ഇന്ത്യയിലെ ആദ്യ 'ആനവണ്ടി' ഹാക്കത്തോണുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

#ടെക്നോളജി ഡെസ്ക്
Anavandi Hackathon
Anavandi Hackathon

കൊച്ചി: കെഎസ്ആർടിസിയുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായി ഓടുന്ന ബസ്സിൽ വെച്ച് ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. കെഎസ്ആർടിസിയുടെ ഓമനപ്പേരായ ആനവണ്ടി എന്ന് നാമകരണം ചെയ്തിട്ടുള്ള ദ്വിദിന ഹാക്കത്തോണിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് വൈകുന്നേരം നാലിന് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. ബസ്സിനെ ഒരു സഞ്ചരിക്കുന്ന ലബോറട്ടറിയാക്കി മാറ്റി കേരളത്തിലെ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.

ക്യാമ്പസിൽ വെച്ച് നൽകുന്ന പ്രശ്നങ്ങൾക്ക് കോഡിങ് ആരംഭിക്കുന്ന പതിനാറ് ടീമുകൾ 24 ന് രാവിലെ 7:30-ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ്സിലിരുന്ന് യാത്രക്കിടയിൽ തങ്ങളുടെ പ്രോജക്റ്റുകൾ പൂർത്തിയാക്കും. ഉച്ചയ്ക്ക് 12:15-ഓടെ മൂന്നാറിൽ എത്തുന്ന ബസ്സിലെ മത്സരം 1:30-ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം. സമുദ്രനിരപ്പിൽ നിന്നും 4,500 അടി ഉയരത്തിലുള്ള മൂന്നാറിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു. വിധികർത്താക്കൾ ബസ്സിലെ ഓരോ സീറ്റിലുമെത്തി വിദ്യാർത്ഥികളുടെ ജോലികൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ നൽകും. പൊതുഗതാഗതം, ജലവും തീരവും, പൊതുക്ഷേമം എന്നീ മൂന്ന് പ്രധാന മേഖലകളിലായി നൽകുന്ന എട്ട് യഥാർത്ഥ പ്രശ്നങ്ങൾക്കാണ് വിദ്യാർത്ഥികൾ പരിഹാരം കാണേണ്ടത്. നേരത്തെ തയ്യാറാക്കിയ പ്രോഗ്രാമുകൾ ഉപയോഗിക്കാൻ പാടില്ലെങ്കിലും ആവശ്യമാണെന്ന് മുൻകൂട്ടി അറിയിച്ചാൽ ഓപ്പൺ സോഴ്സ് ലൈബ്രറികളും എ.ഐ ടൂളുകളും ഉപയോഗിക്കാവുന്നതാണ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ കോഴ്സുകൾക്കോ പഠിക്കുന്ന രണ്ട് പേരടങ്ങുന്ന 16 ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയുമാണ് ക്യാഷ് പ്രൈസായി നൽകുക. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള യാത്രാച്ചെലവും ഭക്ഷണവും ഹാക്കത്തോൺ കിറ്റും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കും.

കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ ഇന്ത്യയിലാദ്യമായി ഇത്തരമൊരു ഹാക്കത്തോൺ സംഘടിപ്പിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

ഒരു കെ.എസ്.ആർ.ടി.സി ബസ്സിനെ സഞ്ചരിക്കുന്ന കോഡിങ് ലാബാക്കി മാറ്റുക വഴി, സാങ്കേതികവിദ്യയെ സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി കൂടുതൽ അടുപ്പിക്കുകയാണ് ജെയിൻ യൂണിവേഴ്സിറ്റി. നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തുകടന്ന് സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾക്ക് ഓടുന്ന ബസ്സിലിരുന്ന് പരിഹാരം കണ്ടെത്തുമ്പോൾ അത് നമ്മുടെ വിദ്യാഭ്യാസ-സാങ്കേതിക മേഖലകളിലെ പുതിയൊരു അധ്യായമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാക്കത്തോണിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 20-നകം www.aanavandihackathon.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

Content Highlights: Kochi Jain University, in collaboration with KSRTC, is hosting India's first-ever moving bus hackathon named 'Aanavandi', where 16 student teams will develop real-world tech solutions aboard a bus journeying from Kochi to Munnar for a total prize pool of ₹1 lakh.