കുട്ടികളെ ചൂഷണം ചെയ്യൽ, ഡീപ്പ് ഫേക്ക്; ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് മെറ്റ,ചർച്ചകൾ തുടരുന്നു

#ടെക്നോളജി ഡെസ്ക്
Photo: Gettyimages
Photo: Gettyimages

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ, വ്യാജ അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ 'ഗുരുതരമായ പ്രശ്നങ്ങൾ' നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച് മെറ്റ. ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും തുടർന്ന ചർച്ചകളിലാണ് കമ്പനി ഇക്കാര്യം സമ്മതിച്ചത്. ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിന് തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നും മെറ്റ പറഞ്ഞു.

ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഒരു വീഡിയോ ഫേസ്ബുക്കിൽനിന്ന് താത്കാലികമായി നീക്കം ചെയ്തതിന് മെറ്റ മാപ്പപേക്ഷിച്ചിരുന്നു. മെറ്റയുടെ ആഗോള പ്രതിനിധി സംഘം ഇനിയും മൂന്നു മുതൽ നാലു ദിവസത്തേക്ക് കൂടി ഇന്ത്യയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുമായി കൂടുതൽ കൂടിക്കാഴ്ചകൾ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകളിൽ വാട്‌സാപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെടുമെന്ന് കരുതപ്പെടുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ എന്നിവ തടയുന്നതിന് മെറ്റ ഉപയോഗിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ, ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങൾ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ, അൽഗോരിതങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

യു.എസിലെ നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും സമൂഹത്തോടും നിയമത്തോടും ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ സമരങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽനിന്ന് താത്കാലികമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സർക്കാർ മെറ്റ പ്രതിനിധികളെ വിളിച്ചുവരുത്തിയത്. സംഭവത്തിൽ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയതായി മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കപ്ലാൻ പറഞ്ഞു. ഇത് കൂടാതെ സി.എസ്.എ.എം, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ, ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലുള്ള ആശങ്കകളും സർക്കാർ ചർച്ചാവിഷയമാക്കുകയായിരുന്നു.

Content Highlights: Meta has acknowledged severe issues regarding child sexual abuse material (CSAM) and deepfakes on its platforms during discussions with Indian government officials, following an apology for temporarily taking down a video shared by Prime Minister Narendra Modi.