വാട്‌സാപ്പിലും നാനോ ബനാന, പ്രഖ്യാപനവുമായി പെര്‍പ്ലെക്‌സിറ്റി, ചിത്രങ്ങള്‍ക്കായി ജെമിനൈ ആപ്പ് വേണ്ട

Photo: AI Generated
Photo: AI Generated

സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങാണ് ഗൂഗിള്‍ ജെമിനൈയുടെ നാനോ ബനാന എഐ എഞ്ചിന്‍. ഇതോടെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ പോലും ജെമിനൈ ആപ്പ് ജനപ്രിയമായി മാറി. സ്വന്തം രൂപത്തിന് മാറ്റം വരുത്താതെ ചിത്രത്തില്‍ റിയലിസ്റ്റിക്കായ മാറ്റങ്ങള്‍ വരുത്താനും ആകര്‍ഷകമാക്കാനും നാനോ ബനാന സഹായിക്കുന്നു. 

ഇപ്പോഴിതാ പെര്‍പ്ലെക്‌സിറ്റി കാര്യങ്ങള്‍ കുറേകൂടി എളുപ്പമാക്കിയിരിക്കുകയാണ്. പെര്‍പ്ലെക്‌സിറ്റി ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ ഇനി വാട്‌സാപ്പില്‍ നാനോ ബനാന ചിത്രങ്ങള്‍ നിര്‍മിക്കാനാവും. എക്‌സിലൂടെയാണ് പെര്‍പ്ലെക്‌സിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ഇക്കാര്യം അറിയിച്ചത്. 

വാട്‌സാപ്പില്‍ എങ്ങനെ നാനോ ബനാന ഉപയോഗിക്കാം

നാനോ ബനാനയില്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇനി ഉപഭോക്താക്കള്‍ ജെമിനൈ ആപ്പോ ഗൂഗിള്‍ എഐ സ്റ്റുഡിയോയോ ഉപയോഗിക്കേണ്ടതില്ല. ഇതിനായി വാട്‌സാപ്പില്‍ പെര്‍പ്ലെക്‌സിറ്റി ചാറ്റ്‌ബോട്ട് തുറക്കുക. 

അതിനായി +1 (833) 4363285 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കുക. നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യേണ്ട ചിത്രവും ഒപ്പം ആവശ്യമായ പ്രോംറ്റും ചാറ്റ്‌ബോട്ടിന് അയക്കുക. വൈറലായ റെട്രോ സാരീ ചിത്രങ്ങളുടെ പ്രോംറ്റുകള്‍ ഇതില്‍ അയക്കാം. ജെമിനൈ ഉപയോഗിച്ച് നിര്‍മിച്ചാല്‍ കിട്ടുന്ന അതേ കൃത്യതയില്‍ തന്നെ പെര്‍പ്ലെക്‌സിറ്റി വാട്‌സാപ്പ് ചാറ്റിലും ചിത്രങ്ങള്‍ ലഭിക്കും. 

വാട്‌സാപ്പില്‍ നാനോ ബനാന സൗജന്യമാണോ?

വാട്‌സാപ്പില്‍ നാനോ ബനാന ഫീച്ചര്‍ സൗജന്യമാണോ എന്ന് പെര്‍പ്ലെക്‌സിറ്റി വ്യക്തമാക്കിയിട്ടില്ല. സൗജന്യ ഉപഭോക്താക്കള്‍ക്ക് ഗൂഗിളില്‍ പരിമിതമായ എണ്ണം ചിത്രങ്ങളെ നാനോ ബനാനയില്‍ നിര്‍മിക്കാനാവൂ. എന്നാല്‍ ഗൂഗിള്‍ എഐ പ്രോ അംഗത്വമുള്ളവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാനാവും. 

നാനോ ബനാന വൈറലായതോടെ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ജെമിനൈ ആപ്പ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. വാട്‌സാപ്പില്‍ കൂടി ഈ സേവനം ലഭ്യമാകുന്നതോടെ നാനോ ബനാനയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ കിട്ടും. 

പെര്‍പ്ലെക്‌സിറ്റിയില്‍ മാത്രമല്ല, മറ്റ് നിരവധി തേഡ് പാര്‍ട്ടി ഇമേജ് ജനറേഷന്‍ പ്ലാറ്റ്‌ഫോമുകളിലും നാനോ ബനാന എഐ എഞ്ചിന്‍ ഉപയോഗിച്ചുള്ള ഇമേജ് ജനറേഷന്‍ സാധ്യമാണ്.

Content Highlights: Use Google Gemini`s NanoBanana AI image generator on WhatsApp with Perplexity Chatbot.