ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ പുതിയ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍

Photo: Meta
Photo: Meta

മെസഞ്ചര്‍ ആപ്പില്‍ പുതിയ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ. ചാറ്റ് തീമുകള്‍, ഗ്രൂപ്പ് പ്രൊഫൈല്‍ പിക്ചര്‍, ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള ബബിള്‍സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. 

2016-ലാണ് മെറ്റ ആദ്യമായി മെസഞ്ചറില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ചാറ്റുകളും കോളുകളും എന്റ് ടു എന്റ് എന്‍ക്രിപഷന്‍ ഇഷ്ടാനുസരണം ചെയ്യാന്‍ കമ്പനി അനുവദിച്ചിരുന്നു. 

പുതിയ ഫീച്ചറുകള്‍

കസ്റ്റം ചാറ്റ് ഇമോജികള്‍ - സ്‌നാപ് ചാറ്റിലേത് പോലെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്ത ചാറ്റ് ഇമോജികള്‍ പങ്കുവെക്കാന്‍ സാധിക്കും. 

ചാറ്റ് തീമുകള്‍ - ഇതിനകം മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഫീച്ചര്‍ ആണിത്. സ്റ്റാറ്റിക് കളര്‍ തീമുകളും ഗ്രേഡിയന്റ് കളര്‍ തീമുകളും ഇതില്‍ ലഭ്യമാണ്. 

ഗ്രൂപ്പ് പ്രൊഫൈല്‍ ഫോട്ടോ - മെസഞ്ചര്‍ ഗ്രൂപ്പുകള്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ വെക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്. 

ലിങ്ക് പ്രിവ്യൂ - പേര് പോലെ തന്നെ വിവിധ വെബ്‌സൈറ്റ് ലിങ്കുകള്‍ മെസഞ്ചര്‍ വഴി അയക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ പ്രിവ്യൂ കാണുന്ന സൗകര്യമാണിത്. 

ബബ്ബിള്‍സ് ഓണ്‍ ആന്‍ഡ്രോയിഡ് - മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്ത് തന്നെ ആപ്പുകള്‍ക്ക് മുകളില്‍ മെസഞ്ചര്‍ ചാറ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണിത്. 

വരുന്ന മാസങ്ങളില്‍ പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ മെസഞ്ചര്‍ ആപ്പില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.

Content Highlights: Meta announced features for end-to-end encryption on Messenger