പമാണ് ഓറിയോൺ പേടകത്തിനുള്ളത്.

ഫ്ലൈറ്റ് കൺട്രോളർമാർ അനുമതി നൽകിക്കഴിഞ്ഞാൽ, ബഹിരാകാശയാത്രികർ 'ട്രാൻസ്‌ലൂണാർ ഇഞ്ചക്ഷൻ' നടത്തും. പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പുറന്തള്ളി ചന്ദ്രനിലേക്കുള്ള പാതയിലേക്ക് നയിക്കുംവിധമുള്ള കൃത്യമായ എൻജിൻ ഫയറിങ് പ്രക്രിയയാണിത്.

തുടർന്ന് ശൂന്യാകാശത്തുകൂടിയുള്ള ചന്ദ്രനരികിലേക്കുള്ള നാലുദിവസം നീളുന്ന യാത്രയിൽ വിവിധ ശാസ്ത്രപഠനങ്ങൾ നടക്കും.

ദൗത്യത്തിൽ എന്താണ് സഞ്ചാരികളുടെ ജോലി?

  • വിക്ഷേപണം കഴിഞ്ഞ് ആദ്യത്തെ 24 മണിക്കൂർ നേരത്തേക്ക്, എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി ഭൂമിക്ക് താരതമ്യേന അടുത്തായിത്തന്നെയാവും ബഹിരാകാശയാത്രികർ നിലകൊള്ളുക.
  • യാത്രയുടെ ആദ്യ 24 മണിക്കൂറിനുള്ളിൽ, റോക്കറ്റിന്റെ മുകൾഭാഗം (upper stage) ഉപയോഗിച്ച് അവർ ഒരു 'പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഡെമോൺസ്‌ട്രേഷൻ' നടത്തും. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ നിർമിതബുദ്ധി (Artificial Intelligence) സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, പേടകം എങ്ങനെ സ്വയം നിയന്ത്രിക്കാം എന്ന് നോക്കുന്ന മാന്വൽ പൈലറ്റിങ്  പരീക്ഷണമാണിത്.
  • പേടകം മുന്നോട്ട് യാത്ര തുടരുന്നതോടെ സഞ്ചാരികൾ തുടർന്നുള്ള ശാസ്ത്രപരീക്ഷണങ്ങളും വൈദ്യശാസ്ത്രപരീക്ഷണങ്ങളും ആരംഭിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനാൽ ബഹിരാകാശവികിരണങ്ങൾ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഈ സഞ്ചാരികളെല്ലാം സ്വയം വിധേയരാവും. അതിന്റെ ഭാഗമായി ഇവരുടെ ഉറക്കം, സമ്മർദം (stress) എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങൾ ധരിക്കും. കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനായി സി.പി.ആർ. (CPR) പരിശീലനവും അവർ നടത്തും.
  • ആർട്ടെമിസ് 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പുതിയ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ പരീക്ഷണമാണ്. പരമ്പരാഗത റേഡിയോ തരംഗങ്ങൾക്ക് പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്നു എന്നതാണ് ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ സവിശേഷത. അപ്പോളോ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി ആർട്ടെമിസ് സഞ്ചാരികൾക്ക് ഈ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ സഹായത്തോടെ നല്ല എച്ച്.ഡി. ദൃശ്യമികവുള്ള വീഡിയോ ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാനാവും.

ചന്ദ്രനെ ചുറ്റുന്ന പേടകം

ചന്ദ്രന്റെതന്നെ ഗുരുത്വാകർഷണത്തെ പ്രയോജനപ്പെടുത്തി പേടകത്തിന് ഭൂമിയിലേക്ക് കുതിക്കാനാവുന്ന ഒരു 'ഫ്രീ റിട്ടേൺ ട്രാജക്ടറി' (Free return trajectory) ആണ് ചന്ദ്രനെ വലംവെക്കാനായി ഓറിയോൺ പേടകം ഉപയോഗപ്പെടുത്തുക. ചന്ദ്രോപരിതലത്തിന്റെ ഗർത്തങ്ങൾ നിറഞ്ഞ പ്രതലം അടുത്ത് നിന്ന് നോക്കിക്കാണാനും ചിത്രങ്ങൾ പകർത്താനും നീലനിറത്തിലുള്ള നമ്മുടെ ഭൂമി ഉദിച്ചുയരുന്ന എർത്ത് റൈസിന് സാക്ഷ്യം വഹിക്കാനും ആർട്ടെമിസ് 2 സഞ്ചാരികൾക്ക് സാധിക്കും. ചന്ദ്രനെ വലംവെച്ചുകഴിഞ്ഞാൽ മൂന്നുദിവസം നീളുന്ന മടക്കയാത്ര ആരംഭിക്കും.

അപകടം നിറഞ്ഞ തിരിച്ചിറക്കം

ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഘട്ടമാണ് തിരിച്ചിറക്കം. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. സൂര്യന്റെ ഉപരിതലത്തിലെ താപനിലയുടെ ഏകദേശം പകുതിയോളം വരുന്ന 2,760 ഡിഗ്രി സെൽഷ്യസ് താപത്തെ പ്രതിരോധിക്കാൻ പേടകത്തിന്റെ താപകവചത്തിന് സാധിക്കണം. ഈ ഘട്ടം അതിജീവിക്കുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രയ്ക്ക് അവസാനമിട്ട് പാരച്യൂട്ടുകളുടെ സഹായത്തോടെ പസിഫിക് സമുദ്രത്തിൽ പേടകം വന്നിറങ്ങും. 

Content Highlights: Artemis 2 marks the historic return of humans to the lunar vicinity after five decades, serving as a critical flight test for the Orion spacecraft and SLS rocket to ensure a safe path for future lunar landings.