5ജിയിൽ യൂറോപ്പിനെപ്പോലും ഞെട്ടിച്ച് ഇന്ത്യ! ടെലികോം രംഗത്ത് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവം

ഇന്ത്യയിലെ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കൊപ്പമെത്തിയെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച പറഞ്ഞു. യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കു തുല്യമായ 50 കോടി ആളുകളിലേക്ക് ഇന്ത്യയിൽ 5ജി ഇതിനകം എത്തിക്കഴിഞ്ഞുവെന്നും 2030-ഓടെ ഇന്ത്യയിൽ 100 കോടി ആളുകളിലേക്ക് 5ജി സാങ്കേതികവിദ്യ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് നിരക്കുകളിൽ 97 ശതമാനത്തിന്റെ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
6ജി സാങ്കേതികവിദ്യയിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്നും ഐ.ടി.യു., 3ജി.പി.പി. എന്നിവയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ചട്ടക്കൂടിൽ രാജ്യം പങ്കാളിയാകുന്നുണ്ടെന്നും സിന്ധ്യ പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യയുടെ ആദ്യത്തെ ടെലികോം മാനുഫാക്ചറിങ് സോൺ (TMZ) സ്ഥാപിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ ഫെസിലിറ്റി ഒരു ടെലികോം-ഡാറ്റാ സെന്റർ ആവാസവ്യവസ്ഥയ്ക്ക് രൂപം നൽകുമെന്ന് മന്ത്രി പറഞ്ഞു.
65 വർഷങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ ഭാവി മുൻകൂട്ടിക്കാണാനും അത് ഇന്ത്യയിൽ യാഥാർഥ്യമാക്കാനും കഴിവുള്ള ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്ന് സിന്ധ്യ പറഞ്ഞു.
ന്യൂഡൽഹിയിൽവെച്ച് 'ഭാരത് 6ജി അലയൻസിന്റെ' പുരോഗതിയും പ്രവർത്തനങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി. വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി, ടെലികോം സെക്രട്ടറി അമിത് അഗർവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്പെക്ട്രം, ഡിവൈസ് ടെക്നോളജി, ആപ്ലിക്കേഷനുകൾ തുടങ്ങി ഏഴ് പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ വഴിയാണ് ഭാരത് 6ജി അലയൻസ് പ്രവർത്തിക്കുന്നത്. അലയൻസിലെ അംഗങ്ങളായ സംഘടനകൾക്ക് 5ജി, 6ജി സാങ്കേതികവിദ്യകളിലായി 7,700-ലധികം പേറ്റന്റ് അപേക്ഷകളുണ്ട്. ഇതിൽ 4,400-ലധികം വിദേശ അപേക്ഷകളും ഉൾപ്പെടുന്നു.
Content Highlights: Union Minister Jyotiraditya Scindia announced that India’s 5G user base has reached 500 million—equaling Europe’s total population—while projecting 1 billion 5G users by 2030 and detailing India's push towards leading global 6G standards.