ഗഗൻയാൻ ദൗത്യം: മൊഡ്യൂളുകളുടെ സെപ്പറേഷൻ പരീക്ഷണം വിജയം

#ടെക്നോളജി ഡെസ്ക്
ഗഗൻയാൻ ദൗത്യം: മൊഡ്യൂളുകളുടെ സെപ്പറേഷൻ പരീക്ഷണം | Photo: ISRO
ഗഗൻയാൻ ദൗത്യം: മൊഡ്യൂളുകളുടെ സെപ്പറേഷൻ പരീക്ഷണം | Photo: ISRO

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനുമുന്നോടിയായുള്ള ഒരു നിർണായക പരീക്ഷണംകൂടി വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും തമ്മിൽ വേർപിരിയുന്നതിന്റെ പരീക്ഷണമാണ് നടത്തിയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലായിരുന്നു പരീക്ഷണം.

ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും ചേർന്നതാണ് ഗഗൻയാന്റെ ഓർബിറ്റൽ മൊഡ്യൂൾ. ഇവ തമ്മിൽ ഒരു വേർപിരിയൽ സംവിധാനം (സെപ്പറേഷൻ സിസ്റ്റം) വഴി ബന്ധിപ്പിച്ചിരിക്കും. ഇവ തമ്മിൽ വൈദ്യുത, ദ്രാവക കൈമാറ്റങ്ങൾ നടക്കും. വിക്ഷേപണം മുതൽ ഭ്രമണപഥത്തിലെ ദൗത്യഘട്ടം പൂർത്തിയാക്കുന്നതുവരെ ഇവ ഒരൊറ്റ ഘടകമായി പ്രവർത്തിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ക്രൂ മൊഡ്യൂൾ സർവീസ് മൊഡ്യൂളിൽനിന്ന് വേർപിരിയും. പൈറോ ടെക്നിക് ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച്, കൃത്യമായ ക്രമത്തിലുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ വേർപിരിയൽ പ്രക്രിയ നടത്തുന്നത്.

സെപ്പറേഷൻ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. ക്രൂ മൊഡ്യൂളിനെയും സർവീസ് മൊഡ്യൂളിനെയും ബന്ധിപ്പിക്കുന്ന കണക്ഷനുകൾ വിച്ഛേദിക്കുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരീക്ഷണം. മൊഡ്യൂളുകളുടെ സെപ്പറേഷൻ സംവിധാനത്തിന്റെ രൂപകൽപ്പന ശരിയാണെന്ന് പരീക്ഷണം തെളിയിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ക്രൂ മൊഡ്യൂളിന്റെ നിർണായകമായ ഉപസംവിധാനങ്ങളുടെ കരുത്തും അവയ്ക്ക് ആഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷിയുമുണ്ടെന്നും തെളിയിച്ചു.

ഈ വർഷം മനുഷ്യരില്ലാത്ത ആദ്യ ഗഗൻയാൻ ദൗത്യം വിക്ഷേപിക്കാനിരിക്കുമ്പോൾ നേടിയ പരീക്ഷണവിജയം ആത്മവിശ്വാസം നൽകുന്നതാണെന്ന് ഐ.എസ്.ആർ.ഒ. പറഞ്ഞു.

Content Highlights: ISRO successfully conducted a crucial separation test between the crew and service modules at the Vikram Sarabhai Space Centre in Thiruvananthapuram, boosting confidence ahead of the upcoming unmanned Gaganyaan mission.