ലൈംഗികതയ്ക്കായി എഐ ചാറ്റ്ബോട്ടുകള്‍! ആ പണിക്ക് ഞങ്ങളില്ലെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവി

ശൃംഗാരവും ലൈംഗികതയുമുള്ള സംഭാഷണങ്ങള്‍ നടത്തുന്ന എഐ ചാറ്റ്ബോട്ടുകള്‍ നിര്‍മിക്കാന്‍ തങ്ങള്ക്കുദ്ദേശമില്ലെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ്. കമ്പനിയുടെ എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാനാണ് 'സിമുലേറ്റഡ് ഇറോട്ടിക്ക' നല്കുന്ന എഐ സേവനങ്ങള്‍ തങ്ങള്‍ നിര്‍മിക്കില്ലെന്ന് വ്യക്തമാക്കിയത്. “അത് ഞങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനമേയല്ല” എന്ന് വ്യാഴാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന പാലേയ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു.
ചാറ്റ് ജിപിടിയിലെ എഐ പോണുമായി (Ai Porn) ബന്ധപ്പെട്ട് ഓപ്പണ്‍ എഐ മേധാവി നടത്തിയ പ്രഖ്യാപനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ ഈ പ്രതികരണം. ഇലോണ്‍ മസ്കിന്റെ എക്സ് എഐ ഉള്‍പ്പടെ വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഇറോട്ടിക് ഉള്ളടക്കങ്ങള്‍ (ലൈംഗികത നിറഞ്ഞ) നല്കാന് പദ്ധതിയുണ്ട്. ലൈംഗികത പ്രകടമാവുന്ന ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്പൈസി മോഡ് ഇതിനകം എക്സ്എഐ ചേര്‍ത്തിട്ടുണ്ട്.
ഇറോട്ടിക് ഉള്ളടക്കങ്ങള്‍ ഉള്ള എഐ ചാറ്റ്ബോട്ടുകള്‍ വികസിപ്പിക്കുന്നതില്‍ വലിയ അപകടസാധ്യതകളുണ്ടെന്ന് മുസ്തഫ സുലൈമാന്‍ പറയുന്നു. അവ എഐ അവതാറുകള്‍ സെക്സ്ബോട്ട്, ഇറോട്ടിക്ക ദിശയിലേക്ക് പോകുന്നത് ഇതിനകം തന്നെ കാണാം. അത് അപകടകരമാണ്, അത് ഒഴിവാക്കാന്‍ ബോധപൂര്‍വമുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
വിന്‍ഡോസിനും എഡ്ജിനും വേണ്ടിയുള്ള എഐ അസിസ്റ്റന്റായ കോ പൈലറ്റ് പോലുള്ള മനുഷ്യ കേന്ദ്രീകൃത എഐ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. എഐയുടെ പരിണാമത്തില്‍ ധാര്‍മിക മാനദണ്ഡങ്ങള്‍ക്കും സുരക്ഷാ പരിഗണനകള്ക്കുമാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യയ്ക്ക് പകരം നിങ്ങളുടെ വിലയേറിയ സമയം തിരികെ നല്കുന്ന സാങ്കേതികവിദ്യയാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. മനുഷ്യന്റെ തീരുമാനങ്ങള്‍ക്ക് പകരമാവുന്ന എഐയ്ക്ക് പകരം നിങ്ങളെ ശാക്തീകരിക്കുകയും നിങ്ങള്‍ക്ക് മികച്ച തീരുമാനങ്ങളെടുക്കാന്‍ സഹായകമാവുകയും നിങ്ങളുടെ സര്‍ഗാത്മത ഉണര്‍ത്തുകയും ബന്ധങ്ങളുടെ ആഴംകൂട്ടുകയും ചെയ്യുന്ന എഐ ആണ് ഞങ്ങള്‍ നിര്‍മിക്കുന്നത്.” -മുസ്തഫ സുലൈമാന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള കമ്പനി കൂടിയാണ് ഓപ്പൺ എഐ. എങ്കിലും അഡൾട്ട് എഐ ചാറ്റ്ബോട്ടുകളുടെ കാര്യത്തിൽ ഓപ്പൺ എഐയുടെ നിലപാടിന് വിരുദ്ധമാണ് മൈക്രോസോഫ്റ്റിന്റേത്. ചാറ്റ് ജിപിടിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്ന് തന്നെയാണ് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്റെ തീരുമാനം. അതേസമയം കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തന്റെ കമ്പനി ഈ ലോകത്തിന് 'സദാചാര പോലീസ്' അല്ലെന്ന് ഓള്ട്ട്മാന് പറഞ്ഞു. ഉചിതമായ അതിര്‍വരമ്പുകള്‍ നല്കി ഉപഭോക്താക്കള്‍ക്ക് ഉചിതമായത് തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ഓപ്പണ്‍ എഐയുടെ നിലപാട്.
Content Highlights: Microsoft AI Head Mustafa Suleyman states company will not develop AI chatbots that provide 'Simulated Erotica', taking a contrasting stance to OpenAI.