ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് മനുഷ്യരല്ല, 'എഐ' കളി തുടങ്ങിയോ?– മെറ്റയ്ക്കെതിരെ പരാതി

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

സാൻ ഫ്രാൻസിസ്കോ: പിരിച്ചുവിടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാൻ എ.ഐ. അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ച് ടെക് കമ്പനിയായ മെറ്റയ്ക്കെതിരേ 26 ജീവനക്കാർ പരാതി നൽകി. തിങ്കളാഴ്ച കാലിഫോർണിയയിലെ ഓക്‌ലൻഡിലെ ഫെഡറൽ കോടതിയിലാണ് ഹർജി നൽകിയത്. മെറ്റ മേയിൽ പ്രഖ്യാപിച്ച 8,000 പേരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടാണ് കേസ്.

എ.ഐ. ടൂളുകളും അൽഗൊരിതങ്ങളും ഉപയോഗിച്ച് പിരിച്ചുവിടൽ പട്ടിക തയ്യാറാക്കിയ മെറ്റ മെഡിക്കൽ, പ്രസവ, മാതാപിതൃ-കുടുംബപരിചരണ അവധിയിലായിരുന്നവരോട് വിവേചനം കാട്ടിയെന്ന് ജീവനക്കാർ ആരോപിച്ചു. ആരോപണം നിഷേധിച്ച മെറ്റ, ജീവനക്കാരെ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത് മനുഷ്യരാണ്; എ.ഐ. അല്ല എന്നു പറഞ്ഞു.

ഫാമിലി ആൻഡ് മെഡിക്കൽ ലീവ് നിയമം, അമേരിക്കൻസ് വിത്ത് ഡിെസബിലിറ്റീസ് നിയമം, പ്രെഗ്‌നൻസി ഡിസ്ക്രിമിനേഷൻ നിയമം തുടങ്ങിയവ മെറ്റ ലംഘിച്ചുവെന്നാണ് ജീവനക്കാരുടെ വാദം. ഹർജിക്കാരായ 26 പേരും നിലവിൽ കമ്പനിയിൽ തുടരുന്നുണ്ടെങ്കിലും പിരിച്ചുവിടൽ ജൂലായ് 22 മുതൽ പ്രാബല്യത്തിൽ വരും.

Content Highlights: A group of 26 employees has filed a federal lawsuit against Meta in California, alleging that the tech giant illegally used AI-driven tools and algorithms to target workers on medical, maternity, and family leave during its mass layoffs.