റിലയന്‍സിന്റെ 100 ജിബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് എങ്ങനെ ഉപയോഗിക്കാം? ശ്രദ്ധിക്കേണ്ടത്!

Jio-Cloud | Photo: GooglePlay
Jio-Cloud | Photo: GooglePlay

റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചത്. അതായത് ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 100 ജിബി ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കാനാവും. ഒപ്പം ജിയോ ക്ലൗഡ് ആപ്പിലൂടെ ഒരു കൂട്ടം എഐ ഫീച്ചറുകളും ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വെബ്ബിലും ഈ സൗകര്യം ഉപയോഗുപ്പെടുത്താനാവും. 

നേരത്തെ അഞ്ച് ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്തിരുന്ന ജിയോ ക്ലൗഡില്‍ ഇതുവഴി 100 ജിബി സ്‌റ്റോറേജ് അധിക തുകയില്ലാതെ ഉപയോഗിക്കാന്‍ ഉപഭോക്താവിന് സാധിക്കും. എന്നാല്‍ ഇത് വെല്‍ക്കം ഓഫര്‍ മാത്രമാണ്. അതായത് ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ജിയോ ഇതിന് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കിത്തുടങ്ങിയേക്കും. 

നിലവില്‍ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവ അരങ്ങുവാഴുന്ന വിപണിയിലേക്കാണ് ജിയോയുടെ ഈ കടന്നുവരവ്. ഒരു ഗൂഗിള്‍ അക്കൗണ്ട് തുടങ്ങുന്ന വ്യക്തിക്ക് 15 ജിബിയാണ് ഗൂഗിള്‍ സൗജന്യമായി നല്‍കുന്നത്. ആപ്പിള്‍ ആകട്ടെ 5 ജിബിയും. മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവിലും ഒരു അക്കൗണ്ടിന് 5 ജിബിയാണ് സൗജന്യ സ്റ്റോറേജ്.  

100 ജിബി ഗൂഗിള്‍ ഡ്രൈവ് സ്‌റ്റോറേജിന് പ്രതിമാസം 130 രൂപയാണ് നിരക്ക് ഒരു വര്‍ഷത്തേക്ക് 1300 രൂപയും. ആപ്പിള്‍ 200 ജിബി സ്റ്റോറേജിന് ഈടാക്കുന്നത് 219 രൂപയാണ്. 

ജിയോ ക്ലൗഡ് സ്‌റ്റോറേജ് എങ്ങനെ ഉപയോഗിക്കാം ?

ആദ്യം മൈ ജിയോ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തണം. ആപ്പില്‍ ഈ ഓഫര്‍ സംബന്ധിച്ച പോപ്പ് അപ്പ് സന്ദേശം നിങ്ങള്‍ക്ക് കാണാം. ഇനി അത് ഇല്ലെങ്കില്‍,  100 ജിബി ക്ലൗഡ് സ്റ്റോറേജ് എന്ന ബാനര്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ജിയോ ക്ലൗഡ് സ്‌റ്റോറേജില്‍ 100 ജിബി സ്‌റ്റോറേജ് ലഭിക്കും. ഇത് ഉപയോഗപ്പെടുത്താന്‍ ജിയോ ക്ലൗഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 

ജിയോ ക്ലൗഡ് ആപ്പില്‍ ഡിജി ലോക്കര്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ നല്‍കുന്ന രേഖകള്‍ സൂക്ഷിക്കാം. ഈ ക്ലൗഡ് സ്‌റ്റോറേജിലെ ഡാറ്റ മറ്റ് ഉപഭോക്താക്കളുമായി പങ്കുവെക്കാം. 

എഐ അധിഷ്ഠിത ഡോക്യുമെന്റ് സ്‌കാനര്‍, എഐ ബാക്ക്ഗ്രൗണ്ട് റിമൂവര്‍ ടൂള്‍ പോലുള്ള എഐ സൗകര്യങ്ങളും ലഭ്യമാണ്.

ഗൂഗിളും, മൈക്രോസോഫ്റ്റും, ആപ്പിളും ഉള്‍പ്പെടുന്ന വന്‍കിടക്കാരെ വെല്ലുവിളിച്ചുകൊണ്ടുള്ള സൗജന്യ ക്ലൗഡ് സ്റ്റോറേജ് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എങ്കിലും ഭാവിയില്‍ ജിയോ നിശ്ചയിക്കാനിരിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളെ ആശ്രയിച്ചിരിക്കും അതിന്റെ സ്വീകാര്യത. നിലവില്‍ നിരക്കുകള്‍ സംബന്ധിച്ച യാതൊരു സൂചനയും കമ്പനി നല്‍കിയിട്ടില്ല. 100 ജിബി ഡാറ്റ പൂര്‍ണമായി ഉപയോഗിച്ച് കഴിഞ്ഞാല്‍, പിന്നീട് വരുന്ന നിരക്കിനോട് യോജിക്കാനായില്ലെങ്കില്‍ ഈ ഡാറ്റ മുഴുവന്‍ മറ്റൊരു സ്‌റ്റോറേജിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് വലിയൊരു വെല്ലുവിളിയാവും.
 

Content Highlights: Get 100GB free Jio Cloud storage & AI features! Available on Android, iOS & web