അഗ്‌നി-5 മിസൈല്‍ പരീക്ഷണം വിജയകരം; ബെയ്ജിങ് വരെ എത്താനുള്ള ശേഷി

ന്യൂഡല്‍ഹി: അയ്യായിരം കിലോമീറ്റര്‍വരെ ദൂരപരിധിയില്‍ ആണവായുധപ്രഹരം നടത്താന്‍ ശേഷിയുള്ള അഗ്‌നി-5 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ ഏറ്റുമുട്ടിയതിനു പിന്നാലെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയം.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് വരെ എത്താന്‍ ശേഷിയുള്ളതാണ് 'അഗ്‌നി-5'. ഒഡിഷാതീരത്തുള്ള 'അബ്ദുല്‍ കലാം ഐലന്‍ഡില്‍'നിന്നാണ് വ്യാഴാഴ്ച മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം നേരത്തേ ആസൂത്രണം ചെയ്തതാണെന്നാണ് അധികൃതര്‍ പറയുന്നത്. മിസൈല്‍ പരീക്ഷിച്ചതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തേയുള്ളതിനെക്കാള്‍ കനംകുറച്ച് നിര്‍മിച്ച മിസൈലില്‍ പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണമാണ് വ്യാഴാഴ്ച നടന്നത്.
മിസൈലിന്റെ ദൂരപരിധി തെളിയിക്കാന്‍ പരീക്ഷണത്തിന് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി ആഴ്ചകള്‍ക്കുമുമ്പേ ഇന്ത്യ വ്യോമയാനമേഖലയ്ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. മിസൈല്‍ പോകുന്ന വ്യോമപാത മറ്റുള്ളവര്‍ ഒഴിവാക്കണമെന്ന നോട്ടീസാണിത്. അഗ്‌നി-5ന് 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതിനാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ഐ.സി.ബി.എം.) ആവശ്യം ഇന്ത്യക്ക് ഉടനില്ലെന്നാണ് വിലയിരുത്തല്‍. ഐ.സി.ബി.എമ്മിന്റെ ദൂരപരിധി തുടങ്ങുന്നത് 6000 കിലോമീറ്ററിലാണ്. അഗ്‌നി നാലിന് 4000 കിലോമീറ്ററും അഗ്‌നി മൂന്നിന് 3000 കിലോമീറ്ററും അഗ്‌നി രണ്ടിന് 2000 കിലോമീറ്ററുമാണ് ദൂരപരിധി.
Content Highlights: india Successfully Tested Agni V