അമേരിക്കയില്‍ മാത്രമല്ല ടിക് ടോക്കിനെ മൊത്തത്തില്‍ വാങ്ങിയേക്കും മൈക്രോസോഫ്റ്റ്
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമോ എന്നതാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാങ്കേതിക വാണിജ്യ രംഗത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇതിന് ചൂടുപകര്ന്നുള്ള പുതിയ വാര്‍ത്തയാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ വന്നിരിക്കുന്നത്.
കേവലം ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ആഗോള തലത്തില്‍ ടിക് ടോക്കിനെ മുഴുവനായും ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വിറ്റില്ലെങ്കില്‍ നിരോധനം നേരിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ നിബന്ധന വന്നതിന് പിറകെയാണ് മൈക്രോസോഫ്റ്റ് ടിക് ടോക്കുമായി ചര്ച്ചനടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇക്കാര്യം പിന്നീട് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയെ കൂടാതെ കാനഡ, ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടിക് ടോക്കിന്റെ പ്രധാന വരുമാന സ്രോതസുകളായ ഇന്ത്യ, യൂറോപ്പ് എന്നിവ ഉള്‍പ്പടെയുള്ള വിപണികളും സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്തായാലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ടിക് ടോക്കിനെ വില്‍ക്കുന്നതിനായി സെപ്റ്റംബര്‍ 20 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാക്കാനായില്ലെങ്കില്‍ ടിക് ടോക്ക് അമേരിക്കയില്‍ പൂര്‍ണമായും നിരോധിക്കപ്പെടും.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തല്‍, ചൈനാവിരുദ്ധ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കല്‍, ദേശ സുരക്ഷ തുടങ്ങിയ ആരോപണങ്ങളാണ് അമേരിക്ക ടിക് ടോക്കിനെതിരെ ഉന്നയിക്കുന്നത്.
അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണകൂടം ടിക് ടോക്ക് ഉള്‍പ്പടെ 57 ചൈനീസ് ആപ്പുകളും ഈ ആപ്പുകളുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ആപ്പുകളും നിരോധിച്ചിരുന്നു.
മൈക്രോസോഫ്റ്റുമായുള്ള ഇടപാട് പൂര്‍ത്തിയായാല്‍ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് അത് വഴിയൊരുക്കും.
Content Highlights: Microsoft wants to buy TikTok’s global operations report suggests
Content Highlights: