കോഴിക്കോട്ടുകാരന്റെ 'ലിറ്റിൽ കേരള' വൈറൽ!; സ്വീകാര്യത നേടി ജിപിടി-6 ആസ്ട്രയിൽ നിർമിച്ച ഗെയിം

Photo: Screengrab
Photo: Screengrab

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് 'ലിറ്റിൽ കേരള' എന്ന ഓപ്പൺ വേൾഡ് ഗെയിമിങ് പ്ലാറ്റ്ഫോം. കാഴ്ചയിൽ മെറ്റാ ഹൊറൈസൺ വേൾഡിന് സമാനമെന്ന് തോന്നുന്ന ഒരു വെർച്വൽ വേൾഡ് ആണ് ഈ ഗെയിമിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ആളുകൾക്ക് ഒന്നിച്ചുകൂടാനും പരിചയപ്പെടാനും ചാറ്റ് ചെയ്യാനും വോയ്സ് ചാറ്റ് ചെയ്യാനുമെല്ലാം ഇത് അവസരമൊരുക്കുന്നു.

കോഴിക്കോട് മുക്കം സ്വദേശിയായ ദിൽബറാണ് ഈ പ്ലാറ്റ്ഫോമിന്റെ സ്രഷ്ടാവ്. ബെംഗളൂരുവിൽ ഡെലോയിറ്റിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഓപ്പൺ എഐയുടെ പുതിയ എഐ മോഡലായ ജിപിടി 6 ആസ്ട്ര ഉപയോഗിച്ചാണ് ദിൽബർ ഈ പ്ലാറ്റ്ഫോം പൂർണമായും നിർമിച്ചത്. 

ത്രിഡി ചിത്രങ്ങൾ നിർമിക്കാൻ ജിപിടി 6 ആസ്ട്രയ്ക്ക് മികച്ച കഴിവുണ്ടെന്ന വിധത്തിലുള്ള സോഷ്യൽ മീഡിയാ പോസ്റ്റ് കണ്ടാണ് ആസ്ട്രയുടെ കഴിവ് പരീക്ഷിക്കാൻ ദിൽബർ തീരുമാനിച്ചത്. ആദ്യം കോഴിക്കോട് നഗരത്തിന്റെ ഒരു ത്രിഡി മാപ്പുണ്ടാക്കി. ഇതിന്റെ വിഡിയോ ദിൽബർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പിന്നീട് ചെറിയൊരു ത്രിഡി മാപ്പ് നിർമിച്ച് ലിറ്റിൽ കേരള എന്ന ഓപ്പൺ വേൾഡ് ഗെയിം നിർമിക്കുകയും ഇതിന്റെ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഇതുകണ്ട് ഒരാൾ 1000 ഡോളർ തരാമെന്നും ഗെയിം പൂർണമായും നിർമിച്ച് പ്രസിദ്ധീകരിക്കണമെന്നും തമാശ രൂപേണ കമന്റ് ചെയ്തു. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് ദിൽബർ ലിറ്റിൽ കേരള എന്ന പ്ലാറ്റ്ഫോം പുറത്തിറക്കിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhilber AI (@dhilber_ai)

ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആളുകൾ കൂട്ടമായി പ്ലാറ്റ്ഫോമിലെത്തുകയും സെർവറിൽ തിരക്കേറുകയും ചെയ്തു. പിന്നീട് ദിൽബർ അത് അപ്ഗ്രേഡ് ചെയ്യുകയും കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സൗകര്യമൊരുക്കുകയും ചെയ്തു. ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ലിറ്റിൽ കേരളയിൽ എന്തെല്ലാം ചെയ്യാനുണ്ട്?
https://kerala.dhilber.com എന്ന ലിങ്കിൽ സന്ദർശിച്ചാൽ ലിറ്റിൽ കേരള ഓപ്പൺ വേൾഡിൽ കയറാം. തുടങ്ങുംമുന്പ് പേരും ജില്ലയും നൽകി ലോഗിൻ ചെയ്യണം. അതിൽ ഓരോ കാരക്ടറുകൾക്കൊപ്പവും പേരും അവരുടെ ജില്ലയും കാണാനാവും.

  • മറ്റുള്ളവരുമായി പരിചയപ്പെടാനും സംസാരിക്കാനും സാധിക്കും: കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ആളുകളുമായി ഒന്നിച്ചുകൂടാനും പരിചയപ്പെടാനും ടെക്സ്റ്റ് ചാറ്റിലൂടെയോ വോയ്സ് ചാറ്റിലൂടെയോ സംസാരിക്കാനും കഴിയും. മാപ്പിൽ ആളുകളുടെ അരികിലെത്തുമ്പോൾ കാണുന്ന പോപ്പ്-അപ്പ് ക്ലിക്ക് ചെയ്ത് ചാറ്റോ വോയ്സ് ചാറ്റോ ആരംഭിക്കാവുന്നതാണ്.

  • വാഹനങ്ങൾ ഓടിക്കാനും സഞ്ചരിക്കാനും കഴിയും: പ്ലാറ്റ്‌ഫോമിലെ മാപ്പിലുടനീളം നടക്കാനും കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിളുകൾ തുടങ്ങിയ വാഹനങ്ങൾ ഓടിക്കാനും സൗകര്യമുണ്ട്.

  • വസ്തുക്കൾ ശേഖരിക്കാം: പ്ലാറ്റ്‌ഫോമിൽ തേങ്ങ, പൂവ് തുടങ്ങിയവ ശേഖരിച്ച് തങ്ങൾ സജീവമാണെന്ന് കാണിക്കാൻ സാധിക്കും.

  • ലീഡർബോർഡുകൾ പരിശോധിക്കാം: ഏത് ജില്ലക്കാരാണ് ഏറ്റവും കൂടുതൽ സജീവമായിട്ടുള്ളതെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഉപയോക്താക്കൾ ആരെല്ലാമെന്നും വ്യക്തമാക്കുന്ന പട്ടികകൾ മാപ്പിൽ കാണാനാകും.

നിലവിൽ ക്ലബ്ബ് ഹൗസ് മാതൃകയിലാണ് ഇതിന്റെ പ്രവർത്തനം. കൗതുകത്തിന്റെ പേരിൽ തുടങ്ങിയ ഈ പ്ലാറ്റ്ഫോമിന്റെ സ്വീകാര്യതയിൽ അമ്പരന്നിരിക്കുകയാണ് ദിൽബർ. അഞ്ഞൂറോളം പേർ തത്സമയം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. തുടക്കത്തിന്റെ ആവേശത്തിലായിരിക്കാം ഈ സ്വീകാര്യതയെന്ന സംശയം ദിൽബറിനുണ്ടെങ്കിലും ഉപയോക്താക്കളുടെ അഭിപ്രായമനുസരിച്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി സജീവമാക്കി നിർത്താനും പ്ലാറ്റ്ഫോമിനെ വലുതാക്കാനുമുള്ള ശ്രമത്തിലാണ് ദിൽബർ.

പൂർണമായും നിർമിച്ചത് ജിപിടി 6 ആസ്ട്രയുടെ സഹായത്തോടെ

ലളിതമായ പ്രോംപ്റ്റുകളിലൂടെയാണ് ലിറ്റിൽ കേരളയിലെ ഓരോ ഫീച്ചറും നിർമിച്ചിരിക്കുന്നതെന്ന് ദിൽബർ പറഞ്ഞു. ആസ്ട്രയുടെ സഹായത്തോടെ അതിവേഗം അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയും. ഗെയിം ഡെവലപ്‌മെന്റിൽ മുൻപരിചയമില്ലാത്തവർക്കുപോലും ആവശ്യങ്ങൾ ഓരോന്നായി നൽകി എളുപ്പത്തിൽ ഗെയിമുകൾ നിർമിക്കാൻ സാധിക്കും. ഇന്റർനെറ്റിൽ ലഭ്യമായ പബ്ലിക് ചിത്രങ്ങളും ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഡാറ്റയും ഉപയോഗിച്ച് കെട്ടിടങ്ങളുടെ ഉയരവും റോഡുകളുടെ ദൂരവും കണക്കാക്കി ത്രിഡി മാപ്പുകൾ നിർമിക്കാൻ ആസ്ട്രയ്ക്ക് കഴിവുണ്ട്. ഈ കഴിവ് പരീക്ഷിച്ചാണ് ദിൽബർ ലിറ്റിൽ കേരള നിർമിക്കുന്നതിലെത്തിയത്. പുതിയ എഐ മോഡലുകൾ വലിയ രീതിയിൽ മെച്ചപ്പെട്ടതിനാൽ കാര്യങ്ങൾ എളുപ്പവുമാണെന്നും, ഇത് ആർക്കും ചെയ്യാൻ പറ്റുന്ന ഒരു സംഭവമായി മാറിയെന്നും അദ്ദേഹം പറയുന്നു. പത്തു മുതൽ നൂറുവരെ ആളുകൾ ഉപയോഗിക്കുന്ന ഇന്റേണൽ ഓപ്പറേഷണൽ ആപ്പുകൾ വളരെ എളുപ്പം ആസ്ട്രയുടെ സഹായത്തോടെ നിർമിക്കാമെന്നും എന്നാൽ വലിയ ആപ്പുകൾ നിർമിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമുണ്ടെന്നും ദിൽബർ കൂട്ടിച്ചേർത്തു.