'അപകടകരമായ Mythos-ന്റെ അതേ മികവ്'; AI മോഡലുകളുമായി ചൈനീസ്, ജാപ്പനീസ് കമ്പനികൾ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ടെക് ലോകത്ത് വലിയ ചർച്ചയായി ജപ്പാനിലെയും ചൈനയിലെയും രണ്ട് എഐ കമ്പനികൾ പുറത്തിറക്കിയ എഐ (നിർമിതബുദ്ധി) മോഡലുകൾ. സൈബർ സുരക്ഷാ കഴിവുകളുള്ളതാണ് ഇവരണ്ടും. യു.എസിലെ ട്രംപ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയ മിത്തോസ് 5, ഫേബിൾ 5 എന്നീ മോഡലുകളുടെ അതേ മികവുള്ളതാണ് ഇവയെന്ന അവകാശവാദമാണ് നിരീക്ഷകരുടെയടക്കം ശ്രദ്ധനേടിയത്.

രാജ്യസുരക്ഷയടക്കം മുൻനിർത്തിയാണ് എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ രണ്ട് മോഡലുകൾക്ക് യു.എസ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ഇതിൽ മിത്തോസ് 5-ന്റെ നിയന്ത്രണം പിന്നീട് ഭാഗികമായി നീക്കി. രണ്ടാഴ്ചയ്ക്കകം സമാനമായ കഴിവുള്ളതെന്ന അവകാശവാദവുമായി എഐ മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ് ചൈനയിലെയും ജപ്പാനിലെയും കമ്പനികൾ.

ജപ്പാനിലെ സക്കാനയുടെ 'ഫുഗു'

ജപ്പാനിലെ പ്രമുഖ എഐ സ്റ്റാർട്ടപ്പായ സക്കാന എഐ 'ഫുഗു' എന്ന പേരിലാണ് പുതിയ എഐ മോഡൽ പുറത്തിറക്കിയത്. blowfish (വയറ്റിൽ വെള്ളമോ, വായുവോ നിറച്ച് വലിപ്പംകൂട്ടി ഗോളാകൃതിയിലാകാൻ കഴിവുള്ള വിഷമുള്ള ഒരുതരം മത്സ്യം) എന്ന് അർഥം വരുന്നതാണ് ഫുഗു എന്ന ജാപ്പനീസ് വാക്ക്.

യു.എസ് ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് ആന്ത്രോപിക് അടുത്തിടെ പിൻവലിച്ച എഐ മോഡലുകൾക്കൊപ്പം നിൽക്കാൻ കഴിവുള്ളതാണ് ഫുഗു എന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളുടെ ബാധ്യതകൾ ഇല്ലാതെ ഉയർന്ന നിലവാരമുള്ള പ്രവർത്തനം ഇത് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി പറയുന്നത്.

2023-ൽ ഗൂഗിൾ മുൻ ഗവേഷകരായ റെൻ ഇറ്റോ, ലിയോൺ ജോൺസ്, ഡേവിഡ് ഹ എന്നിവർ സ്ഥാപിച്ച എഐ കമ്പനിയാണ് സക്കാന. കാര്യക്ഷമമായ ജനറേറ്റീവ് എഐ മോഡലുകൾ നിർമ്മിക്കുന്നതിൽ കമ്പനി ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. എഐ ഏജന്റുകൾക്കായി ഒരു 'ഓർക്കസ്‌ട്രേഷൻ മോഡൽ' ആയി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഫുഗു. പ്രോംപ്റ്റുകളോട് പ്രതികരിക്കുന്നതിന് പകരം ഫുഗുവിന് വിവിധ എഐ മോഡലുകളിൽ ഉടനീളം ടാസ്‌കുകൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും കഴിയും.

നിർമിതബുദ്ധിയുടെ രംഗത്ത് ചില കമ്പനികളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് സക്കാന സിഇഒ ചൂണ്ടിക്കാട്ടുന്നു. പല എഐ മോഡലുകളിലേക്കുമുള്ള പ്രവേശനം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായേക്കാം. ഒരു കമ്പനിയെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്... അധികാരം ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിന് എതിരെയുള്ള പ്രായോഗിക ബദലാണിതെന്നും സക്കാന സിഇഒ ഡേവിഡ് ഹ എക്‌സിൽ കുറിച്ചു.

ചൈനയുടെ എഐ മോഡലുകൾ

സൈബർ സുരക്ഷാ ഭീമനായ 360 രണ്ട് ശക്തമായ എഐ സുരക്ഷാ സംവിധാനങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ആന്ത്രോപിക്കിന്റെ മിത്തോസിനോട് നേർക്കുനേർ ഏറ്റുമുട്ടാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത തുലോങ്‌ഫെങ് ആണ് ഇതിലൊന്ന്. മറഞ്ഞിരിക്കുന്ന സോഫ്റ്റ്വെയർ സുരക്ഷാ പഴുതുകൾ സ്വയം സ്‌കാൻ ചെയ്യുകയും കണ്ടെത്തുകയും ചെയ്യുന്നതാണിത്.

അതിവേഗ സൈബർ പ്രതിരോധവും തത്സമയ പ്രതികരണവും ഓട്ടോമേറ്റ് ചെയ്യാൻ കഴിയുംവിധം രൂപകൽപ്പനചെയ്ത യെറ്റിയൻഷെൻ ആണ് രണ്ടാമത്തേത്. ചൈനീസ് ബദലുകളുടെ അതിവേഗ മുന്നേറ്റം എഐ രംഗത്തെ അമേരിക്കൻ ആധിപത്യത്തെ ബാധിച്ചേക്കാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മിത്തോസിന്റെ അപകടമെന്ത് ?

നിർമാതാക്കളായ ആന്ത്രോപിക് തന്നെയാണ് മിത്തോസിനെ അപകടകരമായ എഐ മോഡൽ എന്ന് വിശേഷിപ്പിക്കുന്നത്. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള അസാമാന്യ കഴിവാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കമ്പനി അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. പ്രോജക്ട് ഗ്ലാസ്‌വിങ് എന്ന പദ്ധതി പ്രകാരം തിരഞ്ഞെടുത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. പിന്നീട് കമ്പനി മിത്തോസ് ശ്രേണിയിൽപ്പെട്ടതെങ്കിലും കഴിവുകൾ പരിമിതപ്പെടുത്തിയ മിത്തോസ് 5, ഫേബിൾ 5 എഐ മോഡലുകൾ പുറത്തിറക്കി. എന്നാൽ ഇവരണ്ടും അമേരിക്കൻ പൗരന്മർ അല്ലാത്തവർക്ക് ലഭ്യമാകുന്നത് തടയണമെന്ന് ട്രംപ് ഭരണകൂടം നിർദേശിച്ചു. ഇതോടെ ഇവ രണ്ടും കമ്പനി പിൻവലിക്കുകയായിരുന്നു.

ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് ലോകമെമ്പാടും ബാങ്ക് മേധാവികൾ അടക്കമുള്ളവരുടെ ആശങ്ക വർധിപ്പിച്ചിരുന്നു. യു.എസ്, ഇന്ത്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

Content Highlights: Sakana AI launches 'Fugu' in Japan as a sovereign alternative to Anthropic., China's 360 introduces 'Tulongfeng' and 'Yitianzhen' for national cyber defense., US export controls have restricted access to Anthropic's 'Mythos' and 'Fable 5'., The global AI market faces shifts as regional models challenge American dominance., Anthropic reported a $47 billion run-rate revenue in May 2026 prior to restrictions.