'ക്ലിക്‌ഫിക്‌സ്' തട്ടിപ്പ് വ്യാപകമാകുന്നു; വ്യാജ ക്യാപ്ച പരിശോധനയിൽ ജാഗ്രത വേണമെന്ന് പോലീസ്

#Technology Desk
Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

തിരുവനന്തപുരം: വിവിധ വെബ്‌സൈറ്റുകളിലൂടെ ‘ക്ലിക്‌ഫിക്‌സ്’ എന്ന പേരിൽ പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ക്യാപ്ച (CAPTCHA) പരിശോധനയുടെ മറവിൽ ഉപയോക്താക്കളുടെ കംപ്യൂട്ടർ ഹാക്ക് ചെയ്ത് ബാങ്കിങ് വിവരങ്ങളും ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും കൈക്കലാക്കി പണം തട്ടാനാണ് സൈബർ കുറ്റവാളികളുടെ ശ്രമം.

ചില വെബ്‌സൈറ്റുകളിൽ യഥാർഥ ക്യാപ്ച പരിശോധന പൂർത്തിയാക്കിയശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മറ്റൊരു ഡയലോഗ് ബോക്‌സ് പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. അതിൽ കാണിക്കുന്ന നിർദേശങ്ങൾ പാലിച്ചാൽ സൈബർ കുറ്റവാളികൾക്ക് ഉപയോക്താവിന്റെ കംപ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനും സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. തുടർന്ന് ഓൺലൈൻ ബാങ്കിങ്, ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടുകൾ ലോക്ക് ചെയ്ത് അൺലോക്ക് ചെയ്യാൻ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.

ക്യാപ്ച പരിശോധനയുടെ ഭാഗമായി പവർഷെൽ (Power Shell) അല്ലെങ്കിൽ കമാൻഡ് പ്രോംപ്ട് (Command Prompt) കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകൾ വിശ്വസിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കംപ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻതന്നെ വൈ-ഫൈ അല്ലെങ്കിൽ ലാൻ കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റിൽനിന്ന് വേർപെടുത്തണം. സംശയാസ്പദമായ ഫയലുകൾ മറ്റ് ഉപകരണങ്ങളിലേക്ക് കൈമാറാതെ സമീപത്തെ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരിശോധിക്കണം.

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in പോർട്ടലിലോ പരാതി നൽകണമെന്നും പോലീസ് അറിയിച്ചു.

Content Highlights: Kerala Police has issued a warning regarding a new cyber fraud technique named 'ClickFix,' where scammers use fake CAPTCHA prompts to install malware on users' computers, steal online banking and social media credentials, and demand ransom to unlock accounts.