പാസ് വേഡുകളെ നിസാരമായിക്കാണുന്നു; രണ്ടാം വർഷവും ഇന്ത്യക്കാരുടെ ഇഷ്ട പാസ്‌വേഡ് 123456

മുംബൈ: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാസ്‌വേഡായി 123456. പാസ്‌വേഡുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയായ നോഡ് പാസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 44 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ തലമുറയിൽപ്പെട്ട ആളുകളും ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ രീതിയിലായിരുന്നു ഇത്തവണ കമ്പനി കൂടുതൽ ശ്രദ്ധ നൽകിയത്.
ഇന്ത്യക്കാർ ദുർബലമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്ന രീതി തുടരുകയാണെന്ന് നോഡ് പാസ് പറയുന്നു. വേഗം ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡ് പാറ്റേണുകളാണ് ഇവയിലധികവും. 123456 എന്ന പാസ്‌വേഡ് കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്നത് പാസ്@123, അഡ്മിൻ, 12345678, 12345, 123456789 എന്നിവയാണ്. ഇതിൽത്തന്നെ @ ചിഹ്നമോ ആദ്യ അക്ഷരം വലിയക്ഷരമാക്കിയോ ഉപയോഗിക്കുന്ന രീതിയും പതിവാണ്. ഇതെല്ലാം വേഗം ഊഹിച്ചെടുക്കാവുന്നവയാണെന്ന് നോഡ് പാസ് പറയുന്നു.
ചിഹ്നങ്ങൾ ഇടയിൽ ഉപയോഗിച്ച് പാസ്‌വേഡ് ശക്തമാക്കാൻ ഇന്ത്യക്കാർ ശ്രമിക്കുന്നുണ്ട്. എങ്കിലും ഇവരുപയോഗിക്കുന്ന പാറ്റേണുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കാനാകുമെന്നതാണ് മറ്റൊരു നിരീക്ഷണം. പേരുൾപ്പെടെ വ്യക്തിഗത വിവരങ്ങൾ പാസ് വേഡുകളിൽ കാര്യമായി ഉപയോഗിക്കുന്ന പ്രവണതയും കൂടുതലാണെന്ന് നോഡ് പാസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Content Highlights: Discover why 123456 remains India`s favorite password for the second year. Learn about common, weak password trends and how hackers exploit them.