വിക്ഷേപണ വാഹനങ്ങൾ ഇനി ISRO നിർമിക്കില്ല, വലിയമാറ്റം തുടങ്ങിക്കഴിഞ്ഞു, ഇനിയെന്ത്?

ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ എസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതി. വിക്ഷേപണ വാഹനങ്ങളും പതിവ് ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽനിന്ന് ഐഎസ്ആർഒ പൂർണമായും പിന്മാറും. ഈ പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറും. തുടർന്ന് ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആർഓയുടെ നീക്കം.
വലിയ മാറ്റത്തിന് തുടക്കം കുറിച്ചതായി ഇൻ-സ്പേസ് (Indian National Space Promotion and Authorisation Centre) ചെയർമാൻ ഡോ. പവൻ ഗോയങ്ക വെളിപ്പെടുത്തി. സ്വകാര്യ കമ്പനികൾക്ക് സ്വന്തം നിലയിൽ സാധ്യമല്ലാത്ത ഗവേഷണങ്ങൾ, നൂതന സാങ്കേതികവിദ്യ വികസിപ്പിക്കൽ, ശാസ്ത്രീയ ദൗത്യങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ ഇനി ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ് ടുഡെയുടെ ഇന്ത്യ @ 100 ഇക്കോണമി ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വകാര്യമേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോആയിരിക്കും ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കുകയെന്ന് ഗോയങ്ക കൂട്ടിച്ചേർത്തു. ഈ നീക്കം തുടങ്ങിക്കഴിഞ്ഞു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുപയോഗിക്കുന്ന എസ്.എസ്.എൽ.വി (SSLV)യുടെ സാങ്കേതികവിദ്യയും ഉത്പാദനാവകാശവും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) കൈമാറിയിട്ടുണ്ട്.
അടുത്ത ഘട്ടം ഇതിലും പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റുകളായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) എന്നിവയും സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണെന്ന് ഗോയങ്ക പറയുന്നു. എസ്.എസ്.എൽ.വിയിൽ നിന്ന് വ്യത്യസ്തമായി അടുത്ത ഘട്ടത്തിൽ പൊതുമേഖലാ കമ്പനികളെ പങ്കെടുപ്പിക്കില്ല. സ്വകാര്യ മേഖലയ്ക്കാവും പൂർണമായ പങ്കാളിത്തം.
റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാതാവ് എന്ന പദവിയിൽനിന്ന് മാറി ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ (R&D) ഇനി ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിലടക്കം ഐഎസ്ആർഓ മുഴുകും. സാങ്കേതികവിദ്യകൾ പൂർണതോതിൽ വികസിക്കുമ്പോൾ അവ സ്വകാര്യ കമ്പനികൾക്ക് കൈമാറും. ഇതിനകം തന്നെ ഐഎസ്ആർഒയുടെ 120 സാങ്കേതിക മുന്നേറ്റങ്ങൾ ഇത്തരത്തിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഗോയങ്ക പറഞ്ഞു. പ്രതിരോധ വകുപ്പ് ഇതിനകം തന്നെ സ്വകാര്യ കമ്പനികൾക്ക് 31 ഉപഗ്രഹങ്ങൾക്കായുള്ള ഓർഡർ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഐഎസ്ആർഒ 21 ഉപഗ്രഹങ്ങൾ കൂടി നിർമ്മിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ISRO is gradually stopping the manufacturing of launch vehicles and routine satellites., Production rights for SSLV have already been transferred, with PSLV and LVM3 privatization next., Operations of a new launch centre are set to be handed over to private industry., India aims to expand its space economy from $8 billion to $44 billion by 2033.