കോപൈലറ്റ് 'കോഡ് റെഡ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്, നിലനിൽപ്പിന് ഭീഷണി ആന്ത്രോപിക്കോ?

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. സത്യ നാദെല്ല | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. സത്യ നാദെല്ല | Photo - AP, AFP

എഐ (നിർമിതബുദ്ധി) കമ്പനികൾ ഉയർത്തുന്ന ഭീഷണിയിൽ ഉലഞ്ഞ് മൈക്രോസോഫ്റ്റും. എഐ ടൂളിന്റെ പ്രവർത്തനം സംബന്ധിച്ച അടിയന്തര പുനഃപരിശോധന ലക്ഷ്യമിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല കമ്പനിയിൽ 'കോപൈലറ്റ് കോഡ് റെഡ്' പ്രഖ്യാപിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കമ്പനിയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയരുന്ന സാഹചര്യത്തെയാണ് കോഡ് റെഡ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ചാറ്റ്ജിപിടിയുടെ വരവോടെ 2022 ഡിസംബറിൽ ഗൂഗിളും കോഡ് റെഡ് പ്രഖ്യാപനം നടത്തിയിരുന്നു. സമാനമായ നീക്കമാണ് ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.

മൈക്രോസോഫ്റ്റിന്റെ എഐ അസിസ്റ്റന്റായ കോപൈലറ്റിന്റെ പ്രകടനവും ഉപയോക്തൃ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ ശ്രമത്തിന് നാദെല്ല ഉടൻ തുടക്കം കുറിക്കും. ആന്ത്രോപിക് അടക്കമുള്ള എഐ കമ്പനികളിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരം മൈക്രോസോഫ്റ്റ് നേരിടേണ്ടി വരുന്നതിനാൽ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കലും മൈക്രോസോഫ്റ്റിന് നിർണായകമാണ്. 2022 ൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ കോഡ് റെഡ് പ്രഖ്യാപിച്ചശേഷം കമ്പനി എഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചാറ്റ്ജിപിടിയാണ് ഗൂഗിളിന്റെ കണ്ണുതുറപ്പിച്ചത്. പിന്നീട് വർഷങ്ങൾക്കുശേഷം കാര്യക്ഷമമായ ജെമിനി 3 ഗൂഗിൾ അവതരിപ്പിച്ചതോടെ ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയക്കും കോഡ് റെഡ് പ്രഖ്യാപിക്കേണ്ടിവന്നിരുന്നു.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് വിഭാഗമായ അസ്യൂർ നിർണായക വളർച്ചാ ഘട്ടത്തിലാണ്. കഴിഞ്ഞ പാദത്തിൽ പുതിയ ക്ലൗഡ് ശേഷിയുടെ ഏകദേശം 30 ശതമാനവും കോപൈലറ്റിനും എഐ മോഡലുകളുടെ വികസനത്തിനും മൈക്രോസോഫ്റ്റ് അനുവദിച്ചിരുന്നു. ഈ നീക്കം ഓപ്പൺഎഐ പോലുള്ള എതിരാളികളുമായുള്ള മത്സരത്തിൽ മുന്നേറാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. കോപൈലറ്റ് മെച്ചപ്പെടുത്തലും അസ്യൂറിലെ മുന്നേറ്റവും മൈക്രോസോഫ്റ്റിനെ മുൻനിരയിലേക്ക് തിരികെ എത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Satya Nadella initiates a 'Copilot code red' to improve AI user experience and performance., Azure remains a primary growth driver despite heavy internal capacity allocation., Microsoft aims to balance high capital expenditure with free cash flow and AI monetization., Technical indicators show Microsoft stock facing resistance at $413 amid AI competitive pressures.