ഫെയ്സ്ബുക്ക് മെസഞ്ചറിലെ സമ്പൂര്‍ണ എന്‍ക്രിപ്ഷന്‍; വിമര്‍ശനവുമായി ബാലാവകാശ സംഘടനകള്‍

ഫെയ്സ്ബുക്കിലും മെസഞ്ചറിലും എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ആരംഭിക്കാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. കുട്ടികളുടെ സുരക്ഷ, അവകാശം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അഭിഭാഷകരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പിന് സമാനമായി ഫെയ്സ്ബുക്കിലും മെസഞ്ചറിലുമുള്ള ചാറ്റുകളെല്ലാം തന്നെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. ഫെയ്സ്ബുക്കില്‍ അപ്‌ഡേറ്റ് ഇതിനകം നിലവില്‍ വന്നുകഴിഞ്ഞു. മെസഞ്ചറില്‍ താമസിയാതെ എത്തും.
എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാന്‍ സാധിക്കുകയൂള്ളൂ. ഹാക്കര്‍മാരില്‍ നിന്നും, തട്ടിപ്പുകാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും എന്‍ക്രിപ്ഷന്‍ സംരക്ഷണം നല്‍കുമെന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്.
എന്നാല്‍ ലൈംഗികമായി ചൂഷണത്തിനിരയാവുകയും കടത്തപ്പെടുകയും ചെയ്യുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് എന്‍ക്രിപ്ഷന്‍ തടസമാവുമെന്നാണ് പ്രതിഷേധിക്കുന്നരുടെ വാദം.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രനിലേക്ക് (NCMEC) അയയ്ക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിയമപരമായി ബാധ്യസ്ഥരാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിന്നാണ് ആ തെളിവുകള്‍ ബന്ധപ്പെട്ട ആഭ്യന്തര, അന്തര്‍ദേശീയ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കൈമാറുക.
കുട്ടികളോടുള്ള ലൈംഗികാതിക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ എന്‍ക്രിപ്ഷന്‍ തടസമാവുന്നത് ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് എന്‍സിഎംഇസി വക്താവ് പറയുന്നു.
'പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും രക്ഷപ്പെടുത്തുന്നതിന് എന്‍ക്രിപ്ഷന്‍ തടസമാണ്. സംശയിക്കുന്നയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കും സ്വകാര്യ സന്ദേശങ്ങളിലേക്കും പ്രവേശനം നേടിയാല്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇരകളെ തിരിച്ചറിയാന്‍ കഴിയൂ.' ഇല്ലിനോയ്‌സിലെ യുഎസ് അറ്റോര്‍ണി അലി ബേണ്‍സ് പറഞ്ഞു. തെളിവുകള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിന് ഇത് വെല്ലുവിളിയാവുമെന്നും ഇത് നിയമപാലകരോടുള്ള വെല്ലുവിളിയാണെന്നും ബേണ്‍സ് പറഞ്ഞു.
അതേസമയം എന്‍ക്രിപ്ഷനിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യകതയും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് ചില മനുഷ്യാവകാശ സംഘടനകളുടെ നിലപാട്.
Content Highlights: Meta's decision to encrypt messages on Facebook messenger criticized