'പരിസ്ഥിതി സംരക്ഷണം AI അനുവദിക്കാനിടയില്ല’; RE100-ൽനിന്ന് മെറ്റ പിന്മാറി, ഗൂഗിളടക്കം തുടരും

പുനരുപയോഗ ഊർജ സ്രോതസുകളിലേക്ക് പൂർണമായും ചുവടുമാറുമെന്ന പ്രതിജ്ഞ നിറവേറ്റാനാകാതെ മെറ്റ. വൈദ്യുതിക്കുവേണ്ടി പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകളെ മാത്രം ആശ്രയിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ആഗോള കോർപ്പറേറ്റ് സംരംഭമായ RE100-ൽനിന്ന് മെറ്റ പിന്മാറി. പ്രകൃതിവാതകം ഉപയോഗിക്കുന്ന പവർ പ്ലാന്റുകളിൽ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ പിന്മാറ്റം.
പുനരുപയോഗ ഊർജ സ്രോതസുകളിലേക്കുള്ള മാറ്റം സംബന്ധിച്ച് 2020-ൽ മെറ്റ എടുത്ത പ്രതിജ്ഞയാണ് ഈ തീരുമാനത്തിലൂടെ റദ്ദായിരിക്കുന്നത്. മെറ്റ RE100-ൽനിന്ന് പിന്മാറിയതായി റീചാർജ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ സംരംഭത്തിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാൻ ടെക് ഭീമന് ഇനി കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 ൽ ഫേസ്ബുക്കിന്റെ മാതൃകമ്പനി എന്ന നിലയിലാണ് മെറ്റ RE100-ന്റെ ഭാഗമായത്. 2020-ഓടെ പൂർണമായും പുനരുപയോഗ ഊർജ്ജ സ്രോതസുകളിലേക്ക് മാറുമെന്ന് അവർ പ്രതിജ്ഞയെടുത്തിരുന്നു. ആദ്യ ലക്ഷ്യങ്ങൾ കൈവരിച്ചതായി 2021-ൽ ടെക് ഭീമൻ അവകാശപ്പെട്ടിരുന്നു. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ ഗ്രൂപ്പിന്റെ ഭാഗമാണ്.
വലിയ തോതിൽ ഊർജം ആവശ്യമുള്ള ഡേറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള എഐ (നിർമിതബുദ്ധി) അടിസ്ഥാന സൗകര്യങ്ങൾ കമ്പനി വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് RE100-ൽ നിന്നുള്ള പിന്മാറ്റം. ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രതിജ്ഞ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് മെറ്റ കരുതുന്നുണ്ടാകാം. എഐ ഡേറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി നിരവധി ഗ്യാസ് ഇന്ധന പവർ പ്രോജക്റ്റുകൾക്ക് മെറ്റ അടുത്തിടെയായി പിന്തുണ നൽകിയിട്ടുണ്ട്.
എഐയ്ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിൽ ടെക്‌നോളജി കമ്പനികൾ നേരിടുന്ന വെല്ലുവിളി എടുത്തു കാണിക്കുന്നതാണ് മെറ്റയുടെ നീക്കമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എഐ സംവിധാനങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതി ആവശ്യമാണ്. അതേസമയം പുനരുപയോഗ ഊർജ സ്രോതസുകളെ ആശ്രയിക്കുമ്പോൾ ബാറ്ററികളോ ബാക്കപ്പ് സിസ്റ്റങ്ങളോ ആവശ്യമായി വരും. ഡാറ്റാ സെന്ററുകൾക്ക് കമ്പ്യൂട്ടിംഗ്, കൂളിംഗ്, ബാക്കപ്പ് സിസ്റ്റങ്ങൾ എന്നിവയ്ക്കായാണ് വലിയ അളവിൽ വൈദ്യുതി വേണ്ടിവരുന്നത്.
പുനരുപയോഗ ഊർജം ഉപയോഗിക്കുന്ന പദ്ധതികൾക്ക് സംഭരണവും ഗ്രിഡ് ശേഷിയും സംബന്ധിച്ച പരിമിതികൾ നേരിടേണ്ടി വരും. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ അത്തരം പരിമിതികൾക്കുള്ളിൽനിന്ന് പ്രവർത്തിച്ചാണ് അവരുടെ കാലാവസ്ഥാ പ്രതിജ്ഞയിൽ ഉറച്ചുനിൽക്കുന്നത്. എന്നാൽ ഗൂഗിളും മൈക്രോസോഫ്റ്റും ഫോസിൽ ഇന്ധന പ്രോജക്റ്റുകളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്. എന്നിരുന്നാലും അവ ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുന്നു. ശുദ്ധമായ വൈദ്യുതി ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി മൈക്രോസോഫ്റ്റ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അതേസമയം 100 മണിക്കൂർ വരെ വൈദ്യുതി നൽകാൻ ശേഷിയുള്ള ദീർഘകാല ബാറ്ററി സംഭരണ സംവിധാനങ്ങളെ ഗൂഗിൾ ആശ്രയിക്കുന്നു.
ഗ്യാസ് ഇന്ധന പ്ലാന്റുകൾ ആണവ നിലയങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വികസിപ്പിക്കാൻ കഴിയും. അവ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. എന്നിരുന്നാലും എഐ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ടെക്‌നോളജി കമ്പനികളെ മുൻകാല നിലപാടുകളിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നു എന്നത് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
Content Highlights: Meta officially withdrew from the RE100 initiative due to new gas-fired power investments., The move highlights the struggle between meeting AI infrastructure energy needs and maintaining renewable energy pledges., Meta previously claimed 100% renewable energy usage using RECs and PPAs., Unlike Meta, competitors like Google and Microsoft are exploring battery storage and hourly energy matching to maintain climate targets., The surge in AI-driven data center demand is forcing tech giants to reconsider traditional renewable energy strategies.