ഇന്ത്യയുടെ നേട്ടങ്ങൾ എവിടെ? എഐ സമ്മിറ്റിൽ നാണക്കേടായി ചൈനീസ് റോബോട്ടുകൾ

#Technology Desk
Photo: Screen grab from Videos Shared on X
Photo: Screen grab from Videos Shared on X

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതായിരിക്കണം ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി. എന്നാൽ വിപ്രോ ഉൾപ്പെടെ വിവിധ ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകളിൽ പ്രദർശിപ്പിക്കപ്പെട്ട ചൈനീസ് റോബോട്ടുകൾ രാജ്യത്തിനാകമാനം നാണക്കേടായിരിക്കുകയാണ്. ഇന്ത്യൻ സാങ്കേതിക വിദ്യാ പ്രദർശനം നടക്കേണ്ടയിടത്ത് എന്തിനാണ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഈ ചൈനീസ് റോബോട്ടുകളുടെ കഴിവുകളെ വാഴ്ത്തുകയും വിശദീകരിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ആവർത്തിച്ച് ചോദിക്കുന്നത്.

ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളിലൊന്നായ വിപ്രോയുടെ പ്രതിനിധി എഐ ഉച്ചകോടിയിൽ ചൈനീസ് കമ്പനിയായ യുണിട്രീയുടെ ഗോ 2 റോബോട്ടിനെകുറിച്ച് ഒരു ചാനൽ റിപ്പോർട്ടർക്ക് വിശദീകരിച്ച് നൽകുന്ന വീഡിയോ അതിലൊന്നാണ്. യുണിട്രീയുടെ തന്നെ ജി1 എന്ന ഹ്യൂമനോയിഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

നോയിഡ ആസ്ഥാനമായ സ്വകാര്യ സർവകലാശാല ഗാൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപിക യൂണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുന്ന വീഡിയോയും ഈ രീതിയിൽ വ്യാപക വിമർശനത്തിന് ഇടയായി. സ്വന്തമായി വികസിപ്പിച്ചതെന്ന അവകാശവാദവുമായാണ് അധ്യാപിക ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നതെന്നാണ് ആരോപണം. സർവകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് അതെന്ന് വീഡിയോയിൽ അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പുറമെ ദക്ഷിണ കൊറിയൻ കമ്പനിയായ ഹെൽസെൽ ഗ്രൂപ്പിന്റെ സ്‌ട്രൈക്കർ വി3 എ ആർഎഫ് എന്ന ഡ്രോണും ഗാൽഗോട്ടിയാസ് സർവകലാശാല പ്രദർശിപ്പിക്കുകയും ഇത് സർവകലാശാല ക്യാമ്പസിൽ നിർമിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തതും വലിയ നാണക്കേടായിമാറി. സംഭവം വിവാദമായതോടെ ഉച്ചകോടിയിൽ നിന്ന് സർവകലാശാലയെ അധികൃതർ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ സ്‌കൂൾ ശാസ്ത്രമേളകളിലേതിന് സമാനമായ തെർമോകോളിൽ നിർമിച്ച ഡ്രോൺ പ്രദർശിപ്പിച്ചതും വ്യാപകമായ പരിഹാസങ്ങൾക്കിടയാക്കി.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിലും ഈ റോബോട്ടിക് നായ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ സാങ്കേതികവിദ്യാ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തേണ്ടയിടത്താണ് ചൈനീസ് കമ്പനികൾ വലിയ മുന്നേറ്റമുണ്ടാക്കിയ റോബോട്ടിക് സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താൻ ഇന്ത്യൻ സ്ഥാപനങ്ങൾ മത്സരിക്കുന്നതെന്നാണ് വിമർശനമുയരുന്നത്.

Content Highlights: India AI Summit Shocker: Why Were Chinese Robots Stealing the Limelight at Indian Tech Stalls?