എല്‍ഇഡി സ്ക്രീന്‍ പറയും; 'വഴിയില്‍ ആനയുണ്ട്, യാത്ര പിന്നെയാകാം'

മറയൂര്‍: മറയൂരിലെ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകുമ്പോള്‍ ഇനി റോഡില്‍ ആനയും കാട്ടുപോത്തുമുണ്ടോ, കനത്ത മഞ്ഞുണ്ടോ എന്നെല്ലാം അറിയാം. കൂടെ അപകടമൊഴിവാക്കി സുരക്ഷിത യാത്രയും.
മറയൂര്‍ ചന്ദനഡിവിഷന്റെ കീഴില്‍ രണ്ട് ചെക്ക്പോസ്റ്റുകളിലാണിത് ഏര്‍പ്പെടുത്തിയത്. മൂന്നാര്‍-ഉദുമല്‍പേട്ട അന്തസ്സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ചെക്ക് പോസ്റ്റിലും മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ പയസ് നഗര്‍ ചെക്ക് പോസ്റ്റിലും. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ വഴിയാണ് മുന്നറിയിപ്പ് നല്‍കുക. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ വനംവകുപ്പ് സ്ഥാപിച്ചത്. വിജയമായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
ചട്ടമൂന്നാറില്‍ രണ്ട് ഡിജിറ്റല്‍ ബോര്‍ഡും പയസ് നഗറില്‍ ഒരു ഡിജിറ്റല്ബോര്ഡുമാണുള്ളത്. മൂന്നാറില്‍നിന്ന് വരുന്ന സഞ്ചാരികള്‍ക്കും തിരികെ പോകുന്നവര്‍ക്കും 'റോഡില്‍ മഞ്ഞുണ്ട്,' 'റോഡില്‍ ആനയുണ്ട്,' 'വേഗം കുറയ്ക്കൂ' ('mysty road,' 'elephants on the road,' 'go slow') തുടങ്ങിയ സന്ദേശങ്ങളാണ് ബോര്‍ഡില്‍ തെളിയുക.
മൂന്നാര്‍ ഉദുമല്‍പേട്ട, പാതയില്‍ ചട്ടമൂന്നാര്‍ മുതല്‍ മൂന്നാര്‍വരെയും മറയൂര്‍ മുതല്‍ ചിന്നാര്വരെയും പടയപ്പ അടക്കമുള്ള കാട്ടാനകള്‍ നിത്യസാന്നിധ്യമാണ്. പലപ്പോഴും മഞ്ഞില്‍ പാത കാണാതെ സഞ്ചാരികള്‍ അപകടത്തില്‍പെടുന്നുണ്ട്. പയസ് നഗര്‍ മുതല്‍ കാന്തല്ലൂര്വരെ കാട്ടാനക്കൂട്ടം മൂലം അപകടം നിത്യസംഭവമാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് മുന്നറിയിപ്പ് സംവിധാനവുമായി രംഗത്തുവന്നതെന്ന് ഡിഎഫ്ഒ പി.ജെ. സുഹൈബ് പറഞ്ഞു.
പാതയില്‍ എവിടെയെങ്കിലും ആനയുടെ സാന്നിധ്യമുണ്ടെങ്കില്‍ അത് മുന്‍കൂട്ടി വനംവകുപ്പിന് അറിയാനും നടപടി സ്വീകരിക്കുന്നുണ്ട്. വിവരം ഡിജിറ്റല്‍ ബോര്‍ഡിലൂടെ നല്‍കുമെന്ന് റെയ്ഞ്ച് ഓഫീസര്‍ അബ്ജു കെ.അരുണ്‍ പറഞ്ഞു.
Content Highlights: Stay safe on Munnar-Marayoor roads! New digital boards at check posts warn of elephants, mist & more for a secure journey. Kerala Forest Dept initiative.