68 മാസത്തെ ശമ്പളം ബോണസ്; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ചിപ്പ് കമ്പനി; നീക്കത്തിന് പിന്നിലെന്ത്?

എഐ ഡേറ്റാ സെന്ററുകളുടെ വ്യാപനം പലതരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ജലക്ഷാമത്തിനും വൈദ്യുതി ക്ഷാമത്തിനുമുള്ള സാധ്യതകളാണ് അതിൽ പ്രധാനം. മറ്റൊന്നാണ് ഇന്ന് ലോകമെമ്പാടും നേരിടുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം. ഡേറ്റാ സെന്ററുകൾക്കായി നിർമാതാക്കൾ വൻതോതിൽ ചിപ്പ് നിർമാണം തുടങ്ങിയതോടെ മൊബൈൽ ഫോൺ കമ്പനികൾക്കും ഗൃഹോപകരണ നിർമാതാക്കൾക്കുമടക്കം ചിപ്പ് ക്ഷാമം നേരിട്ടുതുടങ്ങി.
മെമ്മറി ചിപ്പുകളുടെ ഡിമാൻഡ് വൻതോതിൽ കുതിച്ചുയർന്നതോടെ അവയുടെ നിർമാണം തടസപ്പെടാതിരിക്കാൻ ജീവനക്കാർക്ക് ഞെട്ടിക്കുന്ന ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസിലെ ചിപ്പ് നിർമാതാക്കളായ മൈക്രോൺ ടെക്‌നോളജി. തങ്ങളുടെ തായ്വാനിലെ ജീവനക്കാർക്ക് 2026 സാമ്പത്തിക വർഷത്തേക്ക് 35 മുതൽ 68 മാസം വരെയുള്ള ശമ്പളത്തിന് തുല്യമായ ബോണസ് നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആ ബോണസ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ചതാണെന്നും ജീവനക്കാർക്ക് 2026 സാമ്പത്തിക വർഷം ഇതിന്റെ നേട്ടമുണ്ടാകുമെന്നും മൈക്രോൺ പറയുന്നു.
2025 ഓഗസ്റ്റ് 29-ന് മുമ്പ് ചേർന്ന തായ്‌വാനിലെ ജീവനക്കാർക്ക് 2026 സാമ്പത്തിക വർഷത്തേക്ക് 10 ലക്ഷം തായ്‌വാൻ ഡോളറിന്റെ (ഏകദേശം 30 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ക്യാഷ് ബോണസ് ലഭിക്കും. ഓരോ ജീവനക്കാരനും വാർഷിക ഇക്വിറ്റി ഗ്രാന്റും ലഭിക്കും. ഇവയെല്ലാമടക്കം കുറഞ്ഞത് 17 ലക്ഷം തായ്‌വാൻ ഡോളർ (ഏകദേശം 51 ലക്ഷത്തിലധികം ഇന്ത്യൻ രൂപ)യുടെ ആനുകൂല്യം അർഹതയുള്ള ഒരു ജീവനക്കാരന് ലഭിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
നീക്കത്തിന് പിന്നിലെന്ത്?
ഒരു വിഭാഗം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പണിമുടക്കിന് ആഹ്വാനംചെയ്ത പശ്ചാത്തലത്തിലാണ് കമ്പനിയുടെ അടിയന്തര ബോണസ് പ്രഖ്യാപനം. ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ ഹബ്ബുകളിൽ ഒന്നാണ് തായ്‌വാൻ. ഇവിടെ 1.6 ട്രില്യൺ തായ്‌വാൻ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. തങ്ങളുടെ കൊറിയൻ എതിരാളിയായ സാംസങ് ഇലക്ട്രോണിക്‌സ് മെയ് മാസത്തിൽ അഭിമുഖീകരിച്ചതുപോലുള്ള ഒരു പ്രതിസന്ധി ഒഴിവാക്കാനാണ് യുഎസ് മെമ്മറി നിർമാതാക്കൾ അടിയന്തര നീക്കം നടത്തുന്നത്. ദിവസങ്ങൾ നീണ്ട പണിമുടക്കാണ് സാംസങ്ങിന് അന്ന് നേരിടേണ്ടിവന്നത്.
ഇതേത്തുടർന്ന് പണിമുടക്ക് താത്കാലികമായി ഒഴിവായിട്ടുണ്ട്. എന്നാൽ കമ്പനിയുടെ റിവാർഡ് സിസ്റ്റത്തിൽ മാറ്റം വരുത്തണമെന്നാണ് യൂണിയൻ ആവശ്യമുന്നയിക്കുന്നത്. കമ്പനി ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ, യൂണിയൻ പണിമുടക്കിലേക്ക് നീങ്ങുമെന്നും അവർ പറയുന്നു.
8.54 ബില്യൺ (854 കോടി) ഡോളറായിരുന്നു 2025 സാമ്പത്തിക വർഷത്തെ മൈക്രോണിന്റെ വരുമാനം.
Content Highlights: Micron announced record fiscal 2026 bonuses of 35 to 68 months of pay for Taiwan employees., Minimum cash compensation is set at T$1.7 million ($53,809.39)., The announcement comes amidst an ongoing labor union dispute and strike threat in Taiwan., Union demands include a rewards system allocating 15% of operating profit to employee bonuses.